ചത്തുവീണത് ആയിരക്കണക്കിന് പക്ഷികളും മത്സ്യങ്ങളും; ജന്തുലോകത്തെ വിചിത്ര ദുരന്തങ്ങള്‍!

ഒരുദിവസം പുലര്‍ച്ചെ ഒരു ഗ്രാമമാകെ കണി കാണുന്നത് ചത്തു വീണ ആയിരക്കണക്കിന് കാക്കകളുടെ ജഡമാണെങ്കിലോ ?. റഷ്യയിലെ ഒരു പ്രദേശത്താണ് ഈ ദുര്‍വിധിയുണ്ടായത്. ചത്ത കാക്കകളുടെ ശരീരത്തില്‍ ചവിട്ടാതെ ഏതാനും അടിപോലും നടക്കാന്‍ കഴിയില്ലെന്ന അവസ്ഥ പോലും ചില വീടുകളിലെ ആളുകള്‍ക്കുണ്ടായി.ഈ കാക്കകളുടെ ജഡങ്ങളാകെ എന്തു ചെയ്യുമെന്നതായിരുന്നു പ്രദേശവാസികളും, അധികൃതരും നേരിട്ട മറ്റൊരു വെല്ലുവിളി. ജന്തുലോകത്ത് ഇത്തരം അസാധാരണവും വിചിത്രവുമായ ദുരന്തങ്ങള്‍ ഒറ്റപ്പെട്ട കഥകളല്ല. പലപ്പോഴും യാഥാർഥ്യത്തിന് അപ്പുറമെന്ന് തോന്നുന്ന വിധത്തിലാണ് പല സംഭവങ്ങളും നമുക്കു കേള്‍ക്കാനാകുക.
റഷ്യയിൽ ഇതാദ്യമായാണ് ഇത്തരം ഒരു പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉഷറാക്ക് എന്ന ഗ്രാമത്തിലുള്ളവര്‍ സമാനമായ ഒരു വെല്ലുവിളി അവരുടെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. മേഖലയിലെ വെറ്ററിനറി ഡോക്ടര്‍മാരും എന്താണ് കാക്കകളുടെ കൂട്ടമരണത്തിന് പിന്നിലെ കാരണമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചിലരാകട്ടെ പക്ഷികളുടെ കൂട്ടം എന്നര്‍ത്ഥം വരുന്ന ഫ്ലോക്ക് എന്ന വാക്കിനൊപ്പം ലോകാവസാനത്തെയും ചേര്‍ത്ത് അഫ്ലോക്കാലിപ്സ് എന്ന പേര് തന്നെ ഈ സംഭവത്തിന് നല്‍കിയിട്ടുണ്ട്.
ലെബനനിലെ മത്സ്യങ്ങള്‍

ഈ വര്‍ഷം ഏപ്രില്‍ മാസത്തിൽ ലബനനിലാണ് സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ സംഭവിച്ചത് ഫ്ലോക്കോകാലിപ്സ് അല്ല ഫിഷോകാലിപ്സ് ആയിരുന്നുവെന്നു മാത്രം. എണ്ണമെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഏതാണ്ട് 40 ടണ്ണോളം മത്സ്യമാണ് ലബനനിലെ ഒരു നദീതീരത്ത് ചത്തടിഞ്ഞത്. ലിതാനി നദിയിലുണ്ടായ ഈ ദുരന്തം പ്രദേശവാസികളെയാകെ ആശങ്കയിലാക്കി. ലക്ഷക്കണക്കിന് ആളുകള്‍ കുടിവെള്ളമായി ഉപയോഗിക്കുന്ന നദിയിലേക്കെത്തിയ വ്യാവസായിക മാലിന്യമാണ് മത്സ്യങ്ങളുടെ ഈ കൂട്ടമരണത്തിന് കാരണമായതെന്നാണു കരുതുന്നത്.
