പെരിയാറൊഴുകും വഴികളിലൂടെ ഒരു സഞ്ചാരം...മല മടക്കുകളിലൂടെ അലറിപ്പാഞ്ഞും പാറ കെട്ടുകളിലൂടെ ചിന്നിചിതറിയും സമതലങ്ങളിൽ സൗമ്യയായും നമ്മുടെ ഹൃദയം കവർന്ന സുന്ദരി...പെരിയാർ....

പ‌ര്‍വത നിരയുടെ പനിനീര്‍ എന്ന് വയലാര്‍ വിശേഷിപ്പിച്ച പെരിയാര്‍,  നീളത്തിന്റെ കാ‌ര്യത്തില്‍ ഒന്നാം സ്ഥാനകാരിയായി, 244 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.  ഉത്ഭവ സ്ഥാനത്തുനിന്നും 50 കി.മി. തമിഴ് നാട്ടിലും പിന്നീട്‌ കേരളത്തിലെ അഞ്ചു ജില്ലകളിൽക്കൂടി ഒഴുകി അറബിക്കടലിൽ ചേരുന്ന പെരിയാർ സഞ്ചരിച്ച ഇടങ്ങളെയെല്ലാം പ്രകൃതി ഭംഗിയാൽ ഏതൊരാളെയും മോഹിപ്പിക്കുന്ന സ്വർഗഭൂമിയാക്കി മാറ്റിയിരിക്കുന്നു. ഈ സ്വർഗ്ഗഭൂമികളിൽ കൂടി ഒരു സഞ്ചാരമായാലോ....

പശ്ചിമഘട്ടത്തിലെമൂന്ന് വ്യത്യസ്തങ്ങളായ ഭൂവിഭാഗങ്ങളിൽ നിന്നാണ് പെരിയാർ ഉത്ഭവിക്കുന്നത്.

ഒന്നാമത്തെ ഉത്ഭവസ്ഥാനം

കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ശിവഗിരി ഭാഗത്തുള്ള ചൊക്കാം‌പെട്ടി മല,പാച്ചിമല,കാളിമല,സുന്ദരമല,നാഗമല,കോമല,വള്ളിമല എന്നീ ഏഴ് മലകളിൽനിന്നുള്ള ജലം ഒഴുകി .....ഏകദേശം 50 കി.മീ കഴിയുമ്പോൾ കോട്ടമലയിൽ നിന്നുത്ഭവിച്ചൊഴുകിയെത്തുന്ന മുല്ലയാറുമായി മുല്ലക്കുടിയിൽ വെച്ച് ഒത്തു ചേരുന്നു. ഇതിനടുത്താണ് പെരിയാറിൽ ആദ്യമായി അണ കെട്ടിയിരിക്കുന്നത്. ആ അണകെട്ടാണ് മുല്ലപെരിയാർ.  ഈ അണക്കെട്ടുകൊണ്ടുണ്ടായതാണ് പെരിയാർ ജലസംഭരണി. ഈ ജലസംഭരണിയോടു ചേർന്നാണ് തേക്കടിയിലെ പെരിയാർ വന്യജീവി സങ്കേതം.  ഇവിടെ നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി വണ്ടിപെരിയാറിലെത്തുന്നു.  അവിടെ വച് പെരുംതുറയാറും കട്ടപ്പനയാറും പെരിയാറിൽ ചേരുന്നു.  പിന്നീട്  നദിയുടെ പ്രയാണം കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ  ഇടുക്കിഅണക്കെട്ടു തടയുന്നു.  .കുറവൻ, കുറത്തി മലകൾക്കിടയിലൂടെ ഒഴുകിയിരുന്ന നദിയെയാണ്‌ ഇടുക്കിയിൽ ആർച്ച് ഡാം കെട്ടി തടഞ്ഞ് മൂലമറ്റം പവർഹൗസിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. സംഭരണിയുടെ ശേഷി പരമാവധി വർദ്ധിപ്പിക്കാനായി നിർമ്മിച്ച,ചെറുതോണിയിലും കുളമാവിലുമുള്ള, മറ്റു രണ്ട് അണക്കെട്ടുകൾ കൂടി ചേർന്നാണ് ഇടുക്കി ജലസംഭരണി രൂപം കൊള്ളുന്നത്. കുളമാവിൽ നിന്ന് ഇടുക്കി ജലസംഭരണിയിലെ ജലം മൂലമറ്റത്ത് കൊണ്ടുവന്ന് വൈദ്യുതോത്പാദനത്തിനുശേഷം മൂവാറ്റു പുഴയാറിലേക്ക് ഒഴുക്കിക്കളയുന്നു. 
ഇടുക്കി ജലസംഭരണിക്കുശേഷം അതീവമായി ശോഷിച്ചൊഴുകുന്ന പെരിയാറിന്റെ ശക്തി വീണ്ടും വർദ്ധിക്കുന്നത് കരിമ്പൻ എന്ന സ്ഥലത്തുവച്ചാണ്‌. ഇരട്ടയാർ, കല്ലാർ, ചിന്നാർ, തുവളയാർ തുടങ്ങിയ പോഷകനദികളും അനവധി അരുവികളും ചേർന്നൊഴുകുന്ന പെരിഞ്ചൻ കുട്ടിയാർ നദിയിൽ ചേരുന്നതോടെയാണ്‌ ഇത് സംഭവിക്കുന്നത്. ഈ ഭാഗം നദിക്കിരുവശവും ചെങ്കുത്തായ മലമ്പ്രദേശങ്ങളാണ്‌. താഴൊട്ടൊഴുകുന്ന നദി പൂനംകുട്ടി യിൽ നേര്യമംഗലം വിദ്യുച്ഛ്ക്തികേന്ദ്രത്തിനു താഴെ എത്തുന്നു.

