പ്രളയത്തിന് കാരണം അണക്കെട്ടുകളോ?; മുല്ലപ്പെരിയാറിൽ വരുമോ പുതിയ ഡാം?

തിരുവനന്തപുരം∙ കേരളത്തിലെ പ്രളയത്തിന് അണക്കെട്ടുകൾ കാരണമാകുന്നുണ്ടോ? മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ സാധ്യതയുണ്ടോ? മലയിടിച്ചിലും ഉരുൾപൊട്ടലും ഇനിയും തുടരുമോ? സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർക്ക് എല്ലാറ്റിനും ഉത്തരമുണ്ട്.
വിശദാംശങ്ങൾ പറയുമ്പോഴും അദ്ദേഹം ഒരു കാര്യം ഓർമിപ്പിക്കുന്നുണ്ട്–‘ഞാനും ഒരു ചെറുകിട കർഷകനാണ്. കർഷകത്തൊഴിലാളിയാണ്. കർഷകരുടെ ദുഃഖങ്ങൾ എനിക്കു തിരിച്ചറിയാനാകും.’
വിശദീകരണങ്ങളെക്കുറിച്ചു പഠിക്കാതെ കേട്ടറിവുകൾ വ്യാഖ്യാനിക്കുന്നതാണു കേരളത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന കാഴ്ചപ്പാടും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കണം. പഠിക്കാതെയുള്ള എടുത്തു ചാട്ടങ്ങളും വികാരപ്രകടനങ്ങളും പ്രകൃതിയെ സംരക്ഷിക്കാൻ ഉതകില്ല. സാധ്യതകളും വെല്ലുവിളികളും ശരിയായി പഠിച്ച് ആസൂത്രണം ചെയ്താൽ മാത്രമേ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാവുകയുള്ളൂ.
സംസ്ഥാനത്ത് 40 ലേറെ ഡാമുകൾ ഉണ്ട്. മഴക്കാലത്ത് ഇവയിൽ വെള്ളം നിറയും. മഴ സൃഷ്ടിക്കുന്ന വെള്ളത്തിനൊപ്പം ഡാമുകളിലെ വെള്ളം കൂടി എത്തുമ്പോഴല്ലേ പ്രളയം ഉണ്ടാകുന്നത്?
കേരളത്തിലെ പൊതു ധാരണയാണു താങ്കൾ പങ്കുവച്ചത്. ആദ്യമേ പറയാം, പ്രളയത്തിന് ഡാമുകൾ കാരണമാകുന്നില്ല. 2018ലെ പ്രളയകാലത്ത് അണക്കെട്ടുകൾ തുറന്നതിനെക്കുറിച്ച് അറിയാമല്ലോ. ഇപ്പോൾ ആ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ട്. മഴ ശക്തമാകുന്നത് അനുസരിച്ച് ഡാമുകൾ തുറക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. കേന്ദ്ര ജല കമ്മിഷന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഈ സമിതിക്കു സാഹചര്യങ്ങൾ വിലയിരുത്തി ഡാമുകൾ തുറക്കാൻ നിർദേശിക്കാം. ഇപ്പോൾ ഇടുക്കി ഡാം (ചെറുതോണി ഡാമിന്റെ ഷട്ടർ) തുറന്നത് അവരുടെ നിർദേശ പ്രകാരമാണ്.

