യൂറിയ- നായകനോ വില്ലനോ? പ്രമോദ് മാധവൻ

ഓർഗാനിക്  എന്ന് സാങ്കേതികമായി പറഞ്ഞാൽ 'anything which contains Carbon 'എന്ന് പറയാം. കാർബണിന്റെ അവസ്ഥാന്തരങ്ങൾ അറിഞ്ഞവർ ആരും പറയും, അവൻ തനി രാവണൻ എന്ന്. 
കറുത്ത കരിക്കട്ടയും തിളങ്ങുന്ന വജ്രവും മറ്റാരുമല്ല. ഏത് രൂപത്തിലും വരാം.മാനായും മാരീചനായും.  കാർബോണിക് ആസിഡ്(H2CO3) ആയി കാർബൺ  നമ്മുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുമെങ്കിൽ പൊട്ടാസ്യം സയനൈഡിൽ  (KCN) അവൻ നമ്മെ കാലപുരിയ്ക്കയക്കും. അതാണ് റേഞ്ച്. 

 കാർബൺ അല്ല നമ്മുടെ പ്രതിപാദ്യ വിഷയം, യൂറിയ ആണ്. കാർബൺ അടങ്ങിയതെന്തും ഓർഗാനിക് ആകുമെങ്കിൽ യൂറിയയും ഓർഗാനിക് തന്നെ. കാരണം കക്ഷിയുടെ തന്മാത്ര നാമം NH2(CO)NH2എന്നാകുന്നു. കുതറി ഓടാൻ നിൽക്കുന്ന രണ്ട് അമോണിയ സഹോദരങ്ങളെ ചേർത്ത് പിടിച്ചിരിക്കുന്ന വടം പോലെ ആണ് യൂറിയയിൽ കാർബൺ. 

ഇനി അതല്ല,  ജൈവ ശരീരത്തിൽ നിന്നും ഉണ്ടാകുന്ന വസ്തുക്കളെ ആണ് ഓർഗാനിക് അഥവാ ജൈവം എന്ന് പറയുന്നതെങ്കിൽ യൂറിയയും ജൈവമാണ്. കാരണം നമ്മൾ എല്ലാവരും ദിവസവും മൂത്രത്തിലൂടെ 25 ഗ്രാമോളം യൂറിയ പുറത്ത് വിടുന്നവരാണ്. 

ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി. അത് ദാസപ്പേട്ടൻ.. ഇത് തങ്കപ്പേട്ടൻ... അപ്പോ ആരാ വേലപ്പേട്ടൻ എന്ന പോലെ.. . 

ഏത് അളവുകോൽ വച്ചു നോക്കിയാലും യൂറിയ ഓർഗാനിക് തന്നെ. എന്നാൽ ജൈവ കർഷകർക്ക് അവൻ എന്നും  തീണ്ടാപ്പാടകലെ നിർത്തേണ്ടവൻ.. !!
ചെടികളുടെ കായിക വളർച്ചയ്ക്ക് ഏറ്റവും ആവശ്യം വേണ്ട മൂലകമാണ് നൈട്രജൻ.  അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകവും   നൈട്രജൻ തന്നെ.  78%.പക്ഷെ അതിനെ പ്രയോജനപ്പെടുത്താൻ മുക്കാലേ മുണ്ടാണി ചെടികൾക്കും കഴിവില്ല. അതുള്ളതു പയർ  (Leguminosae)തറവാട്ടിൽ പിറന്ന പിള്ളകൾക്ക് മാത്രം. ശീമക്കൊന്ന (ഇവിടുത്തു കാരൻ അല്ല എന്ന് പേരിൽ തന്നെ ഉണ്ട്. ശീമേന്നു വന്നത് ), കണിക്കൊന്ന, സുബാബുൾ, ഡെയ്‌ഞ്ച, ചണമ്പ്, കിലുക്കി, വള്ളിപ്പയർ, കുറ്റിപയർ, ഉഴുന്ന്, ചെറു പയർ, മുതിര ഒക്കെ ഈ കുടുംബക്കാർ. അതുകൊണ്ടാണ് വർഷത്തിൽ ഒരു സീസണിൽ മണ്ണിനെ ബലപ്പെടുത്താൻ പയർ വർഗ വിളകൾ മണ്ണിൽ ചേർത്ത് കൊടുക്കാൻ പറയുന്നത്. അവരുടെ വേര് മുകുളങ്ങളിൽ വസിക്കുന്ന ബാക്ടീരിയകൾ അന്തരീക്ഷ നൈട്രജനെ മണ്ണിലേക്ക് ആവാഹിച്ചു പ്രതിഷ്ഠിക്കും. അപ്പോൾ മണ്ണ് നൈട്രജൻ സമ്പുഷ്ടമാകും. പക്ഷെ നമ്മൾ  വിള പരിക്രമത്തിലൂടെ പയർ കൃഷി ഒന്നും ചെയ്യാൻ തയ്യാറല്ല. ജൈവ വളത്തിനു വേണ്ടി പശുവിനെയും  ആടിനെയും  വളർത്തുകയുമില്ല.  പിന്നെ യൂറിയയെ കുറ്റം പറഞ്ഞിട്ട് എന്താകാനാ?

