സ്പാനിഷ് ദ്വീപിൽ ലാവാ സുനാമി; മൂടിക്കെട്ടിയ ആകാശം, മഴയായി പെയ്യുന്നത് ചാരം!
സ്പെയിനിന്‍റെ നിയന്ത്രണത്തിലുള്ള മെഡിറ്ററേനിയനില്‍ ആഫ്രിക്കയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് കാനറി ഐലൻഡ്സ്. കാനറി ദ്വീപസമൂഹത്തിലെ സജീവ അഗ്നിപര്‍വ്വതമായ ലാ പാല്‍മ ഒരു ഇടവേളക്കു ശേഷം ഇപ്പോള്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ്. സമാനതകളില്ലാത്ത വിധമുള്ള ലാവയുടെ ഒഴിക്കാണ് ഈ അഗ്നിപര്‍വതത്തില്‍ നിന്നുണ്ടാകുന്നത്. അഗ്നിപര്‍വത മുഖത്തു നിന്നൊഴുകി കടലിലേക്കെത്തിച്ചേരും വരെയുള്ള മേഖലകളില്‍ കനത്ത നാശം വിതച്ചാണ് ലാവ കടന്നു പോകുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ലാവ സുനാമി എന്ന് കാനറി ദ്വീപസമൂഹത്തിലുണ്ടായിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയെ വിശേഷിപ്പിക്കുന്നതും.
കാനറി ദ്വീപിലെ തന്നെ അഗ്നിപര്‍വത ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ലാവ സുനാമി എന്ന വാക്കുപയോഗിച്ചത്. പൊട്ടിത്തെറിച്ച ശേഷമുള്ള ലാവയുടെ ഒഴുക്കിന്‍റെ വേഗവും, അതിന്റെ വിസ്തൃതിയുമാണ് ഇത്തരം ഒരു പേരു നല്‍കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ലാവ ഒഴുകിയെത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ആര്‍ക്കും ഈ പേര് ഒരു അതിശയോക്തിയല്ലെന്ന് വ്യക്തമാകും. തടയണ പൊട്ടിയൊഴുകി വരുന്ന പോലെയായിരുന്നു ലാവയുടെ അതിവേഗത്തിലുള്ള വരവ്. അത്യപൂര്‍വമായി മാത്രമാണ് ലാവകള്‍ അഗ്നിപര്‍വതത്തില്‍ നിന്ന് ഈ വേഗത്തില്‍ ഒഴുകിയെത്താറുള്ളത്.
വളരെ കുറച്ച് ജനസംഖ്യയുള്ള ദ്വീപായിരുന്നിട്ടു കൂടി ഏതാണ്ട് 300 കുടുംബങ്ങളെ ഇതിനകം ഈ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. ഏതാണ്ട് 8 ചതുരശ്ര കിലോമീറ്റര്‍ മേഖലയാണ് ലാവ ഒഴുകി അഗ്നിപടര്‍ന്ന് എരിഞ്ഞില്ലാതായത്. ഈ മേഖലയിലുള്ള കെട്ടിടങ്ങളും, പുല്‍മേടുകളും, ദ്വീപിലെ പ്രധാന വരുമാനമാര്‍ഗമായ വാഴത്തോട്ടങ്ങളും ലാവയുടെ ഒഴുക്കില്‍ പൂര്‍ണമായി നശിച്ചുപോയി. കൂടാതെ ഈ അഗ്നിപര്‍വ്ത സ്ഫോടനത്തെ തുടര്‍ന്ന് റിക്ടര്‍ സ്കെയിലില്‍ 4.5 വരെ രേഖപ്പെടുത്തിയ ഏതാണ്ട് 100ലധികം ഭൂചലനങ്ങളും മേഖലയില്‍ ഉണ്ടായി.
അതേസമയം ഇതുവരെ ആളപായമൊന്നും തന്നെ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ലാവയില്‍ നിന്ന് പുറത്തേക്കു വരുന്ന വിവിധ വാതകങ്ങള്‍ സാരമായ പ്രത്യാഘാതങ്ങള്‍ ആളുകളുടെ ആരോഗ്യത്തിനുണ്ടാക്കുമോ എന്ന ആശങ്ക ഇപ്പോള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും സള്‍ഫര്‍ ഡയോക്സൈഡ് പോലുള്ള വാതകങ്ങളുടെ വിലയ തോതിലുള്ള പുറന്തള്ളല്‍ ആളുകളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് മുന്‍പ് വഴി വച്ചിട്ടുണ്ട്. കൂടാതെ ഈ ലാവ കടലിലേക്കെത്തി കടല്‍വെള്ളവുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങളും വായുവിലെത്തി മറ്റ് പ്രശ്നങ്ങള്‍ക്ക് കാരണമാകുമോയെന്നതും ഗവേഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
മൂടിക്കെട്ടിയ ആകാശം , മഴയായി പെയ്യുന്ന ചാരം
പേമാരി പെയ്യാന്‍ പോകുന്നത് പോലെ മൂടിക്കെട്ടിയാണ് ദ്വീപിന് മുകളിലെ ആകാശം കാണപ്പെടുന്നത്. പക്ഷേ ഈ മൂടിക്കെട്ടല്‍ കാര്‍മേഘങ്ങള്‍ കൊണ്ട് ഉണ്ടായതല്ല മറിച്ച് അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരവും പുകയും ചേര്‍ന്ന് സൃഷ്ടിച്ചതാണ്. സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ദ്വീപിലേക്ക് കടന്നുവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൂടാതെ ആകാശത്തേക്കുയര്‍ന്ന ചാരം ദ്വീപിലേക്ക് വീണ്ടും വീണുകൊണ്ടിരിക്കുകയാണ്. ചെറു തരികളായി താഴേക്ക് പതിക്കുന്ന ചാരം വീടുകള്‍ മുതല്‍ എല്ലാ വസ്തുക്കളെയും മൂടി അവയുടെ നിറം മാറ്റിക്കഴിഞ്ഞു.
അതേസമയം അഗനിപര്‍വതത്തില്‍ നിന്നുള്ള ലാവയുടെ ഒഴുക്ക് എന്ന് അവസാനിക്കുമെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ഒരിക്കല്‍ കൂടി സമാനമായ പൊട്ടിത്തറിയുണ്ടാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. ഇതിന് കാരണം അഗ്നിപര്‍വതത്തിനുള്ളില്‍ നിന്ന് ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദങ്ങളാണ്. വീണ്ടും സമാനമായ പൊട്ടിത്തെറിയുണ്ടായാല്‍ അത് കൂടുതല്‍ മേഖലയിലേക്ക് ലാവയെത്തുന്നതിനും, കൂടുതല്‍ പ്രദേശം ലാവ മൂലം നശിക്കുന്നതിനും കാരണമാകുമെന്നുറപ്പാണ്.
Comments
Post a Comment