അതേസമയം നദിയിലെ മാലിന്യത്തിന്‍റെ അളവ് മത്സ്യങ്ങളുടെ കൂട്ടമരണത്തിന് കാരണമായെന്ന വാദം അധികൃതര്‍ പാടെ നിഷേധിക്കുകയാണ്. തുടക്കം മുതലെ ഇതേ നിലപാട് സ്വീകരിച്ച അധികൃതര്‍ മത്സ്യങ്ങളെ ബാധിച്ച ഒരു വൈറസാണ് അവയുടെ കൂട്ടമരണത്തിനിടയാക്കിയതെന്ന നിലപാടാണ് സ്വീകരിച്ചത്. മത്സ്യങ്ങളെ പരിശോധിച്ചതില്‍ നിന്ന് ഇത് വ്യക്തമായെന്നും ഇവര്‍ പറയുന്നു. ഈ വൈറസ് അതീവ അപകടകാരിയായതിനാല്‍ പുറത്തു നിന്നുള്ള പരിശോധന പോലും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് അധികൃതര്‍ മത്സ്യങ്ങളെ മറവു ചെയ്യുകയും ചെയ്തിരുന്നു.
പേമാരിയില്‍ ചത്തു പൊങ്ങിയ മത്സ്യങ്ങള്‍
സമാനമായ ഒരു സ്ഥിതി ജൂലൈ മാസത്തില്‍ അമേരിക്കയിലെ മസൂറിലിയും ഉണ്ടായി. ഒരു പേമാരിക്ക് ശേഷമാണ് 15 ഏക്കര്‍ വിസ്തൃതിയുള്ള തടാകത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതാത് ശ്രദ്ധയില്‍ പെട്ടത്. ഇത് ഗവേഷകരില്‍ പോലും അമ്പരപ്പ് സൃഷ്ടിച്ചു. പേമാരിക്ക് മുന്‍പ് വരെ ആരോഗ്യകരമായി കാണപ്പെട്ട തടാകത്തില്‍ ഈ പെരുമഴയ്ക്ക് ശേഷം എന്തു സംഭവിച്ചു എന്നതാണ് അവരെ അദ്ഭുതപ്പെടുത്തിയത്.

ഇത് വരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ലെങ്കിലും പല ഊഹാപോഹങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തില്‍ വലിയ തോതിലുള്ള വൈദ്യുത പ്രവാഹം ഇടിമിന്നലില്‍ നിന്ന് ഈ തടാകത്തിലേക്ക് പ്രവഹിച്ചതാണ് മത്സ്യങ്ങളെ കൊന്നൊടുക്കാന്‍ കാരണമായത്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാനാകില്ലെന്ന് ശാസ്ത്രലോകം പറയുന്നു. കാരണം തടാകത്തിലെ മത്സ്യങ്ങളൊഴിച്ചുള്ള ആമകളും, പാമ്പുകളും ഉള്‍പ്പടെയുള്ള ജീവികള്‍ക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താനായിട്ടില്ല. മറ്റൊന്ന് മഴയ്ക്ക് ശേഷമുണ്ടായ വിഷാംശമുള്ള ആല്‍ഗെയുടെ സാന്നിധ്യമാണ്. ആല്‍ഗെയുള്ള സാന്നിധ്യത്തിലുള്ള മത്സ്യങ്ങള്‍ക്ക് മാത്രമല്ല അപകടം സംഭവിക്കുകയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ആമകളുടെ കൂട്ടമരണം
മസൂറിയില്‍ ആമകള്‍ അതിജീവിച്ചെങ്കിലും മറ്റൊരിടത്ത് ആമകളാണ് കൂട്ടരണത്തിന് ഇരകളായത്. 2017ല്‍ എല്‍ സാല്‍വദോറിന് സമീപമായാണ് 300-400 കടലാമകളെ ചത്തു പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. പസിഫിക്കിലുള്ള ഈ ദ്വീപ് രാജ്യത്തിന്റെ തീരമേഖലയില്‍ ചത്തുപൊങ്ങി ഒഴുകി നടക്കുന്ന സ്ഥിതിയിലായിരുന്നു ഇവ. ഈ കൂട്ടമരണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ഇതാദ്യമായല്ല ഈ മേഖലയില്‍ കടലാമകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങുന്നത്. 2013 ലും ഇതേ മേഖലയില്‍ കടലാമകള്‍ സമാനമായ രീതിയില്‍ ചത്തു പൊങ്ങിയിരുന്നു. അന്നും യഥാർഥ കാരണം സ്ഥിരീകരിക്കാനായില്ലെങ്കിലും എല്‍ സാല്‍വദോര്‍ തീരത്ത് രൂപപ്പെട്ട വിഷാംശമുള്ള ആല്‍ഗെ ഭക്ഷിച്ചതാതാം ആമകളുടെ മരണത്തിന് കാരണമായതെന്ന നിഗമനത്തിലേക്കാണ് ഗവേഷകരെത്തിയത്.
