ഒറ്റക്കടിക്ക് ആനയെ കൊല്ലുന്ന വിഷപ്പല്ലുകള്‍; രാജവെമ്പാല കടിച്ചാൽ ഉടുമ്പ് ചാവില്ലേ?

വഴിയിൽ കടിപിടി കൂടുന്ന രാജവെമ്പാലയും ഉടുമ്പും, കാട്ടിൽ ‘ഏറ്റുമുട്ടി ചത്ത’ കടുവയും ആനയും തുടങ്ങി നമ്മുടെ വനാന്തരങ്ങളിൽ നിന്നുള്ള കൗതുക വാർത്തകൾക്കു പഞ്ഞമില്ല. എന്നാൽ, ഇത്തരം വാർത്തകളുടെ ആഴങ്ങളിലേക്കിറങ്ങിയാൽ ലഭിക്കുക കൂടുതൽ കൗതുകകരങ്ങളായ വിവരങ്ങളായിരിക്കും. സാധാരണക്കാരുടെ ‘വന്യജീവി ജ്ഞാനം’ പരിമിതമായതിനാൽത്തന്നെ പലപ്പോഴും യാഥാർഥ്യത്തിന്റെ മങ്ങിയ നിറം മാത്രം കലർന്ന കേട്ടുകേൾവികളാണ് ആദ്യം പരക്കുക. എന്നാൽ അതായിരിക്കില്ല സത്യമെന്ന് വനത്തെയും വന്യജീവികളെയും നന്നായി അറിയാവുന്ന വനംവകുപ്പുദ്യോഗസ്ഥരും ജന്തുശാസ്ത്രജ്ഞരും പറയുന്നു. മലയാറ്റൂർ റേഞ്ചിലെ കരിമ്പാനി വനത്തിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഉടുമ്പിന്റെ വാലിൽ ‘അറിയാതെ കടിച്ച്’ പുലിവാൽ പിടിച്ച രാജവെമ്പാലയുടെ കഥയാണ് ഇത്തരത്തിൽ അവസാനം മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം?
രാജവെമ്പാലയ്ക്കെന്താ ഉടുമ്പിനെ തിന്നാൽ?

രാജവെമ്പാലയുടെ ഭക്ഷണം പാമ്പുകളാണെന്നും ഉടുമ്പിന്റെ വാൽ കണ്ടു പാമ്പെന്നു തെറ്റിദ്ധരിച്ചു പിടികൂടാൻ ശ്രമിച്ചതാണെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തയിലെ ഒരു പരാമർശം. എന്നാൽ, രാജവെമ്പാലയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് ഉടുമ്പ് (മോണിറ്റർ ലിസാഡ്) എന്നതാണു സത്യം. ഉടുമ്പിനെ പിടികൂടി ഭക്ഷണമാക്കുന്ന രാജവെമ്പാലകളുടെ ചിത്രങ്ങളും വിഡിയോകളും ഓൺലൈൻ ലോകത്തു സുലഭമാണ്. സ്വന്തം തൊലിക്കട്ടിയൊന്നും രാജവെമ്പാലയുടെ വിഷപ്പല്ലിനു മുന്നിൽ ഉടുമ്പിനു തുണയാകില്ലെന്നതും യാഥാർഥ്യം മാത്രം.
പാമ്പുകളുൾപ്പെടെ ഉരഗ കുടുംബത്തിലെ അംഗങ്ങളാണു (റെപ്റ്റൈൽ ഫാമിലി) രാജവെമ്പാലയുടെ ഭക്ഷണം. ഉടുമ്പുകളും ഉരഗ കുടുംബത്തിന്റെ ഭാഗമാണ്. എന്നാൽ മൂർഖൻ ഒഴികെയുള്ള പല പാമ്പുകളെയും വലിയ പ്രയത്നം ഇല്ലാതെ ഭക്ഷണമാക്കാൻ രാജവെമ്പാലയ്ക്കാകുമ്പോൾ ഉടുമ്പിനെ പൊരുതി തോൽപിക്കാൻ അൽപം പണിപ്പെടണമെന്നു മാത്രം. രാജവെമ്പാലയെ തോൽപിക്കാനായുള്ള ശ്രമം ഉടുമ്പിന്റെ ഭാഗത്തുനിന്നു ശക്തമായുണ്ടാകും. തന്നെ രാജവെമ്പാലയ്ക്കു കടിക്കാൻ സാധിക്കാത്ത വിധം അതിന്റെ കഴുത്തിൽ കടിച്ചു കുടയാനായിരിക്കും ഉടുമ്പിന്റെ ശ്രമം.
