മഴയുണ്ടോ? ഇനി ‘എഐ’ പറയും മഴ പെയ്യുമോ ഇല്ലയോ എന്ന് കൃത്യമായി!


Heavy rain lashes Kerala, yellow alert in 11 districts
   

കംപ്യൂട്ടർ യന്ത്രങ്ങൾക്കോ സോഫ്റ്റ്‌വെയറിനോ എന്തൊക്കെ കഴിയും എന്നു ചോദിച്ചാൽ എന്തും കഴിയും എന്ന ഉത്തരത്തിലേക്കു നാം വളരെ വേഗം അടുക്കുകയാണ്. ഇപ്പോഴിതാ മഴയുണ്ടാകുമോ എന്നു പ്രവചിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അടുത്ത രണ്ടു മണിക്കൂറുകളിൽ മഴയുണ്ടാകുമോയെന്നാണു പുതിയ എഐ സംവിധാനം പ്രവചിക്കുക. ഗൂഗിൾ ഉടമസ്ഥതയിലുള്ള ലണ്ടൻ എഐ ലാബ് ഡീപ് മൈൻഡും യൂണിവേഴ്സിറ്റി ഓഫ് എക്സീറ്ററും മെറ്റ് ഓഫിസുമായി ചേർന്നാണു പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.

മുൻപ് ഉണ്ടായിരുന്ന കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ചില ഇക്വേഷനുകൾ ഉപയോഗപ്പെടുത്തിയായിരുന്നു പ്രവർത്തിച്ചിരുന്നത്. അവയ്ക്കാകട്ടെ 6 മണിക്കൂറിനും 2 ആഴ്ചയ്ക്കുമിടയ്ക്ക് മഴ പെയ്യുമോ ഇല്ലയോ എന്നു പറയാനേ കഴിയുമായിരുന്നുള്ളൂ. അവയുടെ കൃത്യത കുറവായിരുന്നു താനും. എന്നാൽ പുതിയ എഐ സംവിധാനം കൂടുതൽ മികച്ച, കൃത്യതയുള്ള, തൊട്ടടുത്ത സമയത്തെ പ്രവചനങ്ങൾ നടത്താൻ കെൽപുള്ളവയാണ്.

കാരണം കാലാവസ്ഥാ വ്യതിയാനം

തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്നു മനുഷ്യനു തിരിച്ചറിയാനോ, അപകടത്തിൽ നിന്നു രക്ഷനേടാനോ കഴിയാത്ത തരത്തിൽ പ്രകൃതിയുടെ രൂപവും ഭാവവും മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം തന്നെയാണ് അടിസ്ഥാന കാരണം. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് അന്തരീക്ഷ താപനില ഉയർന്നിട്ടുണ്ട്. കൂടുതൽ അപകടകരമായ മിന്നലുകൾക്കും മഴയ്ക്കും ഇതു കാരണമാകുന്നു. ചുഴലിക്കാറ്റുകളാണു മറ്റൊരു ഭീഷണി. അവയുടെ സഞ്ചാരമാകട്ടെ പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തി അവസാന നിമിഷം മാറുന്ന അവസ്ഥ പലതവണയുണ്ടായി. പുരാതന കാലത്തു മനുഷ്യൻ യന്ത്ര സഹായമില്ലാതെ കണക്കാക്കിയിരുന്ന ഇവയെല്ലാം തന്നെ ഇപ്പോൾ കൈവിട്ടു പോയ അവസ്ഥയിലാണ്. അവയെക്കുറിച്ചു പഠിക്കാനും കൃത്യമായി അവയുടെ ഭാവി നിർണയിക്കാനും ഇനി നൂതന സാങ്കേതിക വിദ്യകളിലാണു മനുഷ്യൻ സഹായം തേടുന്നത്.

എന്താണ് എഐ?