അര്‍ക്കന്‍സാസിലെ കറുത്ത പക്ഷികളും മത്സ്യങ്ങളും

രണ്ട് വര്‍ഷം മുന്‍പ് ഒരു പുതുവത്സര ദിനത്തിലാണ് കറുത്ത പക്ഷികളുടെ കൂട്ട മരണത്തിന് അര്‍ക്കന്‍സാസിലെ ഒരു ചെറിയ പട്ടണം സാക്ഷ്യം വഹിച്ചത്. ബീബെ എന്നു പേരുള്ള ഈ നഗരത്തിൽ ബ്ലാക്ക് ബേര്‍ഡ് വിഭാഗത്തില്‍ പെട്ട ആയിരക്കണക്കിന് പക്ഷികളാണ് അന്നു ചത്തുവീണത്. പുതുവത്സര ദിനത്തിലുണ്ടായ ഈ സംഭവം ഈ ചെറുപട്ടണത്തെയാണ് ഭീതിയിലാഴ്ത്തിയെന്നു തന്നെ പറയാം. ആളുകള്‍ പലവിധത്തിലുള്ള കെട്ടുകഥകളുമായി രംഗത്തെത്തി. പക്ഷികള്‍ എല്ലായിടത്തും ചത്തു വീഴുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവയെ നീക്കം ചെയ്യും വരെ ആളുകള്‍ റോഡുകളില്‍ സഞ്ചരിക്കരുതെന്ന് റേഡിയോ അറിയിപ്പ് പോലും അധികൃതര്‍ക്ക് നടത്തേണ്ടി വന്നു.
പക്ഷേ പക്ഷികളുടെ മരണം കൊണ്ട് അര്‍ക്കന്‍സാസിലെ ദുരന്തങ്ങള്‍ അവസാനിച്ചില്ല. വൈകാതെ ഇതേ മേഖലയിലെ നദിയില്‍ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തു പൊങ്ങി. ഇതോടെ ആളുകളുടെ ആശങ്കയും ഇരട്ടിച്ചു. വൈകാതെ ഏതായാലും ഏതാണ്ട് ഏവര്‍ക്കും തൃപ്തികരമായ ഒരു വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. പുതുവത്സരദിനത്തോടനുനുബന്ധിച്ച് ഉണ്ടായ വ്യാപകമായ കരിമരുന്ന് പ്രയോഗമാണ് പക്ഷികളുടെയും മത്സ്യങ്ങളുടെയും മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്.
ചത്തടിഞ്ഞ മത്തികള്‍
2011 മാര്‍ച്ചില്‍ കലിഫോര്‍ണിയയിലാണ് മത്സ്യബന്ധന ബോട്ടുകള്‍ക്ക് പോലും നീങ്ങാന്‍ കഴിയാത്ത വിധത്തില്‍ സാര്‍ഡൈന്‍ അഥവാ മത്തി വിഭാഗത്തില്‍ പെട്ട മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ ചത്തു പൊങ്ങിയ മത്തികളുടെ സമുദ്രം എന്നു വിളിക്കാവുന്ന വിധത്തിലായിരുന്നു അവയുടെ കൂട്ടം കാണപ്പെട്ടത്. കടല്‍നിരപ്പില്‍ നിന്ന് ഏതാണ്ട് രണ്ടടി വരെ ആഴത്തിലേക്ക് മത്തികളുടെ ജഡം കണ്ടെത്തിയതെന്ന് മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായ ഫില്‍ കെര്‍ജന്‍റ് വിശദീകരിച്ചു. മലിനീകരണമോ മറ്റ് കാരണങ്ങളോ അല്ല മത്തികളുടെ കൂട്ടമരണത്തിന് കാരണമെന്ന് പിന്നീട് കണ്ടെത്തി. തിരയില്‍ പെട്ടോ വേട്ടക്കാരായ ജീവികളെ ഭയന്നോ ഈ മത്സ്യക്കൂട്ടം തീരത്തേക്കെത്തിയതാണെന്നും തുടര്‍ന്ന് പുറത്തു കടക്കാനാകാതെ ശ്വാസം മുട്ടി മരിച്ചതാകാമെന്നും ഗവേഷകര്‍ പറയുന്നു.
