ഡോഡോപ്പക്ഷികൾ അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാൽവേറിയ മരങ്ങളും ഇല്ലാതായിത്തുടങ്ങി. ഡോഡോകൾ ഈ മരത്തിന്റെ ഫലം തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്..,മനുഷ്യര്‍ മുച്ചൂടും മുടിച്ച പക്ഷി വര്‍ഗ്ഗങ്ങള്‍; ആനയുടെ വലിപ്പമുള്ള മോവ, കുഞ്ഞു ഡോഡോകള്‍ # ആതിര തര്യൻ, മാതൃഭൂമി.

അനിയന്ത്രിതമായ മത്സ്യബന്ധനം, വാസസ്ഥല നശീകരണം, വ്യാപകമായ സമുദ്ര മലിനീകരണം എന്നിവ മത്സ്യങ്ങളുടെയും സമുദ്ര ജൈവവൈവിധ്യത്തിന്റെയും നാശത്തിനു കാരണമാകും. ഭൂമിയിൽ 8.7 മില്യൻ സ്പീഷീസുകൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഓരോ വർഷവും ധാരാളം ജീവിവർഗ്ഗങ്ങൾ ഭൂമിയിൽനിന്നു നശിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു. ഇതിൽ തന്നെ വംശനാശം വന്ന ജീവിവർഗത്തിലെ പക്ഷികളെ തിരഞ്ഞാൽ വലിയൊരു സംഖ്യയുണ്ടാകും.
ഡോഡോ പക്ഷി
ഡോഡോപ്പക്ഷികൾ അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാൽവേറിയ മരങ്ങളും ഇല്ലാതായിത്തുടങ്ങി. ഡോഡോകൾ ഈ മരത്തിന്റെ ഫലം തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്
അടുത്തിടെ ശാസ്ത്രജ്ഞർ മൗറിഷ്യസിലെ അപൂർവ സാന്നിദ്ധ്യമായ കാൽവേറിയ വൃക്ഷവും ഡോഡോ പക്ഷിയും തമ്മിൽ ബന്ധമുണ്ടെന്നു നിരീക്ഷിച്ചു . ഡോഡോപ്പക്ഷികൾ അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാൽവേറിയ മരങ്ങളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചത്രേ. മുന്നൂറിലധികം വർഷം പ്രായമുള്ള വിരലിലെണ്ണാവുന്ന കാൽവേറിയ മരങ്ങൾ മാത്രമേ ഇനി ദ്വീപിലുള്ളൂ . എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഈ ഇനത്തിൽപ്പെട്ട ഒരു പുതിയ മരം പോലും ഇവിടെ മുളച്ചിട്ടില്ലെന്നാണ് അനുമാനം. ഡോഡോകൾ ഈ മരത്തിന്റെ ഫലം തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികൾ അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകൾ വിതരണം ചെയ്യുന്നതിനുള്ള ഉപാധി ഇല്ലാതെയായി. അതുകൊണ്ടു തന്നെ കാൽവേറിയ വൃക്ഷങ്ങളും ഡോഡോയ്ക്കൊപ്പം നശിച്ചു.
The Wonderful Paleo Art of Heinrich Harder,
Public Domain, https://commons.wikimedia.org/w/index.php?curid=2417140
മോവ പക്ഷികൾ
ന്യൂസിലൻഡിലെ മോവപക്ഷികൾ മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായത് 700 വർഷങ്ങൾക്ക് മുൻപാണ് . പോളിനേഷ്യക്കാരായ മാവോറികൾ കെട്ടു ചങ്ങാടത്തിൽ ആയിരുന്നു മുൻപ് ന്യൂസിലൻഡിൽ എത്തുന്നത്. അവരുടെ പ്രധാന ഭക്ഷണമായി മാറിയത് മോവ പക്ഷികളും അവയുടെ മുട്ടകളും ആണ് . ഒമ്പതോളം സ്പീഷീസിൽപ്പെട്ട മോവപക്ഷികൾ ന്യൂസിലൻഡിൽ ഉണ്ടായിരുന്നു. ഇവയിൽ ഏറ്റവും വലിയതിന് ആനയോളം വലിപ്പം ഉണ്ടായിരുന്നു. മറ്റെങ്ങും കാണാത്ത പക്ഷികളുടെ ആവാസ കേന്ദ്രമായിരുന്നു ഇവിടം. മിക്ക പക്ഷികൾക്കും ശത്രുക്കൾ ഇല്ലാത്തതിനാൽ പറക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെ അവയുടെ ചിറകുകളും കുറുകിപ്പോയി. പരിണാമത്തിലൂടെ ആർജ്ജിച്ച ഇത്തരം സവിശേഷതകൾ അവയ്ക്ക് വിനയായി. ന്യൂസിലാൻഡിലേക്ക് വെള്ളക്കാരുടെ കടന്നു വരവിനു മുൻപുതന്നെ മോവപക്ഷികൾ പഴങ്കഥയായി മാറുകയും ചെയ്തു.