രണ്ടാമത്തെ ഉത്ഭവസ്ഥാനം

പശ്ചിമഘട്ടത്തിലെ മൂന്നാർ, പൊന്മുടി ഭാഗങ്ങളിൽ നിന്നാണ്‌ പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം. മൂന്നാറിലെ കണ്ണൻദേവൻ മലകളിൽ നിന്നൊഴുകുന്ന പെരിയാറിന്റെ ഈ ശാഖയിൽ കുണ്ടള അണക്കെട്ടും അതിനു ശേഷം മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നു.  ഈ അണക്കെട്ടുകളിൽ നിന്ന് കവിഞ്ഞൊഴുകുന്ന ജലം കണ്ണിമല, നല്ലതണ്ണി എന്നീ പ്രദേശങ്ങളിൽ നിന്നും വരുന്ന ചെറിയ അരുവികളുമായി ചേരുന്നു. ഇതിനുശേഷം പള്ളിവാസൽ ജലവൈദ്യുതി ഉത്പാദനകേന്ദ്രത്തിലേക്ക് തടയണ നിർമ്മിച്ച് ജലം എത്തിക്കുന്നു. പിന്നീട് പെരിയാറ്റിൽ വന്നുചേരുന്ന മറ്റൊരു കൈവഴി ആനയിറങ്കൽ എന്ന പ്രദേശത്തുനിന്നു വരുന്ന നദിയാണ്‌. ചേർന്നൊഴുകുന്ന നദി പിന്നീട് പൊന്മുടി അണക്കെട്ടിലെത്തുന്നു.വൈദ്യുതി ഉത്പാദനത്തിനുശേഷം പൊന്മുടിയിൽ നിന്ന് നദി ശെങ്കുളത്ത് എത്തുന്നു. അവിടെ നിന്നും വെള്ളത്തൂവൽ പ്രദേശത്തേക്ക് ഒഴുകുന്നു. ഈ ഭാഗത്ത് നദിക്ക് മുതിരപ്പുഴയാർ എന്നാണ്‌ പേര്‌. നദി പിന്നീട് കല്ലാർകുട്ടി അണക്കെട്ടിൽ വന്നു ചേരുന്നു. നേരിയമംഗലത്തുനിന്നും വരുന്ന ജലം കല്ലാർകുട്ടിയിൽ നിന്ന് കവിഞ്ഞൊഴുകുന്ന ജലവുമായി ചേർന്ന് പനംകുട്ടിയിൽ ഒന്നുചേരുന്നു. ഇവിടെ വച്ച് പെരിയാറിന്റെ രണ്ട് ഉത്ഭവസ്ഥാനങ്ങളിൽ നിന്നും ഒഴുകുന്ന കൈവഴികൾ ഒന്നുചേരുന്നു. ഇവിടെ വെച്ച് വീണ്ടും ലോവർ പെരിയാറിലേക്ക് ജലം വിനിയോഗിക്കപ്പെടുന്നു.