എന്നാൽ ഇരയാക്കാനുദ്ദേശിക്കുന്ന ജീവി ആക്രമണകാരിയെങ്കിൽ കഴിവതും ആദ്യ കടിയിൽതന്നെ രാജവെമ്പാല ചെറിയ അളവിൽ വിഷം കുത്തിവയ്ക്കാറാണു പതിവ്. വായുടെ ഏറ്റവും ഉള്ളിലായുള്ള കോമ്പല്ലുകളാണു പാമ്പുകളുടെ വിഷപ്പല്ല്. ഇതുപയോഗിക്കാൻ വായ നന്നായി തുറന്നു കടിക്കുക തന്നെ വേണം. തിരിച്ചു കടിക്കാൻ സാധ്യതയുള്ള പാമ്പുകളെയും വിഷപ്രയോഗത്താൽ നിർവീര്യനാക്കിയ ശേഷമാണു രാജവെമ്പാല ഭക്ഷിക്കുക. ഇതിനാൽ ‘വാർത്തയിലെ ഉടുമ്പ്’ കടിയേറ്റ ശേഷം താൽക്കാലികമായി രക്ഷപ്പെട്ടതാവാമെന്നും മിനിറ്റുകൾക്കുള്ളിൽ എവിടെയെങ്കിലും വീണു ചത്തിട്ടുണ്ടാകുമെന്നുറപ്പാണെന്നും വനപാലകർ പറയുന്നു.

പിടികൂടുന്ന ഇരയെ സാധാരണ വിട്ടുകളയുന്ന സ്വഭാവം ഇവയ്ക്കില്ല. എന്നാൽ, മറ്റു മൃഗങ്ങളുടെയും മനുഷ്യരുടെയും അനക്കങ്ങൾ അതിവേഗം പിടിച്ചെടുക്കാനും സ്വയരക്ഷാർഥം അവിടെനിന്നു മാറാനുമുള്ള സ്വാഭാവിക ചോദനയുള്ള ജീവികളാണു രാജവെമ്പാലകൾ. വനപാലകരുടെ സാന്നിധ്യം തൊട്ടടുത്തു തിരിച്ചറിഞ്ഞയുടൻ ഇരയെ ഉപേക്ഷിച്ചു സ്ഥലം വിട്ടതാകും ഉടുമ്പിനെ കുറച്ചു നേരത്തേക്കാണെങ്കിലും രക്ഷപ്പെടുത്തിയിട്ടുണ്ടാവുകയെന്നും ജന്തുശാസ്ത്രജ്ഞർ പറയുന്നു.
ഒരിക്കലും പാമ്പെന്നു തെറ്റിദ്ധരിച്ചു രാജവെമ്പാല ഉടുമ്പിനെ പിടികൂടേണ്ട കാര്യമില്ലെന്നും ഇവർ പറയുന്നു. കാരണം പാമ്പുവർഗത്തിൽ ഏറ്റവും കാഴ്ചശക്തിയുള്ള ജീവികളാണു രാജവെമ്പാലയും ചേരയും. 300 അടി അകലെ നിന്നു വരെ ഇരയെ വ്യക്തമായി കാണാനും തിരിച്ചറിയാനും ഇവയ്ക്കാകും. മാത്രമല്ല, തന്റെ ശരീരത്തിന്റെ നീളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഉയർത്തി നിവർന്നു നിൽക്കാനുള്ള ശേഷിയുള്ളതിനാൽ ചെറിയ കുറ്റിക്കാടൊന്നും ഇതിന്റെ കാഴ്ചയ്ക്കു പരിമിതി സൃഷ്ടിക്കുകയുമില്ല.
