ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!

പശ്ചിമഘട്ടത്തിൽ കഴിഞ്ഞ ദിവസം സർവേ നടത്തുകയായിരുന്നു ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഗവേഷകർ. അപ്പോഴാണ് അവരുടെ ശ്രദ്ധ ഒരു പുതിയ ഇനം പല്ലിയിൽ ചെന്നു പതിച്ചത്. ഗവേഷകർ പിടിക്കാൻ നോക്കിയപ്പോഴൊക്കെ പല്ലി പാറക്കെട്ടുകളിൽ നിന്നു പാറക്കെട്ടുകളിലേക്ക് ഒരു കരാട്ടെ അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാടിമറഞ്ഞു. പിടിക്കാനെത്തിയവർ ഇളിഭ്യരായി. വീണ്ടും പിടികൂടാൻ ശ്രമിക്കവെ ഇതു ചാടി ചെറിയ ദ്വാരങ്ങളിൽ ഒളിച്ച് പിടിയിൽ നിന്നു രക്ഷപ്പെട്ടു.
ചൈനീസ് സിനിമാതാരവും ആയോധനകലയിലെ അഗ്രഗണ്യനുമായ ജാക്കിച്ചാനെ അനുസ്മരിപ്പിക്കുന്ന സ്റ്റണ്ടുകൾ നടത്തുന്ന ഈ പല്ലിക്കുട്ടന് ജാക്കിച്ചാന്റെ പേരിൽ തന്നെ ഗവേഷകർ നാമകരണം നടത്തി. നെമാസ്പിസ് ജാക്കി എന്നു ശാസ്ത്രനാമവും ജാക്കീസ് ഡേ ഗെക്കോ എന്നു പൊതുനാമവും. ജാക്കി ഉൾപ്പെടെ 12 പുതിയ ഇനം മലമ്പല്ലികളെയാണ് ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നു കണ്ടെത്തിയത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ സൂവോളജിക്കൽ റിസർച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
ഇത്തരത്തിൽ ജനപ്രിയമായ പേരുകൾ പുതുതായി കണ്ടെത്തുന്ന ജന്തുവിഭാഗങ്ങൾക്കു നൽകുന്നത് അവയെക്കുറിച്ചുള്ള അവബോധം കൂട്ടുമെന്ന് സഹഗവേഷകായ ബെംഗളൂരു നാഷനൽ സെന്‌റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞൻ സീഷാൻ മിശ്ര പറയുന്നു. അറുപതിലധികം ജന്തുവിഭാഗങ്ങളെ കണ്ടെത്തിയിട്ടുള്ളയാളാണ് സീഷാൻ, ഇക്കൂട്ടത്തിൽ ലോകപ്രശസ്തമായ സലാസർസ് പിറ്റ് വൈപ്പർ എന്ന പാമ്പിനവും ഉൾപ്പെടും. ഹാരി പോട്ടർ പരമ്പരയിലെ സലാസർ സ്ലിതറീൻ എന്ന കഥാപാത്രത്തിൽ നിന്നാണ് ഈ പാമ്പിനു പേരുകിട്ടിയത്.
ഇത്തവണ കണ്ടെത്തിയ മറ്റൊരു പല്ലിയുടെ പേര് സ്വർണകിരീടം ചൂടിയ പല്ലി അല്ലെങ്കിൽ റോയൽ ഗെക്കോ എന്നാണ്. തലയുടെ ഭാഗം മാത്രം സ്വർണനിറമുള്ള, ആശ്ചര്യകരമായ രൂപമുള്ളതിനാലാണ് ഈ പേരു നൽകിയത്. ശരീരത്തിൽ നക്ഷത്രങ്ങളുടെ അടയാളങ്ങളുള്ള ഒരു പല്ലിയിനത്തിന് ഗാലക്‌സി ഡേ ഗെക്കോയെന്നും മേഘാവൃതമായ ആകാശം പോലെ ഉടലടയാളങ്ങളുള്ള ഒരു പല്ലിക്ക് ക്ലൗഡഡ് ഫോറസ്റ്റ് ഗെക്കോ എന്നും പേരു നൽകി. മറ്റൊരു പല്ലിക്ക് ഗെയിം ഓഫ് ത്രോൺസ് പരമ്പരയിലെ ബലേറിയോൻ എന്ന ഡ്രാഗണിന്റെ പേരാണ് നൽകിയത്. ആ ഡ്രാഗണെപ്പോലെ തന്നെ കറുത്ത വരകൾ ശരീരത്തിലുള്ളതാണ് ഈ പേരിന് ആധാരമായി മാറിയത്.
നെമാസ്പിസ് എന്ന ജീനസിലുൾപ്പെടുന്നവയാണ് എല്ലാ പല്ലികളുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവ ഡേ ഗെക്കോസ് എന്ന വിഭാഗത്തിൽ വരുന്നവയാണ്. പകൽ പുറത്തിറങ്ങി ഇരപിടിക്കുന്ന ഇവരുടെ കൃഷ്ണമണിക്ക് വൃത്താകൃതിയാണ്. പകൽവെളിച്ചവുമായി പൊരുത്തപ്പെടാനാണ് ഈ സവിശേഷത. രാത്രിയിൽ പുറത്തിറങ്ങുന്ന പല്ലികളുടെ കൃഷ്ണമണിക്ക് വീതികുറഞ്ഞ നീണ്ട ആകൃതിയാണ്.നെമാസ്പിസ് വിഭാഗത്തിലുള്ള പല്ലികൾ ഇന്ത്യ കൂടാതെ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ശ്രീലങ്ക തുടങ്ങിയിടങ്ങളിലും കണ്ടുവരുന്നു.
രാത്രിയിൽ ഇറങ്ങുന്ന പല്ലികളെ അപേക്ഷിച്ച് മരംകയറാനും മുകളിലോട്ട് കയറാനുമൊക്കെയുള്ള കഴിവ് ഡേ ഗെക്കോകൾക്ക് കുറവാണ്. ഗുഹകളിലും വനത്തിന്റെ ഉപരിതലഭാഗങ്ങളിലുമൊക്കെ ഇവ കൂടുതലായി കഴിയുന്നു. ഇക്കാരണത്താൽ തന്നെ ഇവയെ കണ്ടെത്തുക ശ്രമകരമായ കാര്യമാണ്. മൂന്നു മുതൽ 4 സെന്‌റിമീറ്റർ വരെയൊക്കെ നീളമേ ഇവയ്ക്ക് പരമാവധി വയ്ക്കുകയുള്ളെന്നും ശാസ്ത്രജ്ഞർ പറയുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കൻ ഭാഗങ്ങളിൽ 2009 മുതൽ ശാസ്ത്രജ്ഞർ പുതിയ ജീവിവർഗങ്ങൾക്കായി ഗവേഷണം നടത്തിവരികയാണ്. കൂടുതൽ ഈർപ്പമുള്ളതും ജന്തുവൈവിധ്യം നിലനിൽക്കുന്നതുമായ മേഖലയാണ് ഇത്. ഇവിടെ നിന്നു കിട്ടിയ പല്ലികളുടെ ഡിഎൻഎ പരിശോധനയും ആധുനിക സ്‌കാനിങ് പ്രക്രിയകളും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷകർ നിഗമനങ്ങളിൽ എത്തിച്ചേർന്നത്.
Comments
Post a Comment