മൂന്നാമത്തെ ഉത്ഭവസ്ഥാനം

പെരിയാറിന്റെ മൂന്നാം ഉത്ഭവം ദേവികുളം താലൂക്കിലെ ആനമലയിൽ നിന്നാണ്‌. പാച്ചിയാർ, ആനക്കുളം പുഴ, കരിന്തിരിയാർ, മേലാശ്ശേരിപ്പുഴ, മണിമലയാർ, കല്ലാർ എന്നീ ചെറുനദികൾ ചേർന്നാണ്‌ പൂയ്യംകുട്ടിയാറ് ഉണ്ടാകുന്നത്. ആനമലയാറും മറ്റു നിരവധി അരുവികളും ചേർന്ന് ഇടമലയാറും രൂപപ്പെടുന്നു. ഇടമലയാറിലെ ജലവും അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനുശേഷം താഴേക്കൊഴുകുന്ന ഇടമലയാറ് കൂട്ടിക്കലിൽവച്ച് പൂയം‌കുട്ടി നദിയുമായി ചേർന്ന് കുട്ടമ്പുഴ എന്ന പേരിൽ പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് സംഭരണിയിലെത്തുന്നു.  ഈ സംഭരണിയുടെ കരയിലാണ്‌ പ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. പെരിയാർ വാലി പ്രദേശത്ത് വച്ച് പെരിയാറിന്റെ മൂന്നു ശാഖകളും സംഗമിക്കുന്നു.