ഒറ്റക്കടിയിൽ ഒരാനയെ കൊല്ലാൻ തക്ക വിഷമാണു പ്രതിയോഗികളുടെ ശരീരത്തിലേക്ക് രാജവെമ്പാല കുത്തിവയ്ക്കുക. മൂർഖന്റെ വിഷത്തേക്കാൾ വീര്യം കുറവാണെങ്കിലും ഒരു മനുഷ്യൻ മരിക്കാൻ വേണ്ടതിന്റെ പത്തിരട്ടി വിഷം ഒരു കടിയിൽ ഏൽപിക്കാൻ ഇതിനു കഴിയും. വിഷം ബാധിക്കുന്നതു നാഡീവ്യൂഹത്തെയാണ്. കടിയേൽക്കുന്നർ 5 മുതൽ 20 മിനിറ്റിനുള്ളിൽ മരിക്കും. അരയിഞ്ചോളം നീളമുള്ള പല്ലുകളാണിവയ്ക്ക്. 7 മില്ലി ലീറ്റർ വിഷം വരെ ഒറ്റക്കൊത്തിൽ ഇവ ഇരയുടെ ശരീരത്തിലെത്തിക്കും. ഇത്രയും വിഷം ഉള്ളിലെത്തിയാൽ ആന പോലും അര മണിക്കൂർ മുതൽ 3 മണിക്കൂർ വരെയേ പിടിച്ചുനിൽക്കൂ. അപ്പോൾപ്പിന്നെ ഉടുമ്പിന്റെ കാര്യം കട്ടപ്പുക!
ആനയെ കടുവ ആക്രമിക്കുമോ?

പൂയംകുട്ടി വനമേഖലയിലെ വാരിയംകുടി ആദിവാസിക്കോളനിയിൽനിന്നു കുറച്ചകലെ ഉൾക്കാട്ടിൽ ആനയെയും പെൺകടുവയെയും ചത്തനിലയിൽ കണ്ടെത്തിയപ്പോഴാണ് ആനയും കടുവയും ഏറ്റുമുട്ടിയതാണെന്ന വാർത്ത പരന്നത്. എന്നാൽ ആനയെ കടുവ ആക്രമിക്കുമോ? ‘ഉവ്വ്’ എന്നുതന്നെയാണുത്തരം. എന്നാൽ, വലിയ ആനകളെ കടുവ പിടിക്കാനുള്ള സാധ്യത തുലോം കുറവാണെന്നു മാത്രം. കുട്ടിയാനകളെ ഭക്ഷണമാക്കാൻ കടുവകൾ ശ്രമിക്കാറുണ്ടെങ്കിലും ഇതെളുപ്പമല്ല. കാരണം, മനുഷ്യനേപ്പോലെതന്നെ സമൂഹ ജീവിയാണ് ആന. കൂട്ടമായേ ഇവ നടക്കാറുള്ളൂ.