https://commons.wikimedia.org/w/index.php?curid=19943238
ആനപക്ഷി
മഡഗാസ്ക്കറിലെ ആനപക്ഷി ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പക്ഷി ആയിരുന്നു. മധ്യേഷ്യൻ പുരാവൃത്തങ്ങളെ ആസ്പദമാക്കിയുള്ള മാർക്കോപോളോയുടെയും മറ്റും വിവരണങ്ങളിൽ നിന്നാണ് ആന പക്ഷി എന്ന പദം ഉണ്ടാകുന്നത്. എന്തായാലും മാർക്കോപോളോ തന്റെ സഞ്ചാരം ആരംഭിക്കുന്നത് മുൻപേ ആനപക്ഷി ഭൂലോകത്ത് നിന്നും മൺമറഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒറ്റപ്പെട്ട ദ്വീപായ മഡഗാസ്കറിൽ മറ്റെങ്ങും ഇല്ലാത്ത ജീവിവർഗങ്ങൾ ഉണ്ടായിരുന്നത്രേ. ആന പക്ഷിക്ക് അമ്പതടിയോളം പൊക്കം ഉണ്ടായിരുന്നുവെന്നും മാർക്കോ പോളോയുടെ വിവരണത്തിൽ ഉണ്ട്.
products_id=395, Public Domain,
https://commons.wikimedia.org/w/index.php?curid=12255649
ഹിമാലയൻകാട
ഇന്ത്യയിൽ പിങ്ക് വർണ്ണത്തലയൻ താറാവ് , ഹിമാലയൻ കാട എന്നീ പക്ഷികൾക്കും കഴിഞ്ഞ നൂറ്റാണ്ടിൽ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നു. ഉത്തരഭാരതത്തിൽ ജീവിച്ചിരുന്ന ഒരു പക്ഷിയാണ് ഹിമാലയൻ കാട (Himalayan quail). ഒഫ്രൈസിയ സൂപ്പർസിലിയോസ(Ophrysia superciliosa )എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെട്ടിരുന്ന ഹിമാലയൻ കാടയെ അവസാനമായി രേഖപ്പെടുത്തിയത് 1876 ൽ മസ്സൂറിക്ക് സമീപം വച്ചായിരുന്നു. ഇത് കാടകളുടെ ഫാസിയാനിഡെ കുടുംബത്തിൽ ഉൾപ്പെടുന്നു.
Birds of New York (New York State Museum. Memoir 12),
wikicommons
സഞ്ചാരിപ്രാവ്
മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം കുറ്റിയറ്റുപോയ ജീവികളുടെ പട്ടികയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു പക്ഷിയാണ് സഞ്ചാരി പ്രാവുകൾ. ഒരു കാലത്ത് വടക്കേ അമേരിക്കയിൽ ആകെയുള്ള പക്ഷികളുടെ എണ്ണത്തിൽ 40 ശതമാനവും സഞ്ചാരി പ്രവുകളായിരുന്നു. 1870-ൽ വടക്കേ അമേരിക്കയിലെ സിൻസിനാറ്റി പട്ടണത്തിന് മുകളിലൂടെ പറന്നുപോയ പ്രാവിൻ കൂട്ടത്തിന് 500 കിലോമീറ്റർ നീളവും 16 കിലോമീറ്റർ വീതിയും ഉണ്ടായിരുന്നുവത്രെ. ഇക്കൂട്ടത്തിൽ 20,000 ലക്ഷം പ്രാവുകൾ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കോടിക്കണക്കിന് എണ്ണമുണ്ടായിരുന്ന സഞ്ചാരി പ്രാവ് മനുഷ്യ വേട്ടയാടലുകൾ കൊണ്ടു മാത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ വിസ്മൃതിയിലായി. അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്യൻ വംശജരാണ് സഞ്ചാരി പ്രാവിന്റെ വംശഹത്യ നടത്തിയതെന്നു പറയപ്പെടുന്നു. വെടി വെച്ചും അടിച്ചു കൊന്നും കല്ലെറിഞ്ഞും വല വെച്ചും അവർ പക്ഷികളെ വേട്ടയാടി. പിന്നെ സഞ്ചാരി പ്രാവില്ലാതെ ആഹാരമില്ലെന്നായി. ഇളം പക്ഷിക്കാണ് കൊഴുപ്പും സ്വാദും എന്ന് പ്രചരിച്ചതോടെ ആക്രമണം കൂടുകളിലേക്കായി. കൂടുകൾ അടിച്ചിടാൻ തുടങ്ങി. ചിലയിടങ്ങളിൽ മരങ്ങൾ തന്നെ വെട്ടിയിട്ടു. മുട്ട പൊട്ടിയും പറക്കമുറ്റാത്തവ ചതഞ്ഞരഞ്ഞും ഇവ കൂട്ടത്തോടെ ഇല്ലാതായി. തുടർന്ന് സഞ്ചാരി പ്രാവുകളെ വെടിവെക്കുന്ന മത്സരങ്ങളരങ്ങേറി. ഇതിന് പക്ഷികൾ പറന്നു വരുന്നതറിയിക്കാൻ ടെലഗ്രാഫ് സൗകര്യങ്ങൾ വരെ ഉപയോഗപ്പെടുത്തിയിരുന്നത്രെ. 