ഇവിടെ നിന്ന് ഒഴുകുന്ന പെരിയാറിനെ ചെങ്കുത്തായ പ്രദേശങ്ങൾക്കു പകരം സമതല പ്രദേശങ്ങളാണ്‌ സ്വീകരിക്കുന്നത്. ഇവിടെ ഏതാനും ചെറിയ തുരുത്തുകൾ പ്രത്യക്ഷപ്പെടുന്നു. മുളങ്കുഴിപ്രദേശത്ത് എത്തുന്ന പെരിയാറിന്റെ ഒരു കരയിൽ നിബിഡമായ തേക്കിൻകാടുകളാണ്‌. ചെറിയ ഉരുളൻ കല്ലുകൾ നിറഞ്ഞ പ്രദേശത്ത് ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ട്. ഇവിടെ നിന്ന് കാടപാറ, ഇല്ലിത്തോട്എന്നീ പ്രദേശങ്ങൾ താണ്ടി മലയാറ്റൂർ എത്തുന്നു. കേരളത്തിലെ ഏക ആനമെരുക്കൽ കേന്ദ്രമായ കോടനാട് മലയാറ്റൂരിന്റെ എതിർകരയിലാണ്‌ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും പടിഞ്ഞാറേക്കൊഴുകുന്ന നദി കാലടിയിലെത്തുന്നു. കാലടിയിൽ വച്ച് ശ്രീശങ്കരാചാര്യർ പാലത്തിനടിയിലൂടെ മെയിൻ സെണ്ട്രൽ റോഡിനെ കുറുകെ കടക്കുന്ന നദി കാഞ്ഞൂർ എന്ന തുരുത്ത് സൃഷ്ടിച്ച് താഴേക്കൊഴുകി ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റത്ത്എത്തുന്നു. ഇവിടെ നിന്ന് നദി കിഴക്കോട്ടാണ്‌ ഒഴുകുന്നത്. പെരുമ്പാവൂരിലേക്കൊഴുകുന്ന നദി മുടിക്കൽ എന്ന പ്രദേശത്തെത്തിയശേഷം വീണ്ടും പടിഞ്ഞാറേക്കൊഴുകുന്നു. ഇവിടെ ഇരുകരകളിലുമായി വാഴക്കുളം, കീഴ്മാട്, തിരു‌വൈരാണിക്കുളം എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നു. വീണ്ടും പടിഞ്ഞാറേക്കൊഴുകുന്ന നദി തോട്ടും‌മുഖം ഭാഗത്ത് വച്ച് പരുന്തുറാഞ്ചി തുരുത്തിന്‌ രൂപം നൽകുന്നു. ഇതിലെ ഒരു കൈവഴി ചൊവ്വരക്കടുത്ത് വച്ച് ആലുവാ തുരുത്തും സൃഷ്ടിക്കുന്നു. ഇത് മംഗലപ്പുഴയിൽ ചേരുന്നു. ആലുവാക്കടുത്തെത്തുന്ന പ്രധാന നദി, റെയിൽ പാലത്തിനടുത്ത് ശിവരാത്രി മണപ്പുറത്ത് വച്ച് രണ്ടായി പിരിയുന്നു. കൊച്ചി നഗരത്തിലേയും ആലുവയിലേയും ശുദ്ധജലവിതരണത്തിനായുള്ള പമ്പിങ്ങ് സ്റ്റേഷൻ ഇവിടെയാണ്‌. വലത്തോട്ട് പോകുന്ന ശാഖയെ മംഗലപ്പുഴശാഖ എന്നും ഇടത്തോട്ട് പോകുന്നതിനെ മാർത്താണ്ഡവർമ ശാഖ എന്നും വിളിക്കുന്നു.     മാർത്താണ്ഡവർമ്മ ശാഖ പാലത്തിനടിയിലൂടെ പ്രവഹിച്ച് ഉളിയന്നൂർ ദ്വീപ് സൃഷ്ടിച്ച് കയന്റിക്കരയിൽ വച്ച് കൂടിച്ചേരുന്നു. ഇതിനു ശേഷം വീണ്ടും രണ്ടായി പിരിയുന്ന മർത്താണ്ഡവർമ്മപ്പെരിയാറിന്റെ പ്രധാനശാഖ പാതാള ത്ത്എത്തുന്നു. ഉദ്യോഗമണ്ഡലിനടുത്തുകൂടെ ഒഴുകി വരാപ്പുഴയിൽ ചേരുന്നു. രണ്ടാമത്തെ ശാഖ അബുതുരുത്ത്, എടമുള തുരുത്ത് എന്നിവയുണ്ടാക്കിയശേഷം മുട്ടർപുഴ എന്ന പേരിൽ കളമശ്ശേരിയിലൂടെ മഞ്ഞുമ്മൽ വഴി ഒഴുകുന്നു. ഏലൂരിൽവച്ച് ഇത് വരാപ്പുഴയിൽ എത്തുന്ന മറ്റേ ശാഖയുമായി ചേരുന്നു. ഇവിടെ നിന്ന് പലശാഖകളായി പിരിഞ്ഞ് കടമക്കുടി, മുളവുകാട്, കോതാട്, എന്നീ ദ്വീപുകൾ പിന്നിട്ട് കൊച്ചി നഗരാതിർത്തിയിൽ ചിറ്റൂർ വച്ച് വേമ്പനാട്ട് കായലിൽ പതിക്കുന്നു. ഏലൂർ മുതൽ വേമ്പനാട്ടുകായൽ വരെ നദിക്ക് കായലിന്റെ സ്വഭാവമാണുള്ളത്
  പെരിയാറിന്റെ മംഗലപുഴശാഖ പടിഞ്ഞാറേക്കൊഴുകി മംഗലപ്പുഴ സെമിനാരിക്കരികിലൂടെ മംഗലപ്പുഴ പാലവും കടന്ന് എളന്തികരയിൽ വച്ച് ചാല കുടി പുഴയുമായിസംഗമിക്കുന്നു. നദിക്കരയിൽ ഉള്ള സ്ഥലങ്ങൾ ചെങ്ങമനാട്, അടുവാശ്ശേരി, കാരുമാലൂർ, കുന്നുകര, ആലങ്ങാട്, തടിക്കടവ്, മാഞ്ഞാലി എന്നിങ്ങനെയാണ്‌. എളന്തിക്കരയിൽ നിന്നും പടിഞ്ഞാറേക്കൊഴുകുന്ന നദി പുത്തൻവേലിക്കര യിൽ വച്ച് വീണ്ടും ശാഖകൾക്ക് ജന്മം നൽകുന്നു. പ്രധാനശാഖ വീണ്ടും പടിഞ്ഞാറേക്കൊഴുകുകയും തൃശൂരിലെ കരുവന്നൂർ നദിയുമായി ചേർന്ന് കൊടുങ്ങാലൂരെത്തി മുനമ്പത്ത് വച്ച് അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നു.