കംപ്യൂട്ടറുകളടക്കമുള്ള യന്ത്രങ്ങൾക്കു സ്വയം ചിന്തിക്കാനും നിയന്ത്രിക്കാനുമുള്ള കഴിവു നൽകുന്നതാണു എഐ എന്ന സാങ്കേതിക വിദ്യ. സോഫ്റ്റ്‌വെയർ സഹായത്തോടെ മെഷീനെ മുൻപേയുള്ള ചില വിവരങ്ങൾ ഉപയോഗിച്ചു പുതിയ കാര്യങ്ങളിൽ കൃത്യമായ കണക്കുകൂട്ടലുകളിലെത്താൻ സഹായിക്കുന്നതാണിത്. ഒട്ടേറെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ അവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മെഷീൻ വിലയിരുത്തും. പിന്നീട് സമാന അവസ്ഥ ഉണ്ടാകുമ്പോൾ അതേ കാലാവസ്ഥ ആവർത്തിക്കാനുള്ള സാധ്യത പ്രവചിക്കുകയാണ് ചെയ്യുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും അപ്രതീക്ഷിതമായി കനത്ത മഴയും തുടർന്നു പ്രളയവും ഉണ്ടാകുന്ന ഇക്കാലത്ത് മണിക്കൂറുകൾക്കകം ഉണ്ടാകാൻ സാധ്യതയുള്ള വിപത്തിനെ നേരത്തെയറിയാൻ കഴിഞ്ഞാൽ, മുന്നൊരുക്കം നടത്തിയാൽ രക്ഷിക്കാവുന്ന ജീവനുകൾ ഏറെയാണ്.

പ്രവർത്തനം എങ്ങനെ

The AI that accurately predicts the chances of rain

മഴയുടെ സ്ഥിരം പാറ്റേണുകളെക്കുറിച്ചു പഠിച്ചും അവ വിലയിരുത്തിയുമാണ് എഐ സംവിധാനം പ്രവർത്തിക്കുന്നത്. 2016 മുതൽ 2018 വരെയുള്ള യുകെ റഡാർ മാപ്സ് ഉപയോഗിച്ചാണു സിസ്റ്റം വികസിപ്പിച്ചത്. 2019ലെ യുകെ റഡാർ മാപ്സ് ടെസ്റ്റിങ്ങിന് ഉപയോഗിച്ചു. ടെസ്റ്റിങ്ങി‍ൽ 89% കൃത്യതയാണു പുതിയ സംവിധാനം കാട്ടിയത്. ‘‘ നമ്മൾ ഇപ്പോൾ തുടക്കത്തിലാണ്, പക്ഷേ, എഐ വളരെ മികച്ചതാണെന്നും കൃത്യതയുള്ള റിസൾട്ട് തരാൻ കഴിയുമെന്നും തെളിഞ്ഞു’’ – ഡീപ് മൈൻഡിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഷാക്കിർ മുഹമ്മദ് പറഞ്ഞു. എഐ സംവിധാനത്തിലൂടെ പ്രവചനത്തിനെടുക്കുന്ന സമയം കുറയ്ക്കാൻ കഴിയും. വരും ദിവസങ്ങളിൽ ഇതിലും മികച്ച ഫലം തരാൻ ഗവേഷണത്തിനു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യന്റെ ഭാവിയെപ്പറ്റി ചിന്തിക്കാതെയുള്ള പ്രവൃത്തികൾ കാരണം ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ മനുഷ്യന്റെ തന്നെ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് ഇവിടെ. പക്ഷേ ആ പുതിയ സാങ്കേതിക വിദ്യ കാലാവസ്ഥാ വ്യതിയാനത്തെ ത്വരിതപ്പെടുത്തുന്നതാകരുത്. സാങ്കേതികവിദ്യയുടെ പിൻബലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ അവഗണിക്കുകയോ, പിന്നീടു പരിഹാരം കാണാം എന്നു കരുതി വിടുകയോ ചെയ്യുന്നതു ലോകത്തിന് ആപത്താകും സൃഷ്ടിക്കുക.

Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...