 എന്ത് കൊണ്ടാണ് ജൈവ കൃഷിയിൽ യൂറിയയ്ക്കു ഇത്ര  പതിത്വം? 

മൽസ്യങ്ങൾ തങ്ങളുടെ ശരീരത്തിലെ അഴുക്കുകൾ (metabolic waste )അമോണിയ രൂപത്തിലും, സസ്തനികൾ യൂറിയ രൂപത്തിലും, പക്ഷികൾ (കോഴികൾ അടക്കം )യൂറിക് ആസിഡ് രൂപത്തിലും പുറം തള്ളുന്നു. അവ നമ്മൾ വളമായി ഉപയോഗിക്കുന്നു. ഗോമൂത്രത്തിലും പച്ച ചാണകത്തിലും ഒക്കെ ഉള്ളത് അമോണിയ ആണ്.  തന്മാത്ര തലത്തിൽ അല്ലെങ്കിൽ അയോണിക് തലത്തിൽ ചെടികളുടെ വേരിനു ജൈവമെന്നോ അജൈവമെന്നോ വിവേചനം ഉണ്ടോ ഉത്തമാ? ... അറിയില്ല.. വിദഗ്ദ്ധർ പറയട്ടെ...

ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നൈട്രജൻ വളമത്രെ യൂറിയ. ഏതാണ്ട് 184 മില്യൺ ടൺ. നമ്മുടെ ഭക്ഷ്യ ധാന്യ ഉൽപ്പാദനത്തിന്റെ ചാലക ശക്തി. ഒരു കൊല്ലം  ഇന്ത്യയിൽ മാത്രം വേണം ഏതാണ്ട് 32മില്യൺ ടൺ യൂറിയ.  2019-20ൽ ഇന്ത്യ 11മില്യൺ ടൺ  യൂറിയ ആണ് ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്തത്. അതോടെ നിർത്തി. നമ്മുടെ പൈസ കൊണ്ട് അവൻ നമുക്കിട്ട് വേല വയ്ക്കുകയല്ലേ?  ഇനി ഇന്ത്യയെ അതിന് കിട്ടില്ല. 'ആത്മ നിർഭർ ഭാരത്' പദ്ധതിയിൽ പെടുത്തി അഞ്ച് യൂറിയ ഫാക്ടറികളാണ് നമ്മൾ  ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു.അത് പൂർത്തിയായാൽ ചൈനയ്ക്കു യൂറിയ നമ്മൾ കൊടുക്കും.  രാമഗുണ്ടം, ഗോരക്പുർ, സിന്ദ്രി, ബറൗണി, താൽച്ചർ എന്നിവിടങ്ങളിൽ ആണ് ഫാക്ടറികൾ തയ്യാറായി കൊണ്ടിരിക്കുന്നത്.  അതാണ് കളി. ആവശ്യം സൃഷ്ടിയുടെ മാതാവാണ്.

1773 ൽ ആണ് ഹിലയ്ൻ മറീൻ റൗൾ മനുഷ്യമൂത്രത്തിൽ നിന്നും യൂറിയ ആദ്യമായി  വേർതിരിച്ചെടുത്തത്.  മൂത്രത്തിന് നമ്മൾ യൂറിൻ എന്നാണല്ലോ ആംഗലേയത്തിൽ മൊഴിയാറ്. 1828വരെ  ശാസ്ത്രജ്ഞർ കരുതിയിരുന്നത് യൂറിയ ഒരു ജീവശരീരത്തിൽ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു.(Theory of Vitalism ) എന്നാൽ 1828 ൽ ഫ്രഡറിക് വോളർ ഈ മിത്ത് പൊളിച്ചു. അമോണിയം സയനൈഡ്‌ , കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ സംയോജിപ്പിച്ചു വോളർ കൃത്രിമമായി യൂറിയ ഉണ്ടാക്കി. 

അന്ന് തൊട്ടിന്നോളം ലോകത്തിന്റെ  ഭക്ഷ്യ സമൃദ്ധിയുടെ കാവലാൾ ആയി അദ്ദേഹം തുടരുന്നു. 

