ഗുലാബ് ഷഹീനായി മാറാന്‍ സാധ്യത


ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായതിനു പിന്നാലെ ഇന്നലത്തെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതു പ്രകാരം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ ഇടയില്ല.  ബംഗ്ലാദേശിനു സമീപമാണ് ന്യൂനമര്‍ദം ഇത് രൂപപ്പെട്ടത്. പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബംഗാളില്‍ കരകയറും. ഹിമാലയന്‍ മേഖലയിലും ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കനത്തമഴക്ക് കാരണമാകും. കേരളത്തെ ഈ സിസ്റ്റം നേരിട്ട് ബാധിക്കില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരും. 

കനത്തമഴ നല്‍കി ഗുലാബ് തുടരുന്നു
ഗുലാബ് ശക്തികുറഞ്ഞ് വെല്‍മാര്‍ക്ഡ് ലോ പ്രഷറായി മാറി. നിലവില്‍ ഇത് നാഗ്പൂരിന് തെക്കുപടിഞ്ഞാറ് വിദര്‍ഭ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കനത്ത മഴ ഇതേ തുടര്‍ന്ന് ലഭിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഉമര്‍ഖഢില്‍ ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്തമഴയില്‍ പാലത്തില്‍ നിന്ന ബസ് ഒഴുകിപ്പോയി. അപകടത്തില്‍ ഒരാള്‍ മരിച്ചു. അന്തര്‍ ജില്ലാ സര്‍വിസ് നടത്തുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസാണ് (എം.എസ്.ആര്‍.ടി.സി) ഒഴുകിപ്പോയത്. ബസില്‍ എട്ട് യാത്രക്കാരുണ്ടായിരുന്നു. നന്ദഡ്- നാഗ്പൂര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട മരത്തടികളില്‍ ഇടിച്ചാണ് ബസ് നിന്നത്. പാലത്തിനു മുകളില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. മൂന്നു പേരെ ഗ്രാമീണര്‍ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയില്‍ തുരുത്തില്‍ കുടുങ്ങിയ 47 പേരെയും രക്ഷപ്പെടുത്തി. കനത്തമഴ മഹാരാഷ്ട്രയില്‍ പലയിടത്തും മിന്നല്‍ പ്രളയം ഉണ്ടാക്കി. 

ഗുലാബ് ഷഹീനായി മാറാന്‍ സാധ്യത
കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നതുപോലെ ഗുലാബ് ഗുജറാത്ത് വഴി അറബിക്കടലില്‍ പ്രവേശിച്ച് വീണ്ടും ശക്തിപ്പെട്ട് ചുഴലിക്കാറ്റായേക്കും. ഇത് ഒമാന്‍- ഇറാന്‍ തീരം ലക്ഷ്യമാക്കിയാണ് നീങ്ങുക. ഗുജറാത്ത് തീരം, പാകിസ്താന്‍ തീരം തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയും കാറ്റും പ്രതീക്ഷിക്കാം. വ്യാഴാഴ്ച ഉച്ചയോടെ ഗുലാബ് അറബിക്കടലില്‍ പ്രവേശിച്ച് ശക്തിപ്പെടും. വെള്ളിയാഴ്ച പാകിസ്താന്‍ തീരപ്രദേശങ്ങളില്‍ ആഘാതമേല്‍പ്പിച്ച് കരകയറാതെ  ഒമാനിലേക്കോ ഇറാനിലേക്കോ പോകും. ഗുലാബ് വീണ്ടും ശക്തിപ്പെട്ട ചുഴലിക്കാറ്റായാല്‍ ഖത്തര്‍ നിര്‍ദേശിച്ച ഷഹീന്‍ എന്ന പേരിലാകും അറിയപ്പെടുക. 

കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരും
സംസ്ഥാനത്ത് ചുഴലിക്കാറ്റുകളുടെ നേരിട്ടുള്ള സ്വാധീനമില്ലെങ്കിലും കാലവര്‍ഷക്കാറ്റ് ശക്തമായതിനാല്‍ മഴ ഇടവിട്ട് ലഭിക്കും. എല്ലാ ജില്ലകളിലും ഒരുപോലെ മഴ സാധ്യത അടുത്ത 24 മണിക്കൂറിലുണ്ട്. വ്യാഴം മുതല്‍ കേരളത്തില്‍ മഴ കുറയാനാണ് സാധ്യത. പിന്നെ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചും ഇടിയോടു കൂടെ മഴ തുടരും.   

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