കോവിഡി’ൽ ഉത്തരേന്ത്യൻ ബുക്കിങ് കുറവ്; ടൂറിസം പ്രതീക്ഷ നാടൻ സഞ്ചാരികളിൽ

കൊച്ചി∙ കേരളം കോവിഡ് ബാധിതമായി തുടരുന്നുവെന്ന് ഉത്തരേന്ത്യയിലാകെ പ്രചാരണം. ടൂറിസം കേന്ദ്രങ്ങളിൽ പൂജാ അവധി ദിനങ്ങളിൽ സാധാരണ ലഭിക്കാറുള്ള ഉത്തരേന്ത്യൻ സഞ്ചാരികളുടെ ബുക്കിങ് ഇക്കുറി വളരെ കുറവാണ്.
കേരളത്തിൽ ടൂറിസം സീസൺ തുടങ്ങുമ്പോൾ ആദ്യം ലഭിക്കുന്നത് നവരാത്രി, ദീപാവലി അവധി ദിവസങ്ങളുടെ ബുക്കിങ്ങാണ്. വിദേശ സഞ്ചാരികൾ നവംബറോടെ മാത്രമേ വന്നു തുടങ്ങൂ. ടൂറിസ്റ്റ് വീസ നൽകാൻ തുടങ്ങിയിട്ടില്ലാത്തതിനാൽ വിദേശികളെ പ്രതീക്ഷിക്കുകയേ വേണ്ട. പക്ഷേ ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ കണക്കുകൾ ഉത്തരേന്ത്യൻ സഞ്ചാരികളേയും അകറ്റുന്നു.
∙ അകറ്റുന്ന കണക്കുകൾ
മറ്റു സംസ്ഥാനങ്ങളിൽ ഇവിടത്തെ പോലെ ആറുമണിക്കു കണക്കുകൾ ജില്ല തിരിച്ചു പോലും പുറത്തുവിടുന്ന പതിവില്ലെന്നാണു ടൂർ ഓപ്പറേറ്റർമാരുടെ പരാതി. ഇവിടെ നമ്മൾ തന്നെ കൊടുക്കുന്ന പ്രധാന്യം സഞ്ചാരികളെ അകറ്റുന്നു. ഗുജറാത്ത്, മുംബൈ, ഡൽഹി മാത്രമല്ല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ബുക്കിങ്ങും വിരളമായി. എന്നാൽ അന്വേഷണങ്ങൾ കാര്യമായി ലഭിക്കുന്നുമുണ്ട്. ദീപാവലി അവധി ദിനങ്ങളിലാണ് ഇനിയുള്ള പ്രതീക്ഷ.
∙ നാടൻ സഞ്ചാരികളേറെ
ശുഭപ്രതീക്ഷ നൽകുന്നത് സംസ്ഥാനത്തുനിന്നു തന്നെയുള്ള സഞ്ചാരികളുടെ ആധിക്യമാണ്. വീട്ടിൽ അടച്ചിരിക്കേണ്ടി വന്നവർ വാരാന്ത്യങ്ങളിൽ കൂട്ടമായി പുറത്തിറങ്ങി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്നുണ്ട്. സംസ്ഥാനത്തിനകത്തുള്ള സംഘടനകളുടെ സമ്മേളനങ്ങളും ആരംഭിച്ചു. മൂന്നാറിനും വയനാടിനുമാണ് ഈ പ്രവണതയുടെ ഗുണഫലം. കഴിഞ്ഞ വെള്ളി–ശനി ദിനങ്ങളിൽ രണ്ടിടത്തും ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് കാര്യമായിട്ടുണ്ടായി.
∙ സമ്മേളനങ്ങൾ തുടങ്ങി
ടൈ കേരളയുടേത് ഉൾപ്പടെ നിരവധി സമ്മേളനങ്ങളും ആഘോഷങ്ങളും അരങ്ങേറി. മുഴുവൻ മുറികളും ബുക്ക് ചെയ്യപ്പെട്ട റിസോർട്ടുകളും നിരവധിയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് അകലെയാണെങ്കിലും അരുവിയിലോ വെള്ളച്ചാട്ടത്തിലോ കുളിക്കാനും മറ്റും സൗകര്യമുള്ള ചെറിയ റിസോർട്ടുകളിലും തിരക്കായിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിലും താഴെ എത്തിയാൽ ഉത്തരേന്ത്യൻ സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് ടൂർ ഓപ്പറേറ്റർമാർ വിലയിരുത്തുന്നത്. അതനുസരിച്ചുള്ള പ്രചാരണം ടൂറിസം വകുപ്പ് തുടങ്ങണമെന്നും ആവശ്യമുണ്ട്.
Comments
Post a Comment