ഭൂമിയുടെ 'തിളക്കം' കുറയുന്നു; അപായ സൂചന ഉയര്‍ത്തി ഗവേഷകരുടെ കണ്ടെത്തല്‍
⊰᯽⊱┈──╌🌞╌──┈⊰᯽⊱
സൂര്യപ്രകാശത്തിൽ ഭൂമി തിളങ്ങുന്നുണ്ട് എന്ന് എല്ലാവർക്കുമറിയാം. ബഹിരാകാശ യാത്രികർക്ക് ആ കാഴ്ച വ്യക്തമായി കാണാവുന്നതാണ്. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ നീല നിറത്തിൽ തിളങ്ങുന്നൊരു ഗ്രഹമാണ് ഭൂമിയെന്ന് കാണാം. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഈ തിളക്കമുണ്ടാവുന്നത്.
എന്നാൽ ഭൂമിയ്ക്ക് പഴയപോലെ തിളക്കമില്ലെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ഭൂമിയുടെ തിളക്കം കുറഞ്ഞുവരികയാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ 20 വർഷക്കാലത്തെ ഓരോ രാത്രിയിലും വിവരങ്ങൾ ശേഖരിച്ചാണ് ബിഗ് ബെയർ സോളാർ ഓബ്സർവേറ്ററിയിലെ ഗവേഷകർ ഇങ്ങനെ ഒരു നിഗമനത്തിൽ എത്തിയത്.
സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ തട്ടി പ്രതിഫലിക്കുമ്പോഴുള്ള എർത്ത് ഷൈൻ അഥവാ ഭൂനിലാവ് ചന്ദ്രന്റെ ഇരുണ്ട വശത്ത് പതിയുമ്പോഴുണ്ടാവുന്ന വെളിച്ചം വിശകലനം ചെയ്താണ് ഗവേഷകർ ഈ കണ്ടെത്തലിലെത്തിയത്. അർധചന്ദ്രനെ കാണുന്നസമയത്ത് അതിന്റെ ഇരുണ്ട ഭാഗവും ചെറിയ തോതിൽ നമുക്ക് ഭൂമിയിലിരുന്ന് കാണാൻ സാധിക്കാറുണ്ട്. ഈ ഭാഗത്തെ വെളിച്ചത്തിന് ഇടയാക്കുന്നത് ഭൂനിലാവാണ്.
ഓരോ രാത്രികളിലും ഓരോ ഋതുക്കളിലും ഭൂനിലാവിന്റെ തീവ്രതയിൽ വ്യത്യാസമുണ്ടാവും.
നേരത്തെ സൂചിപ്പിച്ചപോലെ സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഭൂനിലാവ് ഉണ്ടാകുന്നത്. ഭൂമിയിലെ വലയം ചെയ്യുന്ന മേഘപാളിയിൽ തട്ടിയാണ് സൂര്യപ്രകാശം പ്രതിഫലിക്കുന്നത്. ഭൂനിലാവിന് തിളക്കം കുറയുന്നുവെന്ന് പറഞ്ഞാൽ ഈ പ്രതിഫലനതോത് കുറയുന്നു എന്നർത്ഥം.
ഭൂമിയിൽ പതിക്കുന്ന പ്രകാശത്തിൽ 30 ശതമാനവും ഭൂമിയിൽ തട്ടി പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്ക്. 20 വർഷം മുമ്പ് ഉണ്ടായിരുന്ന പ്രതിഫലനത്തേക്കാൾ 0.5 ശതമാനം കുറവ് ഇപ്പോഴുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മാത്രവുമല്ല കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നാടകീയമായ കുറവ് ഭൂനിലാവിന്റെ തെളിച്ചത്തിൽ ഉണ്ടായിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. അതായത്. അത്രയും സൂര്യപ്രകാശം ഭൂമിയിലേക്ക് അധികമായി പ്രവേശിക്കുകയും ഭൂമിയിലെ താപനില വർധിക്കുന്നതിനിടയാക്കുകയും ചെയ്യുന്നു.
തെക്ക്, വടക്ക് അമേരിക്കൻ തീരങ്ങൾക്ക് മുകളിലെ മേഘാവരണത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. ഇത് സമുദ്ര താപനില വർധിക്കാനിടയാക്കുന്ന പസിഫിക് ഡെകേഡൽ ഓസ്കിലെഷൻ (Pacific Decadal Oscillation - PDO) എന്ന കാലാവസ്ഥയ്ക്കിടയാക്കും. സമുദ്രതാപനില വർധിക്കുന്നത് ചുഴലിക്കാറ്റ് ഉൾപ്പടെയുള്ള പ്രതിഭാസങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.
കടപ്പാട്, മാത്രഭൂമി ഓൺലൈൻ
Comments
Post a Comment