മൂന്നരക്കിലോമീറ്റർ ഉയരത്തിൽ പുകയും ചാരവും; ചെകുത്താന്റെ താഴ്‌വരയിൽ അഗ്നിപർവത സ്ഫോടനം!

മൂന്നരക്കിലോമീറ്റർ ഉയരത്തിൽ പുകയും ചാരവും തെറിപ്പിച്ച് ജപ്പാനിലെ അഗ്നിപർവതം. തെക്കൻ ജപ്പാനിലെ ദ്വീപായ ക്യൂഷുവിലുള്ള മൗണ്ട് അസോ അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചത്. പുകയ്ക്കൊപ്പം പാറക്കഷ്ണങ്ങളും തെറിച്ചു. വലിയ അളവിൽ ലാവയും പുറത്തേക്ക് ഒഴുകി. എന്നാൽ അധികൃതർ ദ്രുതഗതിയിൽ ഉണർന്നു പ്രവർത്തിച്ചതിനാൽ അപകടങ്ങളൊന്നുമുണ്ടായില്ല. സ്ഫോടനം സംഭവിച്ചതിനു പിന്നാലെ ജാപ്പനീസ് അധികൃതർ അപകടസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അഞ്ചിൽ മൂന്ന് തീവ്രതയാണ് ഇവർ നൽകിയത്. ലാവയുടെ പ്രവാഹകേന്ദ്രമായ പർവതത്തിന്റെ നകഡാകെ ഗർത്തത്തിൽ നിന്നു 1 കിലോമീറ്റർ ചുറ്റളവിൽ ശ്രദ്ധ പാലിക്കാനും ജെഎംഎ നിർദേശം നൽകി. ചാരം, ലാവയുടെ അംശം, വാതകങ്ങൾ എന്നിവ ചേർന്നുള്ള പൈറോക്ലാസ്റ്റിക് ഒഴുക്കും സംഭവിക്കാനിടയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
അഗ്നിപർവതത്തിനു സമീപമുള്ള നഗരത്തിനും അസോ എന്നാണു പേര്. ഇവിടെ കാൽലക്ഷത്തിലധികം പേർ താമസിക്കുന്നുണ്ട്. അസോ ഉൾപ്പെടെ സമീപനഗരങ്ങളിലെല്ലാം അഗ്നിപർവത സ്ഫോടനത്തിൽ നിന്നുള്ള പുക പൊഴിഞ്ഞുവീണേക്കാമെന്നാണ് കരുതപ്പെടുന്നത്.
അഗ്നിപർവത പ്രവർത്തനത്തിനു പേരുകേട്ട ജപ്പാനിൽ 110 സജീവ അഗ്നിപർവതങ്ങളാണുള്ളത്. ഇതിൽ 47 എണ്ണം അപകടസാധ്യത കൂടിയവയായതിനാൽ എപ്പോളും അധികാരികളുടെ നിരീക്ഷണത്തിലുള്ളവയാണ്. അടുത്ത കാലത്ത് ജപ്പാനിൽ സംഭവിച്ച ഏറ്റവും തീവ്രതയുള്ള അഗ്‌നിപർവത വിസ്ഫോടനം 2014ൽ ആയിരുന്നു. അന്നു പൊട്ടിത്തെറിച്ച ഒൻടാകെ അഗ്നിപർവതത്തിന്റെ രോഷത്തിൽ 90 പേരാണ് കൊല്ലപ്പെട്ടത്.

ജപ്പാനിലെ മലനിരകളിൽ പലതും ഉദ്ഭവിച്ചതുപോലും അഗ്‌നിപർവത പ്രവർത്തനങ്ങൾ മൂലമാണ്.സജീവമാകുമ്പോൾ ശക്തമായ വിസ്ഫോടനങ്ങൾക്കും ലാവാപ്രവാഹത്തിനും കാരണമായി ബുദ്ധിമുട്ടിക്കാറുണ്ടെങ്കിലും അല്ലാത്ത സമയത്ത് വലിയ രീതിയിലുള്ള ടൂറിസ്റ്റ് പണമാണ് ഈ പർവതങ്ങൾ ജപ്പാനു നേടിക്കൊടുക്കുന്നത്. ഈ പർവതങ്ങൾ നിൽക്കുന്ന സ്ഥലങ്ങൾ വിനോദസഞ്ചാരമേഖലകൾ ആയതിനാലാണിത്. ജാപ്പനീസ് ഭാഷയിൽ ചെകുത്താന്റെ താഴ്‌വര എന്നറിയപ്പെടുന്ന ജികോകുഡാനി താഴ്‌വരകൾ ജപ്പാനിലെ വിനോദസഞ്ചാരികൾ തേടുന്നയിടമാണ്.
ഉയരുന്ന നീരാവിപ്പുകകൾ, ചൂടുവെള്ളമൊഴുകുന്ന അരുവികൾ, അന്തരീക്ഷത്തിലെങ്ങും സൾഫറിന്റെ മണം ഇവയെല്ലാം ജികോകുഡാനികളുടെ പ്രത്യേകതകളാണ്. ജപ്പാനിലെ അഗ്നിപർവതങ്ങളിൽ മിക്കതും നിലനിൽക്കുന്നത് ഹൊക്കെയ്ഡോ, ടോഹോക്കോ, കാന്റോ, ചുബു എന്നീ മേഖലകളിലാണ്. മൗണ്ട് ഫുജിയാണ് ജപ്പാനിലെ ഏറ്റവും ഉയരമുള്ള അഗ്‌നിപർവതം. ഏറ്റവും പ്രശസ്തമായതും ഇതു തന്നെ.1707ൽ പൊട്ടിത്തെറിച്ച ശേഷം ഇതു പിന്നീട് സ്ഫോടനം നടത്തിയിട്ടില്ല.
കടപ്പാട് : മനോരമ
Comments
Post a Comment