പെരിയാർ തീരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ.

1.മുല്ലപെരിയാർ അണക്കെട്ട്

ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത്പ്രദേശത്താണ് ഈ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ്‌മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെപെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.

2.ഇടുക്കി അണക്കെട്ട്

കുറവൻ മലയെയും,  കുറത്തിമലയെയും കൂട്ടിയിണക്കി   പെരിയാറിന്‌ കുറുകെ  നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്‌. ഏഷ്യയിലെആദ്യത്തെ കമാന അണക്കെട്ടിന്റെ 
ഉദ്ദേശ്യം വൈദ്യുതോല്പാദനമാണ് . 

3.ചെറുതോണി അണക്കെട്ട്

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്. ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട്എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം.

4.കുളമാവ് അണക്കെട്ട്

ഇടുക്കി ജലവൈദ്യുതപദ്ധതിയിൽപ്പെടുന്ന ഒരു അണക്കെട്ടാണ് കുളമാവ്അണക്കെട്ട്. കുളമാവ് എന്നസ്ഥലത്ത് ഇത് സ്ഥിതിചെയ്യുന്നതിനാൽ ആ പേരിൽ അറിയപ്പെട്ടു. തൊടുപുഴയിൽ നിന്നും ഇടുക്കിയിലേക്കുള്ള പ്രധാന പാത ഈ അണക്കെട്ടിനു മുകളിലൂടെയാണ്. 

5.മൂന്നാർ

തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിനൽകും. കാഴ്ചകൾ അതിമനോഹരമാണ്.മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.

6.
കുണ്ടല അണക്കെട്

 മൂന്നാറിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിൽ   ടോപ്പ് സ്റ്റേഷനിലേക്കുന്ന വഴിയിലാണ് കുണ്ടള ഡാം സ്ഥിതിചെയ്യുന്നത്. പെരിയാർ നദിക്കു കുറുകെയുള്ള ഈ അണക്കെട്ട്  പള്ളിവാസൽ പദ്ധതിയുടെ ഒരു സ്റ്റോറേജ് അണക്കെട്ടുമാണ്.

7.മാട്ടുപ്പെട്ടി
മൂന്നാറിനുസമീപം  പാലാറിനു കുറുകെസ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസൽ പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടാണിത്. 

8.പീരുമേട്

ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്.
പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.പാഞ്ചാലിമേട്, പരുന്തും പാറ വാഗമൺ എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായിത്തീർന്നിട്ടുണ്ട്. 

9.ആനയിറങ്കൽ ഡാം

ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് ആനയിറങ്കൽ അണക്കെട്ട്. ഇത് മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ,ശാന്തമ്പാറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്നു. ഒരു വശം വനമേഖലയാലും മറ്റു വശങ്ങൾ ടാറ്റയുടെ ടീ പ്ലാന്റേഷനാലും അണക്കെട്ട് ചുറ്റപ്പെട്ടിരിക്കുന്നു കുമളി - മൂന്നാർ പാതയ്ക്കു സമീപമാണ് അണക്കെട്ടിന്റെ സ്ഥാനം.

