സെൽഫിയിലൂടെ ലോകപ്രശസ്ത:എൻഡകാസി ജീവൻ വെടിഞ്ഞത് പരിചാരകന്റെ മടിയിൽ കിടന്ന്

ndakshi
   

കോംഗോയിലെ വിറുൻഗ ദേശീയോദ്യാനത്തിൽ താമസിച്ചു വന്ന എൻഡാകാസി എന്ന പെൺഗൊറില്ല പതിനാലാം വയസ്സിൽ മരിച്ചു. തന്റെ പ്രിയപ്പെട്ട സംരക്ഷകനും വിറുൻഗ ദേശീയോദ്യാനത്തിലെ ജീവനക്കാരനുമായ ആൻഡ്രേ ബോമയുടെ കൈകളിൽ കിടന്നാണു എൻഡാകാസി മരിച്ചത്.കുറച്ചുകാലങ്ങളായി തുടരുന്ന അസുഖങ്ങളാൽ അവശയായിരുന്നു എൻഡകാസി.

2019ൽ ആൻഡ്രേ ബോമ ഒരു സെൽഫിയെടുത്തിരുന്നു. ഈ സെൽഫിയിൽ എൻഡകാസിയും പോസ് ചെയ്തു.മനുഷ്യരെ പോലെയുളള മുഖഭാവത്തോടെ നിൽക്കുന്ന ഈ ഗൊറില്ലയുടെ ചിത്രം ലോകമെങ്ങും തരംഗമാകുകയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

എന്നാൽ ഒരു സെൽഫിയിൽ ഒതുങ്ങുന്നതല്ല എൻ‍ഡാകാസിയും ബോമയും തമ്മിലുള്ള ബന്ധം. പ്രകൃതിവിഭവങ്ങളാലും വനങ്ങളാലും വന്യജീവി സമ്പത്താലും കനിഞ്ഞനുഗ്രഹിക്കപ്പെട്ട കോംഗോയിൽ പക്ഷേ സമാധാനം എന്നതു പലപ്പോഴും കിട്ടാക്കനിയാണ്. സായുധരായ അക്രമിസംഘങ്ങൾ പലപ്പോഴും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുന്നത് ഇവിടെ തുടർക്കഥയാണ്. ഇത്തരത്തിലൊരു ആക്രമണത്തിൽ വെടിയേറ്റാണ് എൻഡകാസിയുടെ അമ്മ 2007ൽ മരിച്ചത്.

മരിച്ച അമ്മയുടെ ശവം കെട്ടിപ്പിടിച്ചുകൊണ്ട് കിടക്കുന്ന രണ്ടുമാസം പ്രായമുള്ള എൻഡകാസിയെ ബോമ കണ്ടെത്തുകയായിരുന്നു. ഒരു പിതാവിന്റെ സ്നേഹത്തോടെ ബോമ കുഞ്ഞ് എൻഡകാസിയെ തന്റെ നെഞ്ചോടു ചേ‍ർത്തുറക്കി, അവളുടെ അമ്മ ഉറക്കുന്നതു പോലെ. എൻഡകാസിയുടെ മാതാവും പിതാവും ചങ്ങാതിയുമൊക്കെ പിന്നീട് ബോമയായിരുന്നു. വളർച്ചയെത്താത്തത്തതിനാൽ കാട്ടിലേക്കു വിടാതെ അനാഥ ഗൊറില്ലകളെ പാർപ്പിക്കുന്ന സെൻക്വേക്വേ കേന്ദ്രത്തിൽ എൻഡകാസിയെ പാർപ്പിക്കാനായിരുന്നു വിറുങ്ക പാർക്ക് അധികൃതരുടെ തീരുമാനം.പിന്നീട് എൻഡകാസി ഇവിടം വിട്ടുപോയിട്ടില്ല.

എൻഡകാസി ഇതിനിടെ വിവിധ വിഡിയോകളിലും ‘വിറുംഗ’ പോലുള്ള ഡോക്യുമെന്ററികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എൻഡകാസിയെ ഇത്രകാലം കാത്തുരക്ഷിക്കാനായതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്നു ബോമ പറഞ്ഞു.അവളുമായുള്ള ഇടപെടലുകളിലൂടെ മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള ആത്മബന്ധം താൻ മനസ്സിലാക്കിയെന്നും ഏതുവിധേനയും ആൾക്കുരങ്ങുകളെ സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും ബോമ പറയുന്നു.

ഗൊറില്ലകളുടെയും ചിമ്പാൻസികളുടെയും പ്രകൃതിപരമായ ജന്മനാട് കോംഗോ നദിയുടെ കരയിലെ ഇടതൂർന്ന മഴക്കാടുകളിലാണ്. ഇക്കൂട്ടത്തിൽ തന്നെ മൗണ്ടൻ ഗൊറില്ല എന്ന വിഭാഗത്തിൽ പെടുന്നതാണ് എൻഡകാസി.യുഗാണ്ട, റവാണ്ട, കോംഗോ എന്നിവിടങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ ആൾക്കുരങ്ങുവിഭാഗത്തിൽ ആകെയുള്ള ജീവികൾ ഇപ്പോൾ 1000 മാത്രമാണ്. സർക്കാരും സർക്കാർ വിരുദ്ധ വിമതരും തമ്മിൽ കാലങ്ങളായി സായുധ പോരാട്ടം നടക്കുന്ന മേഖലകളാണ് ഇവയെല്ലാം. വിമത ആക്രമി സംഘങ്ങൾ വൻതോതിൽ വന്യമൃഗങ്ങളെയും വേട്ടയാടാറുണ്ട്. കോവിഡ് കാലത്ത് സർക്കാർ സേനകളുടെ സാന്നിധ്യം കുറഞ്ഞത് ഇവർ പരമാവധി മുതലാക്കുന്നുമുണ്ട്.

കോംഗോമേഖലയിൽ വന്യജീവി സമ്പത്തിനെ രക്ഷിക്കാനുള്ള വലിയ ശ്രമമാണ് വിറുംഗ നാഷനൽ പാർക്ക്. 700 ജീവനക്കാർ സ്വന്തം ജീവനെപ്പോലും തൃണവൽഗണിച്ച് ഇവിടെ പ്രകൃതി പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നു.


-അശ്വിൻ നായർ 

Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...