അറബിക്കടലിൽ ചക്രവാതച്ചുഴി; 16 വരെ മഴ തുടരും; 13 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം

വെള്ളിയാഴ്ചവരെ മഴതുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നൽകി. പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനമൊട്ടാകെ തോരാമഴയും ദുരിതവുമാണ്. ചക്രവാതച്ചുഴിയുടെയും പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റിന്റെയും സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാനാണ് സാധ്യത. മധ്യകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി നാലു ദിവസംവരെ തുടർന്നേക്കും. മഴ ശക്തിപ്പെടാന്‍ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനിൽക്കാന്‍ സാധ്യതയുണ്ട്. മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. 16 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ബുധനാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഒക്ടോബർ പതിനഞ്ചോടെ ആന്ധ്ര, ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെടാനിടയുണ്ടെന്നായിരുന്നു നേരത്തേയുള്ള വിശകലനം. വരും മണിക്കൂറുകളിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 14, 15 തീയതികളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്. ഈ ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനു സാധ്യതയുണ്ട്.
കൊല്ലം തെന്മലയില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജ് മരിച്ചു. ചെങ്കോട്ട റെയിൽവേ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. ആര്യങ്കാവ് സ്വർണഗിരിയിൽ ഉരുൾപൊട്ടി. ചേനഗിരി പാലത്തിന്റെ ഒരു വശം തകർന്നു. തെന്മല, പുനലൂര്‍ മേഖലകളിലായി പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പത്തനാപുരം വിളക്കുടി പഞ്ചായത്തുകളിലായി പതിനഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പത്തനംതിട്ടയില്‍ അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. വലഞ്ചുഴി ക്ഷേത്രവും ഒറ്റപ്പെട്ടു. എറണാകുളത്ത് പെരിയാർ കര കവിഞ്ഞ് ഒഴുകുന്നതിനാൽ തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആലുവ ശിവക്ഷേത്രത്തിൽ വെള്ളം ഇറങ്ങി തുടങ്ങി.
ഇടമലയാർ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിഞ്ഞു. ആദിവാസി ഊരുകളിലേക്കുള്ള യാത്ര തടസപ്പെട്ടു. ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാറ്റിന്റെ ഗതി വടക്കന്‍ ജില്ലകളിലേക്കും ശക്തിപ്രാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം , ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുണ്ട്.
Comments
Post a Comment