15 ലക്ഷത്തോളം പ്രാവുകളെ ഒരൊറ്റ മത്സരത്തിൽ വെടിവെച്ചു കൊന്നുവെന്നും പറയപ്പെടുന്നു. ഒരു മത്സരത്തിൽ വിജയിയായ ആൾ കൊന്നൊടുക്കിയത് 30,000 പ്രാവുകളെയാണെന്നും സയൻസ് ഡെയ്ലിയിൽ പ്രസിദ്ദീകരിച്ച പഠനത്തിൽ പറയുന്നു. 1880 ആകുമ്പോഴേക്കും അവയുടെ ചെറിയ കൂട്ടങ്ങൾ മാത്രം അവശേഷിച്ചു. 1902 ആകുമ്പോഴേക്കും വംശനാശം സംഭവിച്ചു. എണ്ണിയാലൊടുങ്ങാത്ത പക്ഷികളിലൊന്നിന്റെ അവസാന കണ്ണിയായിരുന്നു മാർത്ത. മനുഷ്യന്റെ ക്രൂരതയുടെ ജീവിക്കുന്ന ഇതിഹാസമായി സിൻസിനാറ്റി മൃഗശാലയിൽ ജീവിച്ചിരുന്ന മാർത്ത എന്ന അവസാനത്തെ സഞ്ചാരി പ്രാവ് 1914-ൽ ലോകത്തോടു വിടപറഞ്ഞു
വംശനാശം വലിയൊരു പ്രക്രിയ
മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂക്ഷ്മജീവികളും ഒക്കെ ഉൾപ്പെട്ടതാണ് ജൈവവൈവിധ്യം. ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് മുതൽ തന്നെ അതിന്റെ നാശവും തുടങ്ങി.ഇന്ന് നാം കാണുന്ന ഓരോ ജീവിയും നീണ്ടകാലത്തെ പരിണാമ പ്രക്രിയയുടെ ഫലമാണ്. ഓരോ ജീവി വർഗ്ഗത്തിലും ബാക്കി നിൽക്കുന്നവയുടെ എണ്ണം കുറയുമ്പോൾ സ്വാഭാവികമായും അവയ്ക്ക് നിലനിൽക്കാനുള്ള ശേഷി ഇല്ലാതാവുകയും വംശനാശത്തിലേക്ക് പോവുകയും ചെയ്യും. പ്രതിവർഷം ഏതാണ്ട് 30000 ജൈവജാതികൾ.
ഓരോ മണിക്കൂറിലും മൂന്ന് ജീവികൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നുണ്ട്. ഓരോവർഷവും 18000ത്തിനും 55000ത്തിനുമിടയിൽ ജീവികൾ അപ്രത്യക്ഷമാവുന്നു.
ജൈവശാസ്ത്രജ്ഞർ ഇതിനെ ആറാം വംശനാശം എന്ന് വിളിക്കുന്നു. 25100 കോടി വർഷങ്ങൾക്കു മുമ്പുണ്ടായ പെർമിയൻ ട്രയാസ്സിക് വംശനാശമാണ് ഏറ്റവും വലിയ വംശനാശമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ വംശനാശത്തിൽ നിന്ന് കരകയറാൻ നട്ടെല്ലുള്ള ജീവികൾക്ക് 30 ദശലക്ഷം വർഷം വേണ്ടിവന്നു. ദിനോസറുകൾ ഉൾപ്പെടെയുള്ള ജീവിവർഗ്ഗങ്ങളുടെ നാശത്തിന് കാരണമായ ക്രിട്ടേഷ്യസ് പെർമിയൻ ട്രയാസ്സിക് വംശനാശമാണ് അവസാന കാലത്തുണ്ടായ വംശനാശം. അഞ്ച് വംശനാശം വരെയുള്ളതിന് കാരണം പ്രകൃതിയിൽ സ്വാഭാവികമായുണ്ടായ മാറ്റങ്ങളായിരുന്നുവെങ്കിൽ ആറാംവംശനാശത്തിന് പ്രധാന കാരണമാകുന്നത് മനുഷ്യ കേന്ദ്രീകൃത പ്രവർത്തനങ്ങളാണ്. ആവാസവ്യവസ്ഥാ നാശവും അമിത ചൂഷണവും മലിനീകരണവും വിദേശ സ്പീഷിസുകളുടെ കടന്നു കയറ്റവുമൊക്കെയാണ് ഇന്നത്തെ പാരിസ്ഥിക സമ്മർദ്ദങ്ങളിലേക്കും സ്പീഷിസുകളുടെ നാശത്തിലേക്കുമൊക്കെ എത്തിക്കുന്നത്.