കലിഫോര്‍ണിയയിലെ പെലിക്കണ്‍ പക്ഷികള്‍
2009 ലാണ് തവിട്ട് നിറത്തിലുള്ള പെലിക്കണ്‍ പക്ഷികള്‍ കലിഫോര്‍ണിയയില്‍ കൂട്ടത്തോടെ ചത്തു വീണത്. കലിഫോര്‍ണിയ തീരം മുതല്‍ അരിസോണ മരുഭൂമി വരെ റോഡുകള്‍ ഉള്‍പ്പടെയുള്ള പ്രദേശത്ത് പെലിക്കണുകള്‍ ചത്തുവീണിരുന്നു. ജനുവരിയില്‍ ഈ പ്രതിഭാസം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എങ്കിലും പിന്നീടും പല തവണ ഇവയുടെ കൂട്ടമരണം ആവര്‍ത്തിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇണ ചേരാന്‍ ആവശ്യത്തിന് പക്ഷികളില്ലാത്തതിനാല്‍ ബ്രൌണ്‍ പെലിക്കണുകളുടെ അംഗസംഖ്യ പോലും ഏതാണ്ട് അഞ്ചോ ആറോ വര്‍ഷത്തേക്ക് കുറയുന്ന സ്ഥിതി പോലുമുണ്ടായി.

അതേസമയം ഇതുവരെ ഈ പെലിക്കണുകളുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമായി കണ്ടെത്താനായിട്ടില്ല. കാലാവസ്ഥയിലുണ്ടായ മാറ്റമോ, ഭക്ഷണ രീതിയിലുണ്ടായ വ്യത്യാസമോ ആകാം ഇവയുടെ മരണത്തിന് കാരണമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടിയത്. ചിലരെങ്കിലും വിഷാംശമുള്ള ആല്‍ഗകള്‍ക്കും ഇവയുടെ മരണത്തില്‍ പങ്കുണ്ടെന്നു വിശ്വസിക്കുന്നു.
ചത്തു പൊങ്ങിയ ഹിപ്പോകള്‍
ഇതുവരെ കണ്ടെതെല്ലാം താരതമ്യന ചെറിയ പക്ഷികളുടെയും മത്സ്യങ്ങളുടെയും കൂട്ടമരണമാണെങ്കിലും വലിയ ജീവികളിലും ഇത്തരം ദുരന്ത പ്രതിഭാസങ്ങള്‍ കണ്ടുവരാറുണ്ട്. 2017 ല്‍ നൂറിലേറെ ഹിപ്പപ്പൊട്ടാമസുകളാണ് നമീബിയയിലെ ഒരു ദേശീയ പാര്‍ക്കില്‍ ചത്തു പൊങ്ങിയത്. കാറ്റു പൊങ്ങി ക്കിടക്കുന്ന ഹിപ്പോയുടെ ജഡങ്ങള്‍ അന്ന് വലിയ ആശങ്കയാണ് അധികൃതര്‍ക്കിടയിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിയിലും സൃഷ്ടിച്ചത്. തൊട്ടടുത്ത വര്‍ഷം മലാവിയിലെ ഒരു തടാകത്തിലും സമാനമായ രീതിയില്‍ 25 ഹിപ്പോകള്‍ ചത്തിപൊങ്ങി. ആദ്യം കാരണം വ്യക്തമയില്ലെങ്കിലും പിന്നീട് ലക്ഷണങ്ങളില്‍ നിന്ന് അന്ത്രാക്സ് ബാധയാകാം ഇവയുടെ മരണത്തിനു കാരണമായതെന്ന നിഗമനത്തിലാണ് ഗവേഷകരെത്തിയത്.
