‘കുത്തകകൾക്ക് വനവും വിൽക്കാൻ കേന്ദ്രം; ആ നിയമ ഭേദഗതി കാടിനെ കൊല്ലും’

വനമേഖലയുടെ വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കു പകരം, അതു കൂടി സ്വകാര്യവൽക്കരിക്കാനാണു പുതിയ വനം–പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വനസംരക്ഷണ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയും എട്ടു തവണ ലോക്സഭാംഗമായിരുന്ന ഹനാൻ മൊള്ള. ഭേദഗതിയുടെ കരടുരേഖ പുറത്തിറങ്ങിക്കഴിഞ്ഞു. അതിന്മേലുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്താനായി എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചു.
ഇതിന്മേൽ ഒക്ടോബർ 2 മുതൽ 15 ദിവസത്തിനകം അഭിപ്രായം അറിയിക്കണം. അത്രയും കുറവ് സമയം നൽകുന്നതിൽത്തന്നെ എല്ലാം വ്യക്തം. രാജ്യത്തിന്റെ സമ്പത്തും ആദിവാസികളുടെ ആവാസവ്യവസ്ഥയുമാണു വനഭൂമിയെന്നതു സർക്കാർ മറക്കുന്നു. ആദിവാസികളെ കുത്തക മുതലാളിമാർക്കു തുല്യമായി പരിഗണിച്ചു കൊണ്ടുള്ള നീക്കങ്ങളാണ് വനസംരക്ഷണ നിയമ ഭേദഗതിയിലൂടെ സർക്കാർ നടത്തുന്നതെന്നും ഹനാൻ മൊള്ള പറയുന്നു.
1980ലെ വനസംരക്ഷണ നിയമമാണ് സർക്കാർ മാറ്റിമറിക്കാൻ ഉദ്ദേശിക്കുന്നത്. വനനശീകരണം തടയുന്നതിൽ സുപ്രധാന പങ്കു വഹിച്ചിരുന്നു ഈ നിയമം. അതിന്റെ 14 സുപ്രധാന കാര്യങ്ങളിൽ മാറ്റം കൊണ്ടുവന്ന് സമൂലമായ പരിഷ്കാരമാണ് ഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വനമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ട പ്രത്യേക അനുമതി അടക്കമുള്ള ഉപാധികളിൽ ഇളവു നൽകി, വികസനവും ദേശസുരക്ഷാ ആവശ്യവും കൂടുതൽ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
വനമേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ആദിവാസികൾ അടക്കമുള്ളവരുടെ ഇടപെടലുകൾ നിജപ്പെടുത്തുമ്പോൾ, വാണിജ്യ, വ്യവസായ, വിനോദ ആവശ്യങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യവും ഇളവും നൽകുന്നതാണ് പരിഷ്കാരം. വനസംരക്ഷണ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ 2014 മുതൽ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന ശ്രമം അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണു കരടുരേഖയെ വിമർശകർ കാണുന്നത്. വനസംരക്ഷണ നിയമ ഭേദഗതിക്കുള്ള കരടുരേഖ വിവാദമായിരിക്കെ മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ നിലപാടും നിയമഭേദഗതി സൃഷ്ടിക്കുന്ന അപകടങ്ങളും വ്യക്തമാക്കുകയാണ് ഹനാൻ മൊള്ള.

∙ പുതിയ വനസംരക്ഷണ നിയമ ഭേദഗതികളുടെ ഫലമെന്താകും?
രാജ്യത്ത് അവശേഷിക്കുന്ന 30% താഴെ വനഭൂമിയെ കുറച്ചെങ്കിലും സംരക്ഷിച്ചു നിർത്തുന്നത് നിലവിലുള്ള ശക്തമായ വനസംരക്ഷണ നിയമമാണ്. അതിൽ വെള്ളം ചേർക്കുന്നതോടെ രാജ്യത്തിന്റെ വനസമ്പത്ത് നഷ്ടപ്പെട്ടു തുടങ്ങും. ഇതിനു പുറമേ, സംരക്ഷിത വനം എന്നതുപോലെ വനത്തിനുള്ളിൽ പലതരം വനങ്ങളുണ്ട്. പ്രൊഡക്‌ഷൻ ഫോറസ്റ്റ് എന്നൊരു പുതിയ നിർവചനമാണു സർക്കാർ നൽകാൻ ശ്രമിക്കുന്നത്. അതിന്റെ ലക്ഷ്യം ലാഭമാണ്. വനത്തിന്റെ നിർവചനത്തിൽ വെള്ളം ചേർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
∙ ഈ ഭേദഗതി നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശങ്ക എന്താണ് ?
വനവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമെല്ലാം ആദിവാസികൾക്കും അനുബന്ധ ജീവിതം നയിക്കുന്നവർക്കും ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്. വനഭൂമിയുടെ മുതൽ വന ഉൽപന്നങ്ങളുടെ കാര്യത്തിൽ വരെ ഇതു ബാധകമാണ്. ജീവിതോപാദിയെന്ന നിലയിൽ വനഭൂമി ഉപയോഗിക്കുന്ന കാര്യം ഇവരുടെ ജീവിതത്തിൽ നിർണായകമാണ്. എന്നാൽ, ചില വ്യവസായികളും ഖനി മുതലാളിമാരും ഉൾപ്പെടുന്ന കുത്തകകൾക്ക് വനഭൂമി ആവശ്യമാണ്. ഖനന സാധ്യത ഉൾപ്പെടെയുള്ള താൽപര്യങ്ങളാണ് ഇതിനു പിന്നിൽ. ഇതു ലക്ഷ്യത്തിലെത്തിക്കാൻ വനഭൂമിയെ ആശ്രയിച്ചു കഴിയുന്ന ആദിവാസികളെ ഉൾപ്പെടെ അവിടെനിന്നു തുരത്തണം.
ആദിവാസികളെയും കുത്തക മുതലാളിമാരെയും ഒരുപോലെ പരിഗണിക്കുന്ന, തുല്യതപെടുത്തുന്ന സമീപനമാണ് സർക്കാരിന്റെ വനസംരക്ഷണ നിയമ ഭേദഗതിക്കുള്ള കരടുരേഖയിലുള്ളത്. ഇതിൽ നിന്നു തന്നെ സർക്കാരിന്റെ സമീപനം വ്യക്തമാണ്. മറ്റു പലതുമെന്ന പോലെ വനഭൂമിയും സ്വകാര്യവൽക്കരിക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിലേക്ക് പോകുമ്പോൾ മുന്നിലുള്ള തടസ്സങ്ങൾ ഒഴിവാക്കാനുള്ള ശ്രമമാണ് വനസംരക്ഷണ നിയമ ഭേദഗതി. ചുരുക്കത്തിൽ കുത്തകകൾക്കു വേണ്ടി എളുപ്പത്തിൽ വനഭൂമി കവർന്നെടുത്തു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.
∙ റെയിൽവേ, ഗതാഗത വികസനത്തിനും ദേശസുരക്ഷ എന്നിവയ്ക്കു സൃഷ്ടിക്കുന്ന പരിമിതികൾ ഒഴിവാക്കാനാണ് ശ്രമമെന്നാണല്ലോ സർക്കാർ പറയുന്നത്...
കുത്തക കമ്പനികൾ ഏറ്റെടുത്ത് ഇവ ജനനന്മയ്ക്ക് ഉപയോഗിക്കുമെന്ന് എങ്ങനെയാണ് ഉറപ്പിക്കാൻ കഴിയുക? ഏകപക്ഷീയമായ നേട്ടങ്ങൾക്കു വേണ്ടിയാണ് ഇവ നടപ്പാക്കുന്നത്. വനഭൂമിയുടെ നിർവചനത്തിന് വലിയ മാനങ്ങളും വൈവിധ്യവുമുണ്ട്. എന്നാൽ, അവ അട്ടിമറിച്ചു സ്വന്തം ലാഭക്കൊതിയാണ് വനഭൂമിയിൽ നടപ്പാക്കപ്പെടാൻ പോകുന്നത്. അതിനു വികസനവും ദേശസുരക്ഷയുമൊക്കെ കവചങ്ങളാക്കുകയാണ്. ഇതിനു കൊടിപിടിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഈ കൊള്ളയുടെ ലാഭവിഹിതവും ലഭിക്കും.