കൃഷിയിൽ മാത്രമല്ല യൂറിയയുടെ ഉപയോഗം. പ്ലൈവുഡ് വ്യവസായത്തിൽ പശ ഉണ്ടാക്കാൻ യൂറിയ വേണം. (കരിഞ്ചന്തയിൽ സബ്‌സിഡി യൂറിയ വളക്കടകൾ, പ്ലൈവുഡ് കമ്പനികൾക്ക് മറിച്ചു വിൽക്കാറുണ്ട് എന്ന് കരക്കമ്പി ). കാലിത്തീറ്റകളിൽ ഒരു ചെറിയ ശതമാനം യൂറിയ ചേർക്കാറുണ്ട്. പ്രോട്ടീൻ നിർമ്മാണത്തിന് നൈട്രജൻ അനിവാര്യം. അമിനോ അമ്ലങ്ങൾ ചേർന്നതാണല്ലോ പ്രോട്ടീൻ. പ്രോട്ടീൻ ഭക്ഷണം നമ്മൾ കൂടുതൽ കഴിച്ചാൽ മൂത്രത്തിൽ കൂടുതൽ യൂറിയ ഉണ്ടാകും. അതൊരു പാട് കൂടിയാൽ യുറീമിയ എന്ന അവസ്ഥ വരും. യൂറിക് ആസിഡ് ഒരുപാട് ആയാൽ ഗൗട് എന്ന രോഗാവസ്ഥയും  ഉണ്ടകും. 

സോറിയാസിസ്, എക്സിമ പോലെ ഉള്ള ചർമ്മ രോഗങ്ങൾ ചികിൽസിക്കാൻ യൂറിയ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാറുണ്ട്. ചെവിക്കായം ഒക്കെ മൃദുവാക്കി അലിയിച്ചു കളയാനും യൂറിയ അടങ്ങിയ ക്രീമുകൾ നന്ന്.

യൂറിയയിലെ നൈട്രജൻ (അഥവാ അമോണിയ )  കുതറി ഓടാൻ നിൽക്കുന്ന ഒരു കൗമാരക്കാരനെ  പോലെ ആണ്. ഈർപ്പം സ്വീകരിച്ചു അലുത്തു പോകും. (Hygroscopic ). തുറന്ന് വയ്ക്കുകയോ,  മണ്ണിൽ ഇട്ടതിനു ശേഷം മണ്ണുമായി നന്നായി ഇളക്കാതെ തുറന്ന് തന്നെ കിടക്കുകയോ ചെയ്താൽ  താൽക്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്ന രണ്ടു അമോണിയ തന്മാത്രകളും അന്തരീക്ഷത്തിലേക്ക് പറന്ന് പൊങ്ങും. (Volatalization ).ധന നഷ്ടം. 

യൂറിയ മണ്ണിൽ ചേർന്ന് കഴിഞ്ഞാൽ പിന്നെ  യൂറീയേസ് എന്ന എൻസൈമിന്റെ  സഹായത്തോടെ അമോണിയ ആയി മാറും. പിന്നെ പണി ബാക്റ്റീരിയകൾ ഏറ്റെടുക്കും. 
 ആദ്യം നൈട്രോസോമോണസ് എന്ന ആൾ വരും. അദ്ദേഹം അമോണിയയെ നൈട്രൈറ്റ് (Nitrite )ആക്കി മാറ്റും. പിന്നെ നൈട്രോബാക്ടർ വരും. അയാൾ നൈട്രൈറ്റിനെ, നൈട്രേറ്റ് (nitrate )ആക്കി മാറ്റും. അപ്പോൾ ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റിയ പാകത്തിലാകും. അതായത് ഒരു നേന്ത്രക്കായ മുറിച്ച് ഉണക്കി പൊടിച്ചു കുറുക്കി കുഞ്ഞ് വാവയ്ക്കു കൊടുക്കുന്ന അമ്മയെ പോലെ. 

മണ്ണിൽ രാസവളം ചേർക്കുമ്പോൾ സൂക്ഷ്മാണുക്കൾ
 നശിക്കും എന്ന് ഇതിന്റെ വെളിച്ചത്തിൽ എങ്ങനെ പറയാൻ കഴിയും?

എന്തായാലും വീട്ടിൽ പശുവിനെയും ആടിനെയും കോഴിയേയും ഒന്നും വളർത്താത്തവർക്കു യൂറിയയെ കുറ്റം പറയാൻ അർഹത ഉണ്ടോ? 