ഇണയ്ക്കായി ഏറ്റുമുട്ടി പരാജയപ്പെട്ടും മറ്റും കൂട്ടത്തിൽനിന്നു പുറത്താക്കപ്പെടുന്ന ആനകൾ ഒറ്റയാൻമാരായി നടക്കുന്നതു പതിവാണെങ്കിലും കടുവകൾ ഇവയെ ആക്രമിക്കാറില്ല. കൂട്ടമായി നടക്കുന്ന ആനകളേക്കാൾ പതിന്മടങ്ങ് ആക്രമണകാരികളാണിവ എന്നതുതന്നെ കാരണം. കൂട്ടം തെറ്റിപ്പോകുന്ന ആനക്കുട്ടികളെയാണ് അത്യപൂർവമായി കടുവ പിടിക്കുക. ആനക്കുട്ടികൾ കൂട്ടത്തിലുണ്ടെങ്കിൽ മുതിർന്ന ആനകൾ അവയെ സ്വന്തം കാലുകളുടെ ഇടയിൽ സുരക്ഷിതമായി നിർത്തിയാണു കൊണ്ടുനടക്കുക. കുട്ടിയാനയുള്ള ആനക്കൂട്ടത്തിലേക്കു കടന്നു കയറാൻ ശ്രമിച്ചാൽ ഇനി കടുവയല്ല, ആരാണെങ്കിലും വിവരമറിയും. ഇത്തരം സാഹചര്യങ്ങളിലെ ആനകളുടെ കൂട്ട ആക്രമണം അതിജീവിക്കാൻ മിക്ക ജീവികൾക്കും കഴിയില്ലെന്നതുതന്നെ കാരണം.
ഇരയെ ആക്രമിച്ചു കൊന്നു ഭക്ഷിക്കുന്ന ജീവിയാണു കടുവ. എന്നാൽ, കൊന്നയുടൻ ഇരയെ തിന്നാറില്ല. ഈ മാസം അഴുകിക്കഴിഞ്ഞു കഴിക്കുന്നതാണു കടുവയ്ക്കിഷ്ടം. ഇതിനാൽ, ജീവിയെ കൊന്നിട്ട സ്ഥലത്തേക്കു പിന്നീടു മടങ്ങിയെത്തും. പ്രശസ്തമായ വേട്ടക്കഥകളിലെല്ലാം ശിക്കാരിമാർ കടുവ കൊന്നിട്ട മൃഗങ്ങളുടെ സ്ഥാനം കണ്ടെത്തി അതിനു ചുറ്റുപാടുമുള്ള ഉയരമുള്ള മരത്തിൽ ഏറുമാടം കെട്ടി തോക്കുമായി കാത്തിരുന്നതിന്റെ കാരണം ഇതാണ്. എന്നാൽ, രോഗമോ മുറിവുകളോ കൊണ്ടോ പ്രായാധിക്യം കൊണ്ടോ ഇരയെ ആക്രമിച്ചു കീഴ്പ്പെടുത്താനാകാത്ത അവസ്ഥയിലുള്ള കടുവകൾ ജീവൻ നിലനിർത്താനായി മാത്രം ചത്തു കിടക്കുന്ന മൃഗങ്ങളെ ഭക്ഷിക്കാറുണ്ട്.
ഇത്തരത്തിലാകാം പൂയംകുട്ടിയിൽ ചത്തുകിടന്ന ആനയെ തിന്നാൻ കടുവയെത്തിയത്. സ്വന്തം അധികാരപരിധി കൃത്യമായി അടയാളപ്പെടുത്തി അവിടം ‘ഭരിക്കുന്ന’ കടുവ മറ്റു കടുവകളെ ‘സ്വന്തം രാജ്യത്തേക്കു’ കടക്കാൻ അനുവദിക്കാറില്ല. ഇങ്ങനെ സംഭവിച്ചാൽ ഏറ്റുമുട്ടി പരാജയപ്പെടുന്നയാൾ ‘രാജ്യഭ്രഷ്ടനാവുക’ എന്നതാണു കാട്ടുനീതി. മറ്റൊരു കടുവയുടെ സാന്നിധ്യം മൃഗങ്ങളെ ചത്തനിലയിൽ കണ്ടെത്തിയ സ്ഥലത്തു വനം വകുപ്പു കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ തന്റെ മേഖലയിലേക്കു കടന്നു കയറിയ കടുവയെ കരുത്തനായ കടുവ ആക്രമിച്ചു കൊന്നാതാകാമെന്ന നിഗമനത്തിലാണു പൂയംകുട്ടി സംഭവത്തിൽ വനംവകുപ്പ് എത്തിച്ചേർന്നത്.
Comments
Post a Comment