ആകാശം തുറന്ന് ഗുലാബ് ചുഴലിക്കാറ്റ്; കണക്കൊപ്പിച്ച് കേരളത്തിൽ മൺസൂൺ

Kerala Rain
കനത്ത മഴയിൽ ഇരുചക്ര വാഹനത്തിൽ കണ്ണൂർ നഗരത്തിലൂടെ നീങ്ങുന്നയാൾ (ഫയൽ ചിത്രം)
   

പത്തനംതിട്ട ∙ ആന്ധ്രാതീരത്തെ ഗുലാബ് ചുഴലിക്കാറ്റിനോട് നന്ദി. അല്ലായിരുന്നെങ്കിൽ പതിവിലും കുറവു മഴ കിട്ടിയ വർഷമെന്നു രേഖപ്പെടുത്തി കേരളം 2021ലെ മൺസൂൺ സീസണിന്റെ താൾ മറിക്കേണ്ടി വരുമായിരുന്നു. സംസ്ഥാനത്ത് ജൂൺ 1 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുപ്രകാരം ലഭിക്കേണ്ടതിലും 20 ശതമാനത്തോളം മഴ കുറവായിരുന്നു.

ഇതിനിടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കലിംഗപ്പട്ടണത്തേക്ക് കയറിയ ഗുലാബ് ചുഴലി എത്തിയത്. ഇതുമൂലം ഞായറാഴ്ച കേരളത്തിൽ പലയിടത്തും നേരിയ മഴ ലഭിച്ചു. ഇതോടെ മഴക്കുറവിന്റെ തോത് 19 ശതമാനത്തിലേക്കു താണു. ഒക്ടോബർ അവസാനത്തോടെ തുലാമഴയെത്തുമ്പോൾ കുറവ് പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ.

19 ശതമാനം എന്ന മാന്ത്രികസംഖ്യ

19 ശതമാനത്തിലേക്ക് എത്തിയാൽ അതു സാധാരണ മഴ എന്നാണു ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തുക. ശരാശരിയിലും 19 ശതമാനം വരെ കുറഞ്ഞാലും 19 ശതമാനം വരെ കൂടിയാലും ഒരുപോലെ; ആ വർഷം മൺസൂൺ പതിവുപോലെ ലഭിച്ചു (നോർമൽ) എന്നു കണക്കാക്കും. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് മൺസൂൺ കാലം. സംസ്ഥാനത്ത് ഈ നാല് മാസം ലഭിക്കേണ്ട ദീർഘകാല ശരാശരി മഴ 201 സെന്റീമീറ്ററാണ്. കിട്ടിയത് 163 സെന്റീമീറ്റർ.

60 ശതമാനത്തിൽ കൂടിയാൽ വളരെ അധികം, 20 മുതൽ 59 ശതമാനം വരെ കൂടിയാൽ അധികം, 19 ശതമാനം കൂടുതൽ മുതൽ 19 ശതമാനം കുറവുവരെയാണെങ്കിൽ സാധാരണം, 20 മുതൽ 50 വരെ ശതമാനം കുറഞ്ഞാൽ അപര്യാപ്തം, 60 ശതമാനത്തിൽ കുറഞ്ഞാൽ ഏറെ അപര്യാപ്തം, 100 ശതമാനം കുറഞ്ഞാൽ മഴയില്ലാത്ത സ്ഥിതി എന്നിങ്ങനെ ആറു തലത്തിലാണ് ഐഎംഡി ഇന്ത്യയിലെ മൺസൂൺ കണക്കാക്കുന്നത്.

മഴക്കുറവിന്റെ തലസ്ഥാനം വയനാട്; മഴയുടെ നാടായി കോട്ടയം

പതിവുപോലെ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. (–32). ശരാശരിയിലും അധികം ലഭിച്ചത് കോട്ടയത്ത് മാത്രം (12 ശതമാനം കൂടുതൽ). പാലക്കാട് (–29), മലപ്പുറം (–25), കണ്ണൂർ (–23), തിരുവനന്തപുരം, തൃശൂർ (–24), ആലപ്പുഴ, ഇടുക്കി, കാസർകോട് (–20), കൊല്ലം (–19), കോഴിക്കോട് (–13), എറണാകുളം (–9), പത്തനംതിട്ട (–3) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മഴക്കണക്ക്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ചിലയിടങ്ങളിലായി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടുക്കി മുതൽ വടക്കോട്ട് 6 ജില്ലകളിൽ തിങ്കളാഴ്ച മുതൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ചുഴലി ഇന്ത്യയിൽ; പേരിന്റെ വേര് പാക്കിസ്ഥാനിൽ

ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുക്കുന്ന ചുഴലികൾക്കു നൽകാനായി ഇന്ത്യയുൾപ്പെടെ 13 ഇന്ത്യൻ സമുദ്രമേഖലാ രാജ്യങ്ങൾ ചേർന്നു നിർദേശിച്ച 169 കാറ്റുകളുടെ പട്ടികയിൽനിന്നു പാക്കിസ്ഥാൻ നിർദേശിച്ച പേരാണ് ചുഴലിക്കു നൽകിയിരിക്കുന്നത്. ഗുലാബ് എന്ന ഉറുദു വാക്കിന് റോസ് എന്ന് അർഥം. നിസർഗ, ഗതി, നിവാർ, ബുറേവി, ടൗട്ടെ, യാസ് എന്നിവയായിരുന്നു ഇതിനു മുൻപ് പട്ടികയിൽ നിന്നു വീശിയടിച്ച കാറ്റുകൾ.

യഥാക്രമം ബംഗ്ലദേശ്, ഇന്ത്യ, ഇറാൻ, മാലദ്വീപ്, മ്യാൻമാർ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഈ പേരുകൾ നിർദേശിച്ചത്. ഇനി ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, യെമൻ എന്നീ രാജ്യങ്ങൾ നിർദേശിച്ച പേരുകളാണ് ഇടാനുള്ളത്. ഈ ക്രമമമുസരിച്ച് അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ശ്രീലങ്കൻ തീരത്തോ രൂപമെടുക്കുന്ന അടുത്ത ചുഴലിക്ക് ഖത്തർ നിർദേശിച്ചിരിക്കുന്ന ഷഹീൻ എന്ന പേരായിരിക്കും നൽകുക.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!