ഇന്നത്തെ കാലത്ത്, ഇന്റർനെറ്റും, സോഷ്യൽ മീഡിയാ ആപ്പുകളൊന്നുമില്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും സാധിക്കില്ല പലർക്കും. എന്നാൽ 56 -കാരനായ ചന്ദ്രശേഖരന്റെ കാര്യം അതല്ല. അദ്ദേഹത്തിന് വാട്സ്ആപ്പോ, ഫേസ്ബുക്കോ ഒന്നും തന്നെയില്ല. എന്തിന് ഒരു സ്മാർട്ഫോൺ പോലും അദ്ദേഹത്തിനില്ല. കാലം മാറിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടേയില്ല. കാരണം കഴിഞ്ഞ 17 വർഷമായി അദ്ദേഹം ജീവിക്കുന്നത് കാട്ടിലാണ്
ആനകൾ, പന്നികൾ, പുള്ളിപ്പുലികൾ, പാമ്പുകൾ, കാട്ടുപോത്തുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്താറുണ്ടെങ്കിലും, അദ്ദേഹം അവിടെ നിന്ന് മാറാൻ കൂട്ടാക്കുന്നില്ല.

അദ്ദേഹത്തിന്റെ രൂപവും കാട്ടിലെ ജീവിതം പോലെ പരുക്കനാണ്. ആ മെലിഞ്ഞ മനുഷ്യന്റെ ശക്തമായ കൈകാലുകളും, പകുതി കയറിയ കഷണ്ടിയും, ഷേവ് ചെയ്യാത്ത മുഖവും, നീട്ടി വളർത്തിയ മുടിയും എല്ലാം കാടിന്റെ പച്ചയായ ജീവിതത്തെ എടുത്ത് കാട്ടുന്നു. അദ്ദേഹത്തിന് സ്വന്തമെന്ന് പറയാൻ ആകെയുള്ളത് 2 ജോഡി വസ്ത്രങ്ങളും, ഒരു ജോടി റബ്ബർ സ്ലിപ്പറുമാണ്.
നെക്രൽ കെമ്രാജെ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം. അവിടെ കുടുംബവുമായി സന്തോഷത്തോടെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു കൃഷിക്കാരനായ അദ്ദേഹത്തിന് ഏകദേശം 1.5 ഏക്കർ കൃഷിഭൂമിയുണ്ടായിരുന്നു. 2003 -ൽ അദ്ദേഹം ഒരു സഹകരണ ബാങ്കിൽ നിന്ന് 40,000 രൂപ വായ്പ എടുത്തു. അതോടെ അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങി. ഒരു ഘട്ടത്തിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ, ബാങ്ക് അദ്ദേഹത്തിന്റെ കൃഷിസ്ഥലം ലേലം ചെയ്തു. ഇത് അദ്ദേഹത്തെ മാനസികമായി വല്ലാതെ തകർത്തു. അയാൾ കാറുമായി അഡാലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി. പക്ഷേ അവിടെയും അദ്ദേഹത്തെ എതിരേറ്റത് പ്രശ്നങ്ങളായിരുന്നു. ഒടുവിൽ സഹികെട്ട് കാട്ടിൽ അഭയം പ്രാപിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഏതാനും വർഷം മുമ്പ് അന്നത്തെ ജില്ലാ കളക്ടർ എ.ബി. ഇബ്രാഹിം അദ്ദേഹത്തിന് താമസിക്കാൻ ഒരു വീട് വാഗ്ദാനം ചെയ്തു. എന്നാൽ ചന്ദ്രശേഖർ അത് തിരസ്കരിച്ചു. ആനകൾ, പന്നികൾ, ഉറുമ്പുകൾ, പുള്ളിപ്പുലികൾ, പാമ്പുകൾ, കാട്ടുപോത്തുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്താറുണ്ടെങ്കിലും, അദ്ദേഹം അവിടെ നിന്ന് മാറാൻ കൂട്ടാക്കുന്നില്ല. തനിച്ച് കാട്ടിൽ താമസിക്കുന്ന അദ്ദേഹം ഇന്ന് വരെ ഒന്നും നശിപ്പിക്കുകയോ, കവർന്നെടുക്കുകയോ ചെയ്തിട്ടില്ല. കൊട്ടകൾ നെയ്യാൻ അദ്ദേഹം ഉപയോഗിക്കുന്ന വള്ളികൾ പോലും നിലത്ത് നിന്ന് കിട്ടുന്നവയാണ്. അതുപോലെ, അദ്ദേഹത്തിന് ആധാർ കാർഡ് ഇല്ലെങ്കിലും ആറൻതോട് ഗ്രാമപ്പഞ്ചായത്ത് അദ്ദേഹത്തെ സന്ദർശിക്കുകയും അദ്ദേഹത്തിന് കൊവിഡ് -19 വാക്സിൻ നൽകുകയും ചെയ്തു. ലോക്ക്ഡൗൺ കാലത്ത് ആഴ്ചകളോളം വെറും വെള്ളവും, കാട്ടുപഴങ്ങളും ഭക്ഷിച്ചാണ് അദ്ദേഹം ജീവിച്ചത്.
Comments
Post a Comment