ഓക്സിജന്റെ അളവ് കുറയുമോ, ശ്വാസത്തിനു വേണ്ടി പിടഞ്ഞാകുമോ ഭൂമിയിലെ ജീവന്‍റെ അന്ത്യം?

ഭൂമിയിലെ ജീവന്‍റെ രൂപപ്പെടലിന് അടിസ്ഥാനം തന്നെ ഓക്സിജന്‍റെ കൂടിച്ചേരലാണ്. ഓക്സിജന്‍റെ രൂപപ്പെടലിനും, ലളിതമായി പറഞ്ഞാല്‍ ഓക്സിജന്‍പിടിച്ചു നിര്‍ത്തുന്നതിനും അന്തരീക്ഷം ഉള്‍പ്പടെയുള്ള നിരവധി ഘടകങ്ങളുടെ സഹായമുണ്ട്.ആത്യന്തികമായി മറ്റ് ഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയെ ജീവന്‍റെ ഉറവിടമാക്കി മാറ്റിയതില്‍ ഓക്സിജന്‍റെ സാന്ദ്രതയാണ് ഏറ്റവും നിര്‍ണായകമായത്. എന്നാല്‍ ഈ ഓക്സിജന്‍റെ അളവ് കുറയുന്നുവെന്നും വൈകാതെ ഓക്സിജന്‍റെ സാന്ദ്രതയിലുണ്ടാകുന്ന ഈ കുറവ് ഭൂമിയിലെ എല്ലാ ജീവികളുടെയും ശ്വാസം കിട്ടാതെ പിടഞ്ഞുള്ള മരണത്തിലേക്ക് നയിക്കുമെന്നുമാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.
ഭൂമി എല്ലായ്പ്പോഴും ഇന്നു കാണുന്ന സ്ഥിതിയിലായിരുന്നില്ല. പല വാതകങ്ങളുടെയും അളവും സാന്ദ്രതയും കുറഞ്ഞും കൂടിയും ഭൂമിയുടെ അന്തരീക്ഷത്തില്‍ കാണപ്പെട്ടിരുന്നു. ഈ മാറ്റത്തിന്‍റെ തുടര്‍ച്ചയിൽ ഒരു ഘട്ടം മാത്രമാണ് ഓക്സിജനാല്‍ സമ്പന്നമായ ഇന്നത്തെ ഭൂമി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഭാവിയിലും ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ശാസ്ത്രീയമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ അടുത്ത ഘട്ടത്തില്‍ ഭൂമിയിലെ ഓക്സിജന്‍റെ അളവ് കുറയുകയും മീഥൈനിന്‍റെ അളവ് വർധിക്കുകയും ചെയ്യുമെന്നു ഗവേഷകർ പറയുന്നു.
മാറ്റം ഉടനുണ്ടാകുമോ?
ഈ മാറ്റം ഉടന്‍ സംഭവിക്കുമോ എന്ന ചോദ്യത്തിന് നിസംശയം ഇല്ല എന്ന ഉത്തരമാണ് ഗവേഷകര്‍ നൽകുന്നത്. അടുത്ത 100 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം സമാനമായ ഒരു മാറ്റം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഇവര്‍ പറയുന്നു. പക്ഷേ ഗ്രേറ്റ് ഓക്സിഡേഷന്‍ ഇവന്‍റ് എന്ന് വിളിക്കുന്ന ഈ മാറ്റം ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ അതിവേഗത്തില്‍ സംഭവിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഡീ ഓക്സിജനേഷന്‍ എന്നാണ് ഓക്സിജന്‍ കുറഞ്ഞ് മറ്റ് വാതകങ്ങള്‍ വർധിക്കുന്ന ഘട്ടത്തെ വിളിക്കുക. ഈ പ്രതിഭാസം എല്ലാ ഗ്രഹങ്ങളിലും സംഭവിക്കുന്ന ഒന്നാണെന്നും ഈ മാറ്റമാണ് മറ്റ് ഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ക്ക് മിക്കപ്പോഴും തടസമാകുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷത്തില്‍ സംഭവിക്കുന്ന ഡീ ഓക്സിജനേഷന്‍റെ മാതൃക തയാറാക്കിയാണ് ഈ പഠനം നടത്തിയത്. ഈ മാതൃക അനുസരിച്ച് ഒരു നിശ്ചിത സമയത്തിന് ശേഷം ഭൂമിയിലെ ഓക്സിജന്‍റെ അളവ് ക്രമാതീതമായി താഴാന്‍ തുടങ്ങും. ഭൂമിയിലെ താപനിലയും, മര്‍ദവുമെല്ലാം ഈ മാറ്റത്തിന് പിന്നിലെ കാരണമാണ്. ഇങ്ങനെ ഓക്സിജന്‍റെ അളവ് കുറയുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെയും അളവ് വർധിക്കും. ക്രമേണ ഭൂമിയിലെ ജലാംശവും കുറയാന്‍ തുടങ്ങും. ഈ സ്ഥിതി തുടരുന്നതോടെ ഭൂമിയില്‍ ഇന്ന് കാണുന്ന ജലത്തിന്‍റെ വലിയൊരംശം ഇല്ലാതാകും.