∙ കർഷക സമരത്തിൽ ഉന്നയിച്ച പല പ്രശ്നങ്ങളും ഇവിടെയും ആവർത്തിക്കപ്പെടുന്നുണ്ടല്ലോ?
രണ്ടിലും കുത്തക കമ്പനികളുടെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത്. കർഷക നിയമങ്ങളുടെ മറവിൽ കർഷക ഭൂമി കുത്തകകൾക്ക് കൈമാറാൻ ശ്രമിച്ചു. ഇപ്പോഴത് വനഭൂമിയുടെ കാര്യത്തിൽ കൂടി വ്യാപിപ്പിക്കുന്നു. രാജ്യത്തിന്റെ വനവിസ്തൃതി വർധിപ്പിക്കുന്നതിനുള്ള നടപടികൾക്കു പകരം അവ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
∙ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ കൊണ്ടു വരുന്ന നിയമപരിഷ്കരങ്ങളെ അന്ധമായി എതിർക്കുന്നുവെന്ന വിമർശനത്തെക്കുറിച്ച് ?
നിയമവും നിയമ ഭേദഗതിയും ജനനന്മയ്ക്കു വേണമെന്നതാണ് പൊതുധാരണ. എന്നാൽ, ഈ സർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്ക് എതിരാണ്. പകരം, ന്യൂനപക്ഷമായ പത്തുനൂറു കുത്തക മുതലാളിമാരുടെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത്. അടിസ്ഥാനപരമായ എതിർപ്പ് അതാണ്. കർഷകരെ കൂടുതൽ ദരിദ്രരാക്കി, കുത്തകകളെ കൂടുതൽ സമ്പന്നരാക്കുന്ന നിലപാട്.
∙ ഇത്രയേറെ മാസങ്ങൾ പിന്നിട്ടിട്ടും കർഷക സമരം പോലും ലക്ഷ്യം കണ്ടിട്ടില്ല. അപ്പോൾ പുതിയൊരു വിഷയം ഫലപ്രദമാകുമോ?
ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ജനാധിപത്യ മാർഗത്തിലൂടെ പ്രതിഷേധവും പ്രതിരോധവും ഉയർത്താൻ ആ രാജ്യം നമ്മുക്ക് അവകാശം തന്നിട്ടുണ്ട്. അതാണ് ഞങ്ങൾ ചെയ്യുന്നത്. സർക്കാർ ഫാഷിസ്റ്റ് നിലപാടാണ് സ്വീകരിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ തുടരുകയല്ലാതെ ആയുധമെടുത്ത് പോരാടാൻ ഞങ്ങൾക്കു കഴിയില്ലല്ലോ? അതാണ് ഞങ്ങൾ ചെയ്യുന്നത്. അതിനോട് പ്രതികരിക്കുകയെന്നതു സർക്കാരിന്റെ ദൗത്യമാണെങ്കിലും അവരതു ചെയ്യുന്നില്ല.
∙ വനസംരക്ഷണ നിയമഭേദഗതിയോടു പ്രതികരിക്കാൻ 15 ദിവസം മാത്രമാണു സർക്കാർ നൽകിയത്. എതിർപ്പ് അറിയിച്ചോ ?
ഭേദഗതികളുടെ കരടുരേഖ പുറത്തുവിടാൻ വനം പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുത്ത ദിവസം ഗാന്ധിജയന്തി ദിനമാണ്. ഗ്രാമീണ മേഖലയുടെയും ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെയും ഉയർച്ചയാണ് ഗാന്ധിജി ലക്ഷ്യമിട്ടത്. സത്യത്തിൽ ഗാന്ധിജിയേയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സർക്കാർ തകർക്കുകയാണ്. 15 ദിവസം മാത്രം നൽകിയതിലൂടെ സർക്കാരിന്റെ സമീപനം വ്യക്തമാണ്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പരമാവധി പ്രതികരണം തേടി മുന്നോട്ടുകൊണ്ടുപോകേണ്ടതിനു പകരം ധൃതിപിടിച്ച് നിയമപരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കുകയാണു സർക്കാർ.
കടപ്പാട് :
റൂബിൻ ജോസഫ്, മനോരമ
Comments
Post a Comment