ശാസ്ത്രീയമായി പരിശോധിച്ചു മാത്രമേ ഡാം തുറക്കുന്നുന്നുള്ളൂ. അതിനാൽ അതു പ്രളയത്തിനു കാരണമാകുന്നില്ല. ഡാമുകൾ കാരണമാണു വെള്ളപ്പൊക്കവും പ്രളയുമെന്നു പറയുന്നതിനു ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല. കോട്ടയത്തെ കൂട്ടിക്കലും മുണ്ടക്കയത്തുമാണല്ലോ ഇത്തവണ കൂടുതൽ നാശനഷ്ടം ഉണ്ടായത്. ആ താലൂക്കിൽ ഡാമുകളേയില്ല. 1924ൽ മൂന്നാറിലെ കനത്ത പ്രളയത്തിൽ നശിച്ച റെയിൽവേ പോലും നമുക്ക് ഇതുവരെ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. അന്ന് ഇടുക്കിയിൽ ഒരു ഡാമും ഉണ്ടായിരുന്നില്ല. അമിത ജലത്തെ നിയന്ത്രിച്ചു നിർത്തി സഹായിക്കുകയാണ് ഡാമുകൾ ചെയ്യുന്നത്.
ഡാമുകളുടെ ശേഷി പൂർണമായി വിനിയോഗിക്കാൻ സാധിക്കുന്നുണ്ടോ? അവയിലെ മണ്ണും മണലും നീക്കം ചെയ്തു യഥാർഥ സംഭരണശേഷി ഉപയോഗിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലേ?
ശേഷി പൂർണമായി വിനിയോഗിക്കാൻ സാധിക്കുന്നില്ലെന്ന കാര്യം ശരിയാണ്. ഡാമുകളുടെ ശേഷി വീണ്ടെടുക്കുമ്പോൾ കൂടുതൽ വെള്ളം സംഭരിക്കാനാകുമെന്നു മാത്രമല്ല, എക്കലും മണലും വിൽക്കുന്നതിലൂടെ സർക്കാരിനു കോടികളുടെ വരുമാനവും ലഭിക്കും. സംഭരണശേഷി കൂടുന്നതോടെ ഓരോ മഴക്കാലത്തും ഡാമുകൾ തുറന്നു വിടേണ്ടിവരില്ല. സംഭരണശേഷി കൂടുന്നതോടെ കൃഷിക്കും വൈദ്യുതിക്കും വേണ്ടത്ര ജലം ലഭിക്കുകയും ചെയ്യും.

സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷിയുടെ 30 മുതൽ 40 ശതമാനം വരെ എക്കലും മണ്ണും അടിഞ്ഞുകിടക്കുന്നു. വനങ്ങളിൽ ഓരോ തവണ മഴ പെയ്യുമ്പോഴും ചെളിയും മണലും വൻതോതിലാണ് ഡാമുകളിലേക്ക് എത്തുന്നത്. അതു യഥാസമയം നീക്കം ചെയ്യാൻ സാധിക്കുന്നില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞ പരിശ്രമങ്ങൾക്കൊടുവിൽ ഇപ്പോൾ മംഗലം ഡാമിൽനിന്നു ചെളിയും മണലും നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ നടപടികൾക്കു വേഗം പോരാ. അതിനാൽ എല്ലാ ഡാമുകളുടെയും ശേഷി എത്രകാലം കൊണ്ടു വീണ്ടെടുക്കാനാവുമെന്നു പറയാനുമാവില്ല.
വനം വകുപ്പിന്റെ നടപടികളാണു പ്രധാന തടസ്സമായി നിൽക്കുന്നത്. ഡാമുകൾ ശുദ്ധീകരിക്കാൻ വരുന്നവർക്ക് പ്ലാന്റും മറ്റും സ്ഥാപിക്കണം. അതിനുവേണ്ട സ്ഥലം വനം വകുപ്പാണു നൽകേണ്ടത്. പക്ഷേ, വനനശീകരണം ഉണ്ടാകുമെന്ന കാരണമാണ് അവർ ഉന്നയിക്കുന്നത്. വനം വകുപ്പിന്റെ നൂലാമാലകൾ ഉള്ളതിനാൽ ഡാമുകളുടെ തീരത്ത് പ്ലാന്റ് സ്ഥാപിക്കാമെന്ന അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് ഡാമുകളിൽ വെള്ളം നിറഞ്ഞാൽ പ്ലാന്റുകൾ അപകടത്തിലാകാനുള്ള സാധ്യതയും ആലോചിക്കണമല്ലോ.
മുല്ലപ്പെരിയാർ ഡാമിന്റെ ഭാവി എന്താണ്? അതിനു താഴെ പുതിയ ഡാം യാഥാർഥ്യമാകുമോ?
മുല്ലപ്പെരിയാർ ഡാമിൽ ഇപ്പോൾ കേരളത്തിനു പ്രത്യേക അവകാശങ്ങളൊന്നുമില്ല. സുപ്രീംകോടതി വിധിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കേന്ദ്രത്തിന്റെ ഡാം സേഫ്റ്റി അതോറിറ്റി ബിൽ ലോക്സഭയിൽ പാസായി. ഇനി രാജ്യസഭയിൽ കൂടി പാസാകണം. എങ്കിൽ മാത്രമേ സുപ്രീംകോടതി വിധിയെ മറികടക്കാൻ സാധിക്കുകയുള്ളൂ. കേന്ദ്ര ഡാം സേഫ്റ്റി അതോറിറ്റി നിലവിൽ വന്നാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാനാകും.

