‘സർ, പ്ലീസ്, വെള്ളം എടുത്തോളൂ, പക്ഷേ..’: സ്റ്റാലിന്റെ പേജിലെത്തി മലയാളികൾ

തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയർന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികൾ. ‘വെള്ളം എടുത്തോളൂ, ജീവൻ എടുക്കരുത്...,’ ‘സർ പ്ലീസ് സഹായിക്കണം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം.. #DecommisionMullaperiyarDam, #savemullaperiyar, #SaveKerala..’ ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.
സ്റ്റാലിന് ഏറെ ആരാധകരുള്ള കേരളത്തിൽനിന്നുള്ള ഈ ആവശ്യം തമിഴ്നാട് സർക്കാർ പരിഗണിക്കണമെന്നാണ് കമന്റിടുന്നവരുടെ ആവശ്യം. തമിഴ്നാടിന് വെള്ളം തരാൻ മടിയില്ലെന്നും പക്ഷേ, അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമിക്കുന്നതിനെ എതിർക്കരുതെന്നും കമന്റുകളുണ്ട്.
വലിയ ക്യാംപെയ്നാണ് മുല്ലപ്പെരിയാറിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നുണ്ട്. 1895 ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. പക്ഷേ തമിഴ്നാട് അതിനെ എതിർത്തു. ഇക്കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം തുടരുകയാണ്.
ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142 ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയർത്താനായി ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ കേരളം തടസ്സം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് സുപ്രീം കോടതി നിർദേശം.
Comments
Post a Comment