10.കല്ലാർകുട്ടി അണക്കെട്ട്

ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കൊന്നത്തടി വെള്ളത്തൂവൽപഞ്ചായത്ത് അതിർത്തിയിലാണ് അണക്കെട്ട് നിലകൊള്ളുന്നത്. ചെങ്കുളം അണക്കെട്ടിന്റെപവർഹൗസിൽ നിന്നും പുറന്തള്ളുന്ന ജലം ഇവിടെ തടഞ്ഞു നിർത്തി നേര്യമംഗലം പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. അടിമാലി - കൊന്നത്തടിപാത ഈ അണക്കെട്ടിന്റെ മുകളിലൂടെയാണ് കടന്നു പോകുന്നത്.

11.പൂയംകുട്ടി

എറണാകുളം ജില്ലയിലെ കുട്ടമ്പുഴഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂയംകുട്ടി.കോതമംഗലത്തു നിന്നും 26 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു. ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.

12.ഇടമലയാർ

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് ഇടമലയാർ. കേരളത്തിലെ പ്രമുഖ ജല വൈദ്യുത പദ്ധതികളിൽ ഒന്നാണ് ഇടമലയാർ ജല വൈദ്യുത പദ്ധതി.

13.കൂട്ടിക്കൽ

കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത്‌, ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് കൂട്ടിക്കൽ. കാഞ്ഞിരപ്പള്ളി താലൂക്കിൽ പെടുന്നു. പുല്ലകയാറ്‌, കൊക്കയാറ, താളുങ്കൽ തോട്‌ എന്നീ മൂന്നു പുഴകൾ ത്രിവേണീ സംഗമം പോലെ കൂടിച്ചേരുന്ന ഈ പ്രദേശത്തിന് കൂട്ടി എന്നു പേരുണ്ടായി. ഇതു പിന്നീട്‌ കൂട്ടിയിൽ എന്നും കൂട്ടിക്കൽ എന്നുമായി എന്നാണ് ഒരു വിശ്വാസം

14.കുട്ടമ്പുഴ

എറണാകുളം ജില്ലയിലെകുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുട്ടമ്പുഴ ഗ്രാമം. ഭൂതത്താൻ കെട്ട്അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്. - ഇഞ്ചത്തൊട്ടി തൂക്കുപാലം ഇതിനടുത്താണ്.

15.ഭൂതത്താൻകെട്ട്.
എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്.മലയാറ്റൂർ വനമേഖലയിലേക്കും മലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.

16.പാണിയേലിപ്പോര്
ചെറുവെള്ളച്ചാട്ടങ്ങളുടെ പറുദീസ. ആലുവ- മൂന്നാര്‍ റോഡില്‍ കുറുപ്പംപടിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം.
വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ സസ്യജാലങ്ങളും ആകര്‍ഷണം.

17.തട്ടേക്കാട്
കോതമംഗലത്ത് നിന്ന് 13 കിലോമീറ്റര്‍ ദൂരം. പ്രധാന ആകര്‍ഷണം പക്ഷി നിരീക്ഷണം. 25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി.
പക്ഷികളുടെ സമഗ്രവിവരങ്ങള്‍ അറിയാനുള്ള സെന്റര്‍, ചിത്രശലഭോദ്യാനം, നക്ഷത്രവനം, മെഡിസിനല്‍ ഗാര്‍ഡന്‍, സിംഹവാലന്‍, രാജവെമ്ബാല തുടങ്ങിയ വന്യജീവികളുടെ പുനരധിവാസ കേന്ദ്രം, വര്‍ണ്ണമത്സ്യങ്ങളുള്ള അക്വേറിയം എന്നിവയുണ്ട്.
ഏറുമാടം, വ്യൂ ടവര്‍, വാച്ച്‌ ടവര്‍ എന്നിവിടങ്ങളില്‍ കുടുംബസമേതം താമസിക്കാം. ഫോണ്‍: 8547603176.

18.മുളംങ്കുഴി
എറണാകുളം ജില്ലയിലെ ആലുവ ബ്ലോക്ക് പഞ്ചായത്തിന്റെയും മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്തിന്റെയും കീഴിൽ വരുന്ന വിനോദസഞ്ചാര കേന്ദ്രവുമായ ഒരു പ്രദേശമാണ് മുളംകുഴി. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വെള്ളച്ചാട്ടമായ വേനൻബ്രാവടി‌ വെള്ളച്ചാട്ടം (മുളംകുഴി വെള്ളച്ചാട്ടം എന്നുമറിയപ്പെടുന്നു) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. മുളംകുഴിയിലെ മഹാഗണിത്തോട്ടവും വിനോദസഞ്ചാരത്തിന് പേരുകേട്ടതാണ്.