ഡാമുകൾ കാരണമല്ല വെള്ളപ്പൊക്കവും ഉരുൾ പൊട്ടലുമെന്നു താങ്കൾ പറയുന്നു. പിന്നെ എന്തൊക്കെയാണു കാരണങ്ങൾ?
ഞാൻ കൃഷിക്കാരനാണെന്നു നേരത്തേ പറഞ്ഞല്ലോ. ഉയർന്ന പ്രദേശങ്ങളിലും മലകളിലും റബർ കൃഷിക്ക് പ്ലാറ്റ്ഫോം തയാറാക്കൽ, മണ്ണിളക്കൽ എന്നിവയാണ് ഉരുൾപൊട്ടലിനു കാരണമാകുന്നത്. മഴവെള്ളം ഈ കുഴികളിലൂടെ ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറങ്ങുന്നു. തുടർച്ചയായി മഴ ഉണ്ടാകുമ്പോൾ മണ്ണിനടിയിൽ സംഭരിക്കപ്പെടുന്ന വലിയ അളവിലുള്ള ജലമാണ് ഉരുൾ പൊട്ടലുകൾക്കു കാരണമാകുന്നത്. മലകളുടെയും ഉയർന്ന പ്രദേശങ്ങളുടെയും മുകളിൽ മഴക്കുഴികൾ തയാറാക്കുന്നതു ശാസ്ത്രീയമല്ല. അതും വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിലും മണ്ണിടിച്ചിലിനും കാരണമാകും. ഇക്കാര്യത്തിൽ സർക്കാർ കർശന നിർദേശം നൽകണം. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായും മഴക്കുഴികൾ നിർമിക്കുന്നുണ്ട്.
കുന്നുകളിലെ കൃഷിത്തോട്ടങ്ങളിൽനിന്നു താഴേക്കു ചാലുകൾ നിർമിക്കുന്നതു ഭൂമിക്കടിയിൽ വെള്ളം കെട്ടി നിൽക്കുന്ന സാധ്യത ഒഴിവാക്കില്ലേ?
ശരിയാണ്. പക്ഷേ, അതിനൊക്കെ വലിയ ചെലവുണ്ട്. മാത്രമല്ല, കൃഷി ചെയ്യാവുന്ന സ്ഥലത്തിന്റെ അളവു കുറയും. സർക്കാർ നിബന്ധന വച്ചാൽ ആദ്യമൊക്കെ കർഷകർ ചാലുകൾ നിർമിച്ചേക്കാം.വൈകാതെ ചാലുകൾ കൃഷിസ്ഥലമായി പുനഃസ്ഥാപിക്കപ്പെടും. പരമാവധി സ്ഥലത്തു കൃഷി ചെയ്താലേ വരുമാനം ലഭിക്കുകയുള്ളൂ. അതിനാൽ കർഷകരെ തെറ്റുപറയാനുമാവില്ല.

ഉരുൾപൊട്ടിയുള്ള മരണങ്ങൾ ഒഴിവാക്കുന്നതെങ്ങനെ?
ഇത്തരം സാധ്യതാപ്രദേശങ്ങൾ കണ്ടെത്തിയശേഷം അവിടെനിന്ന് ആളുകളെ ഒഴുപ്പിക്കുകയാണു വേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ നയം രൂപീകരിക്കണം. ജനങ്ങളും ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ട്. സർക്കാർ വിജ്ഞാപനം ചെയ്യുന്ന സ്ഥലങ്ങളിൽനിന്നു താമസം മാറ്റാൻ സ്വയം സന്നദ്ധരാകണം. പ്രാണൻ രക്ഷിക്കാൻ മറ്റു വഴികളില്ലെന്ന് ഓർക്കുക.
- മനോജ് കടമ്പാട്,മനോരമ ഓൺലൈൻ
Comments
Post a Comment