മകനൊപ്പം നടന്ന ഗായിക ഷക്കീറയ്ക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം; ബാഗ് തട്ടിയെടുത്തു കുത്തിക്കീറി!

പോപ്പ് സൂപ്പർതാരം ഷക്കീറ സ്പാനിഷ് നഗരമായ ബാഴ്സിലോണയിൽവച്ച് കാട്ടുപന്നികളുടെ ആക്രമണം നേരിട്ടു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ അറിയിച്ചത്. കാട്ടുപന്നികൾ തന്റെ കൈയിൽ നിന്നു തട്ടിയെടുത്ത് കുത്തിക്കീറിയ ബാഗിന്റെ ചിത്രവും ഷക്കീറ ഇൻസ്റ്റഗ്രാമിലൂടെ കാണിച്ചു. എട്ടുവയസ്സുകാരനായ മകൻ മിലനോടൊപ്പം പോകുമ്പോഴായിരുന്നു താരം ആക്രമണം നേരിട്ടത്. ഷക്കീറയുടെ മൊബൈൽ ഫോൺ അടങ്ങിയ ബാഗ് തേറ്റയിൽ കോർത്ത് ഇവ മുന്നോട്ടുപോയി. ഒടുവിൽ ബാഗ് തിരിച്ചുകിട്ടിയെന്നും എന്നാൽ മൊബൈൽഫോൺ നശിച്ചെന്നും ഷക്കീറ പറയുന്നു.
സംഭവത്തിൽ താരത്തിനോ മകനോ പരുക്കോ മറ്റ് അപകടങ്ങളോ ഇല്ല. ബാഴ്സലോണ ഫുട്ബോൾ ക്ലബിലെ കളിക്കാരനായ ജെറാർഡ് പിക്കെയാണ് ഷക്കീറയുടെ ഭർത്താവ്. നേരത്തെ യുഎസിലെ മയാമിയിൽ താമസിച്ചിരുന്ന ഷക്കീറ ഇപ്പോൾ പീക്കെയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പം ബാഴ്സിലോണയിലാണു താമസം. ഇതിനിടെ നടക്കാൻ പോയപ്പോഴാണ് അവിചാരിതമായ ആക്രമണം ഷക്കീറയെ തേടിയെത്തിയത്.
സ്പെയിനിലെ കറ്റാലൻ മേഖലയുടെ തലസ്ഥാനമായ ബാഴ്സിലോണയിൽ കാട്ടുപന്നികളുടെ ആക്രമണം ഇതാദ്യമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതു വലിയതോതിൽ നടക്കുന്നുണ്ടെന്ന് ബാഴ്സിലോണയിലെ പൊലീസ് അധികൃതർ പറയുന്നു.നഗരത്തിനു ചുറ്റുമുള്ള മലനിരകളിൽ താമസിക്കുന്ന ഇവ ഒറ്റയ്ക്കും കൂട്ടമായും ഇടയ്ക്കിടെ ബാഴ്സിലോണയിലേക്ക് എത്താറുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടു കൊണ്ട് നഗരമേഖലയ്ക്കടുത്തുള്ള കാട്ടുപന്നികളുടെ എണ്ണം 5 മടങ്ങായി.
2016ൽ കാട്ടുപന്നികൾ നടത്തിയ 1187 ആക്രമണങ്ങൾ പൊലീസിനു റിപ്പോർട്ട് ചെയ്യപ്പെട്ടു.പലപ്പോഴും കാട്ടുപന്നികൾ റോഡിലിറങ്ങുന്നതു മൂലം ട്രാഫിക് തന്നെ ബാധിക്കപ്പെട്ടു. 2013ൽ കാട്ടുപന്നിയെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനു ലക്ഷ്യം തെറ്റി ഒരു വനിതയ്ക്കു വെടികൊണ്ടത് യൂറോപ്പിലെങ്ങും വലിയ വാർത്തയായിരുന്നു. ഏതു ദുഷ്കരമായ സാഹചര്യങ്ങളും അതിജീവിക്കാനുള്ള കഴിവ് കാട്ടുപന്നികൾക്കുണ്ട്. ആണവ അപകടം നടന്ന ഫുക്കുഷിമയിൽ പോലും കാട്ടുപന്നികൾ നിലനിന്നിരുന്നത് വാർത്തയായിരുന്നു. മനുഷ്യർ പുറന്തള്ളുന്ന അവശിഷ്ടങ്ങളും മറ്റും തേടിയാണ് ഇവ നഗരങ്ങളിലേക്കെത്തുന്നതെന്ന് ഗവേഷകർ പറയുന്നു. ബെർലിനിൽ ഇവയെ നിയന്ത്രിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് തന്നെ രൂപീകരിച്ചിട്ടുണ്ട്.
ബാഴ്സിലോണയിൽ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കുമായി വെളിയിൽ ആഹാരം വയ്ക്കുന്ന പ്രവണത അധികൃതർ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഈ ഭക്ഷണം തേടി കാട്ടുപന്നികൾ എത്തുന്നതിനാലാണ് ഇത്. ഇടയ്ക്ക് കാട്ടുപന്നികളെ വേട്ടയാടാൻ സർക്കാർ തീരുമാനിച്ചെങ്കിലും വലിയ പ്രതിഷേധം മൃഗസംഘടനകളിൽ നിന്നുയർന്നതോടെ ഇതു റദ്ദാക്കി. കാട്ടുപന്നികളെ വേട്ടയാടാനോ കൊലപ്പെടുത്താനോ നിലവിൽ ബാഴ്സിലോണയിൽ നിയമമില്ല. മയക്കി മറ്റൊരു ഭാഗത്തേക്കു മാറ്റുക മാത്രമാണ് അധികാരികൾക്ക് ചെയ്യാനാകുന്നത്. എങ്കിലും അധികൃതരുടെ ചിട്ടയായ പ്രവർത്തനങ്ങൾ മൂലം ഇവ നഗരത്തിലെത്തുന്ന സംഭവങ്ങൾ ഇപ്പോൾ നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്.
പ്രകൃതിപരമായ വേട്ടക്കാർ ഇല്ലാത്തതാണ് ഇവ കൂടാൻ കാരണമെന്ന് മൃഗസംഘടനകൾ പറയുന്നു. ഇതോടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. കാട്ടുപന്നികളെ ഇരയാക്കുന്ന വന്യമൃഗങ്ങളായ കരടി, ചെന്നായ, ചിലയിനം കഴുകൻമാർ എന്നിവ തിരിച്ചുവരികയാണ് ഇതിനുള്ള പോംവഴിയെന്ന് മൃഗസംഘടനാ അധികൃതർ പറയുന്നു. ബാഴ്സിലോണയിൽ ഇടക്കാലത്ത് പ്രബലമായ മാരത്തോണുകൾ, മോട്ടോർ റേസുകൾ തുടങ്ങിയവയാണ് വന്യമൃഗങ്ങളെ ഇല്ലാതാക്കി കാട്ടുപന്നി പ്രതിസന്ധിക്ക് ഇടവരുത്തിയതെന്നും അവർ ആരോപിക്കുന്നു.
-അശ്വിൻ നായർ
Comments
Post a Comment