തിമിംഗലങ്ങളുടെ ലോകാവസാന ദിനം

സെയ് വെയ്ൽസ് എന്ന വിഭാഗത്തില്‍ പെട്ട 337 തിമിംഗലങ്ങളാണ് ചിലെയിലെ പാറ്റഗോണിയയിൽ ഒരു ഒറ്റപ്പെട്ട തീരമേഖലയില്‍ 2018ല്‍ ചത്തടിഞ്ഞത്. ഇതുവരെ ഈ തിമിംഗല വിഭാഗത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ കൂട്ടമരണം കൂടിയാണിത്. ആള്‍വാസമില്ലാതിരുന്ന ഈ മേഖലയില്‍ കടല്‍പക്ഷികളുടെ വലിയ കൂട്ടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ കൂട്ടമരണത്തെക്കുറിച്ചറിയുന്നത്. സെയ് എന്ന തിമിംഗലവിഭാഗമല്ലെങ്കിലും മറ്റ് തിമിംഗല വിഭാഗങ്ങളിലും സമാനമായ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 2020 ല്‍ 380 തിമിംഗലങ്ങളാണ് ഓസ്ട്രേലിയയില്‍ ചത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ടാസ്മാനിയയുടെ പടിഞ്ഞാറന്‍ തീരത്തായാണ് പൈലറ്റ് വിഭാഗത്തില്‍ പെട്ട തിമിംഗലങ്ങളുടെ ജഡം കണ്ടെത്തിയത്. ഓസ്ട്രേലിയയില്‍ തന്നെ 2004 ലും പൈലറ്റ് വിഭാഗത്തില്‍ പെട്ട 104 തിമിംഗലങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
പെന്‍ഗ്വിനുകളുടെ പട്ടിണി മരണം

ബ്രസീലില്‍ 2010 ലാണ് നൂറ് കണക്കിന് പെന്‍ഗ്വിനുകളുടെ ദയനീയമായ മരണം റിപ്പോര്‍ട്ട് ചെയ്തത്. പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ ചത്തടിയാന്‍ തുടങ്ങിയപ്പോഴാണ് ഗവേഷകര്‍ ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിച്ചത്. വൈകാതെ ഈ കൂട്ടമരണത്തിന് പിന്നിലെ കാരണം കണ്ടെത്താനും അവര്‍ ശ്രമം നടത്തി. ഈ അന്വേഷണത്തിലാണ് ഭക്ഷണം കിട്ടാതായതാണ് ഇവയുടെ മരണകാരണമെന്ന് തിരിച്ചറിഞ്ഞത്. മഗലിയന്‍ എന്ന് വിഭാഗത്തില്‍ പെട്ട ഈ പെന്‍ഗ്വിനുകള്‍ ശൈത്യകാലത്ത് ഉഷ്ണമേഖലയിലേക്കുളള്ള കുടിയേറ്റ യാത്രയിലായിരുന്നു.
എന്നാല്‍ ഈ യാത്രയ്ക്കിടെ അവയ്ക്ക് ഭക്ഷണം ലഭിക്കാതെ വന്നതാണ് ഈ ജീവികളുടെ മരണത്തിന് കാരണമായത്. പതിവായി വേട്ടയാടിയിരുന്ന മേഖലയിലൊന്നും ഇവയ്ക്ക് മത്സ്യങ്ങളെ കണ്ടെത്താന്‍ സാധിക്കാതെ വന്നിരിക്കാമെന്നാണ് കണക്കാക്കുന്നത്. ഇതിന് കാരണമായത് മേഖലയിലെ അമിത മത്സ്യബന്ധമാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും തീരത്തടിഞ്ഞ മത്സ്യങ്ങളുടെ ആമാശയം പൂര്‍ണമായും ഒഴിഞ്ഞു കിടന്നിരുന്നുവെന്ന് മനസ്സിലാക്കിയത് ഞെട്ടിക്കുന്നതും അതേസമയം വേദനിപ്പിക്കുന്നതുമായ അനുഭവമായിരുന്നു എന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments
Post a Comment