മനുഷ്യ നിർമ്മിത ഹോളോസീൻ വംശനാശം
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹോളോസീൻ വംശനാശം മനുഷ്യന്റെ ആവിർഭാവത്തോടുകൂടി ഉണ്ടായതാണ്. ഈ വംശനാശത്തിൽ ജനിതക വൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു.ആറാംവംശനാശത്തെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളായി തിരിക്കാം. ഏതാണ്ട് 100000 വർഷങ്ങൾക്ക് മുമ്പ് ആധുനിക മനുഷ്യൻ കൃഷിയിലേക്ക് തിരിഞ്ഞതു മുതൽക്കാണ്.
പിന്നീടുള്ള കാലഘട്ടത്തിൽ മനുഷ്യൻ ആധിപത്യമുറപ്പിച്ച ഇടങ്ങളിലെല്ലാം മറ്റു ജീവികൾ ഭൗമോപരിതലത്തിൽ നിന്നും തുടച്ചു മാറ്റപ്പെട്ടുകൊണ്ടേയിരുന്നു. ശത്രുക്കളെ നേരിടാൻ വിവിധ ഉപായങ്ങൾ സ്വീകരിച്ചിരുന്ന മറ്റു ജീവികൾക്ക് ബുദ്ധിയും ആയുധപ്രയോഗ ശേഷിയുമുള്ള മനുഷ്യനെതിരെ പ്രതിരോധിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ഇതിനും പുറമെ മനുഷ്യൻ മറ്റു ജീവികൾക്ക് വിവിധ രോഗാണുക്കളെയും പകർന്ന് നൽകി. ഭൂമിയിൽ മനുഷ്യർ കുടിയേറി പാർത്ത ഇടങ്ങളിലെല്ലാം മറ്റു ജീവികൾ കുടിയറ്റു പോയതായി ഫോസിൽ രേഖകൾ വ്യക്തമാക്കുന്നു. ഏതാണ്ട് 10000 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ആറാം വംശനാശത്തിന്റെ രണ്ടാംഘട്ടം ഇപ്പോഴും തുടരുന്നതായി ഗവേഷണ പഠനങ്ങൾ പറയുന്നു. കോവിഡ്-19 എന്ന മഹാമാരിയിൽ ലോകം പകച്ചുനിൽക്കുകയാണെങ്കിലും മനുഷ്യനെ ബാധിക്കുന്ന രോഗമായതുകൊണ്ട് നേടിയ അറിവിന്റെ പിൻബലത്തിൽ രോഗപ്പകർച്ചയെ ഒരു പരിധിവരെ തടയാൻ കഴിയുന്നു. ഇത്തരം ഒരു രോഗാണു പരാഗകാരികളായ ഷട്ട്പദങ്ങളെയാണ് ആക്രമിച്ചതെങ്കിൽ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്തേക്ക് ആയിരിക്കും കാര്യങ്ങളുടെ പോക്ക്. വംശനാശത്തിന്റെ ഇന്ത്യൻതോത് പരിണാമകാലഘട്ടത്തിലെ ശരാശരിയേക്കാൾ നൂറിരട്ടിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മാറി വരുന്ന പാരിസ്ഥിക കാലാവസ്ഥാ മാറ്റവും ഇത്തരം വംശനാശ പരമ്പരകൾക്ക് ആക്കം കൂട്ടാനാണ് സാദ്ധ്യത. ദിനോസറുകളുടെ വംശനാശത്തിന് ശേഷമുള്ള ഏറ്റവും മോശമായ വംശനാശ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ സംഘടനകളും വ്യക്തമാക്കുന്നു. മനുഷ്യൻ സ്വയം തിരികൊളുത്തിയ ആറാം വംശനാശത്തിന്റെ കാഴ്ച്ചക്കാരൻ മാത്രമല്ല ഇര കൂടിയാണ് മനുഷ്യർ.
Comments
Post a Comment