സ്വാഭാവികമായും ഈ ഒരു അവസ്ഥയില്‍ മനുഷ്യരുള്‍പ്പടെ ഒരു ജീവജാലത്തിനും ഭൂമിയില്‍ പിന്നീട് അതിജീവിക്കാന്‍ കഴിയില്ല. ശ്വാസം ലഭിക്കാതെ ജീവികള്‍ പിന്നീടുള്ള കാലത്ത് മരിക്കുകയോ അല്ലെങ്കില്‍ പ്രത്യുൽപാദനം തന്നെ അവസാനിക്കുകയോ ചെയ്യും. പക്ഷേ ഈ സാധ്യതയെല്ലാം ചുരുങ്ങിയത് 100 കോടി വര്‍ഷത്തിന് ശേഷം സംഭവിച്ചേക്കാവുന്ന ഒന്നാണ്. അത് വരെ മനുഷ്യനോ മറ്റ് ജീവജാലങ്ങളോ ഭൂമിയില്‍ അതിജീവിക്കുമോ എന്നതിന് വ്യക്തമായ ഉത്തരമില്ല. ഇനി അതീജീവിച്ചാലും ഇല്ലെങ്കിലും ഈ ഒരു കാലഘട്ടത്തോടെ പിന്നീടുള്ള ഏതാനും ബില്യണ്‍ വര്‍ഷങ്ങളിലേക്ക് ഭൂമിയില്‍ ഓക്സിജനെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവന്‍റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
സമുദ്രങ്ങള്‍ വറ്റുമ്പോള്‍
ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഈ സമയത്ത് സംഭവിക്കാനിടയുള്ള മറ്റ് പ്രതിഭാസങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ശാസ്ത്രലോകത്തിന്‍റെ കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തില്‍ 200 കോടി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴേക്കും ഭൂമിയിലേക്കെത്തുന്ന സൂര്യതാപം ക്രമാതീതമായ വർധിക്കും. ഇതോടെ സമുദ്രങ്ങള്‍ വറ്റി വരളും. പിന്നീട് ഏതാനും ബില്യണ്‍ വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഭൂമി സൂര്യനോട് അടുക്കുകയും അതിന്‍റെ ഫലമായി പൊട്ടിത്തെറിക്കുകയോ അതല്ലെങ്കില്‍ ഭൂമി സൂര്യനാല്‍ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യും.
ഭൗമശാസ്ത്രജ്ഞനായ ക്രിസ് റീന്‍ഹാര്‍ഡ്, പരിസ്ഥിതി ശാസ്ത്രജ്ഞനായ കസുമി ഒസാക്കി എന്നിവരാണ് ഈ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. നിലവിലെ ഓക്സിജന്‍റെ അടിസ്ഥാനത്തിലുള്ള ജൈവവ്യവസ്ഥ ഭൂമിയില്‍ നിന്ന് ഇല്ലാതാകുന്നതോടെ ഇന്ന് ഭൂമിയില്‍ കാണുന്ന ജീവവര്‍ഗങ്ങളില്‍ 20 ശതമാനം മാത്രമാകും ശേഷിക്കുകയെന്ന് ഇവര്‍ പറയുന്നു. ശേഷിക്കുന്നവയെല്ലാം തന്നെ അതിസൂക്ഷ്മജീവികളായിരിക്കും. ഇവ ഓക്സിജന്‍റെ ചെറിയ പോക്കറ്റുകളില്‍ അതിജീവിക്കാന്‍ കഴിയുന്നവയോ അതല്ലെങ്കില്‍ ഓക്സിജന്‍ തന്നെ ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന അനെയറോബിക് ജീവജാലങ്ങളോ ആയിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Comments
Post a Comment