19.
ഇല്ലിത്തോട്
കൊച്ചിയിൽ നിന്നും 62 കി.മിറ്ററും മലയാറ്റൂരിൽ നിന്നും 10 കി.മി.യും അകലെ  പേരിയറിൻ തീരത്ത് 
പ്രകൃതിസുന്ദരമായ ഇല്ലിത്തോട്‌ സ്ഥിതിചെയ്യുന്നു.

20.മലയാറ്റൂർ

എറണാകൂളം ജില്ലയിലെ ഒരു പട്ടണമാണ് മലയാറ്റൂർ. കൊച്ചിനഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കു് ആയിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. അതിപ്രാചീനമായ സാംസ്കാരികകേന്ദ്രമായിരുന്നു മലയാറ്റൂർ. മലയാറ്റൂർ മലമുകളിലെ സെന്റ് തോമസ് പള്ളികേരളത്തിലെ ഒരു പ്രമുഖ കൃസ്തീയ തീർഥാടന കേന്ദ്രമാണ്. 

21.കോടനാട്
എറണാകുളം ജില്ലയിൽ പെരിയാറിന്റെതീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രമാണ്‌.  കോടനാടിന്റെ മറുകരയാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.

22.കാലടി
 എറണാകുളം ജില്ലയിൽപെരിയാറിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെപ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെജന്മസ്ഥലമായ കാലടി ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കുംഇടയിൽ എം.സി. റോഡിന്‌ അരികിലായാണ്‌ കാലടി സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്‌. കാലടിയിൽ പ്രശസ്തമായ സംസ്കൃത സർ‌വ്വകലാശാല സ്ഥിതിചെയ്യുന്നു. 

23.ചേലാമറ്റം
എറണാകുളം ജില്ലയിലെ ഒക്കല്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ വടക്കുമാറി പെരിയാറിന്റെ തീരത്താണ്‌ പിതൃതര്‍പ്പണത്തിന്‌ പ്രസിദ്ധമായ ഈ ക്ഷേത്രം

24.തിരുവൈരാണിക്കുളം

കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവാതാലുക്കിലാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണിവിടെ പ്രധാന മൂർത്തി. 

25.ആലുവ ശിവരാത്രി മണപ്പുറം

എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്‍റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.പെരിയാറിന്‍റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി കൊണ്ട് പ്രശസ്തമായതാണ് ഈ ക്ഷേത്രം.

26.കോട്ടയിൽ കോവിലകം

 എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കോട്ടയിൽ കോവിലകം

മൂന്നു നദികളുടെ സംഗമസ്ഥാനത്ത് ഉള്ള ഈ ഗ്രാമത്തിൽ ഒരു ചെറിയ കുന്നിനു മുകളിൽ ഒരു ശ്രീകൃഷ്ണ ക്ഷേത്രവും ഒരു ക്രിസ്തീയ ദേവാലയവും ഒരു മുസ്ലീം പള്ളിയും ഒരു ജൂത സിനഗോഗും ഉണ്ട്.

27.ഉളിയന്നൂർ
 എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത്ഉളിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ് ഉളിയന്നൂർ മഹാദേവക്ഷേത്രം. പെരിയാർ രണ്ടായി പിരിഞ്ഞ് ഉണ്ടായ ഉളിയന്നൂർ ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

വന്യജീവി സങ്കേതങ്ങൾ

ഇരവികുളം നാഷണൽ പാർക്ക്

പെരിയാർ ടൈഗർ റിസർവ്

ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രം

ചിന്നാർ വന്യമൃഗ സം‌രക്ഷണ കേന്ദ്രം

ഇന്ദിരാഗാന്ധി നാഷണൽ പാർക്ക്

തട്ടേക്കാട് പക്ഷി സങ്കേതം.

Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...