ജൈവ കൃഷി ശരിയായ അർത്ഥത്തിൽ ചെയ്യുന്നവർ ഒരിക്കലും പുറമെ നിന്നുള്ള വളങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് എന്റെ ഒരിദ്...

 ജൈവ വളങ്ങൾ പോലും..
 പുറമെ നിന്ന് കൊണ്ട് വരാൻ പാടില്ല. 

അതെല്ലാം തന്നെ ഫാമിനുള്ളിൽ തന്നെ  ഉണ്ടാകണം. എങ്കിലേ ജൈവ  സർട്ടിഫിക്കേഷൻ കിട്ടുകയുള്ളൂ.. കാരണം പുറമെ നിന്ന് വരുന്ന ജൈവ വളങ്ങളിൽ മരുന്നിന്റെയും ആന്റിബയോട്ടിക്കിന്റെയും അംശങ്ങൾ ഉണ്ടാകാമല്ലോ? 

എന്തായാലും യൂറിയ ഉപയോഗിക്കേണ്ടി വരുമ്പോൾ  വെടിപ്പായി ഉപയോഗിക്കുക.  'കാടിയാണെങ്കിലും മൂടി കുടിക്കണം' എന്നാണല്ലോ 🤭

1.കുമ്മായ പ്രയോഗം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു മാത്രം മണ്ണിൽ യൂറിയ  ഉപയോഗിക്കുക. 

2.പ്രയോഗം അമിതമാകാതെ നോക്കുക. അമിതമായാൽ ചെടികളുടെ വേര് നശിക്കും. 

3.മണ്ണിൽ  യൂറിയ ഇടുമ്പോൾ അതിന് മുകളിൽ മണ്ണോ പുതയോ ഇല്ലെങ്കിൽ അമോണിയ രൂപത്തിൽ നൈട്രജൻ നഷ്ടം കൂടും. 

4.തരി വലിപ്പം കൂടിയ രൂപത്തിൽ (super granules)ആയി ഉപയോഗിക്കുന്നത് അമോണിയ നഷ്ടം കുറയ്ക്കും. 

5.യൂറിയയുടെ അഞ്ചിലൊന്നു അളവ് വേപ്പിൻ പിണ്ണാക്കുമായി കലർത്തി ഇരുപത്തിനാലു മണിക്കൂർ വച്ചതിനു ശേഷം ഉപയോഗിക്കുന്നത് അമോണിയ നഷ്ടം കുറയ്ക്കും. 

6.യൂറിയയുടെ ആറിരട്ടി മണ്ണുമായി ചേർത്ത് പzന്ത്രണ്ട് മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കുന്നതും നല്ലത് തന്നെ. 

7.ഫ്രഷായ യൂറിയ (Biuret ഉണ്ടാകാൻ പാടില്ല ) 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നത് കായിക വളർച്ച കൂട്ടും. പ്രത്യേകിച്ചും ചീരയിലും  തീറ്റപ്പുല്ലിലും 

 ഇതൊക്കെ ആണ് യൂറിയ വിശേഷങ്ങൾ.
അന്യൻ ഒന്നും അല്ല.  നമ്മുടെ ശരീരത്തിനകത്തു ഉണ്ടാകുന്ന ആൾ തന്നെ ആണ്. നമ്മുടെ മൂത്രവും നല്ല വളം തന്നെ. പാഴാക്കേണ്ട. 

വാൽ കഷ്ണം :ഇനി നാനോ ടെക്‌നോളജി യുടെ കാലം. ലോകത്തിൽ ആദ്യമായി നാനോ യൂറിയ ഇന്ത്യ യിൽ ഉണ്ടാക്കിയത് IFFCO എന്ന കമ്പനി ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഉൽപ്പാദന വിപണന സഹകരണ സ്ഥാപനമാണ് Indian Farmers Fertilizer Cooperative Limited എന്ന ഇഫ്‌കോ. സാധാരണ മണ്ണിൽ ഉപയോഗിക്കുന്ന 50 കിലോ യൂറിയയുടെ ഫലം തരും നാനോ രൂപത്തിലുള്ള 500 മില്ലി യൂറിയ. അപ്പോൾ കടത്തു കൂലിയും കുറയും. 2മുതൽ 4മില്ലി നാനോ യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കുകയാണ് വേണ്ടത്. 500മില്ലി നാനോ യൂറിയയ്ക്ക് ഏതാണ്ട് 240രൂപ വില വരും. 45കിലോ യൂറിയയുടെ വിലയും ഏതാണ്ട് ഇത്ര തന്നെ. 

എന്താല്ലേ? 

എന്നാൽ അങ്ങട്... 

കൃഷി ഓഫീസർ

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!