കേരളത്തിൽ മയിലുകള്‍ പെരുകുന്നതിനു പിന്നിലെന്ത്; പ്രകൃതിയിലെ മാറ്റത്തിന്റെ അപായ സൂചന?


Why the number of peacocks are on the rise in Kerala
Image Credit: Shutterstock
   

പൊതുവെ വരണ്ട ഭൂമിയിലാണ് മയിലുകളെ കാണുക. നല്ല മഴ കിട്ടുന്ന കേരളം പോലുള്ള ഇടങ്ങളില്‍ ഇങ്ങനെ മയിലുകള്‍ കൂടുന്നത് എന്തുക്കൊണ്ടാണെന്ന് വിദഗ്ധര്‍ പഠനം നടത്തി. കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള കാലാവസ്ഥ വ്യതിയാന പഠന കോളജിന്റെ ഡീനും പക്ഷിശാസ്ത്രജ്ഞനുമായ ഡോക്ടര്‍ പി.ഒ.നമീര്‍ പറയുന്നു. ‘‘ഭൂമിയിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ജീവജാലങ്ങള്‍ക്ക് നേരത്തെ അറിയാം. മയിലുകള്‍ ഇങ്ങനെ പെരുകുന്നത് കേരളത്തില്‍ വരള്‍ച്ച ഭാവിയിലുണ്ടാകുമെന്നതിന്റെ സൂചനയാണ്’’. 

കഴിഞ്ഞ ദിവസം തൃശൂര്‍ അയ്യന്തോളില്‍ പറന്നുവന്ന മയില്‍ ബൈക്ക് യാത്രക്കാരന്റെ ദേഹത്തു തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് ആള്‍ മരിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം മയിലുകളുടെ വ്യാപനം ഏറെ ചര്‍ച്ചയായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ മയിലുകള്‍ കൂടി. കാര്‍ഷിക വിഭവങ്ങളും നശിപ്പിക്കുന്നുണ്ട്. പക്ഷേ, സംരക്ഷിത വിഭാഗത്തില്‍പ്പെട്ട മയിലുകളെ ആക്രമിക്കുന്നത് ഗൗരവമായ കുറ്റമാണ്. അടുത്ത മുപ്പുതു വര്‍ഷം കഴിയുമ്പോഴേക്കും മയിലുകളുടെ അന്‍പതു ശതമാനം ഇരട്ടിയാകുമെന്നാണ് പഠനം.

വരണ്ട ഭൂമിയാണ് മയിലുകൾക്ക് കൂടുതൽ ഇഷ്ടം. അതായത്, വരണ്ട കാലാവസ്ഥയുള്ള സമയത്ത് 75 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശമാണ് ഇവയ്ക്കു താൽപര്യം. വർഷത്തിൽ 1500 മില്ലിമീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളും. എന്നാൽ കേരളത്തിൽ 3000 മില്ലിമീറ്ററിനു മുകളിലാണ് പ്രതിവർഷം ലഭിക്കുന്ന ശരാശരി മഴയുടെ അളവ്. കേരളം കൂടുതൽ വരണ്ട കാലാവസ്ഥയിലേക്കു മാറുന്നതിന്റെ സൂചനയാണ് മയിലുകളുടെ സാന്നിധ്യമെന്നും സംശയിക്കാനും ഇതാണു കാരണം.

പ്രത്യേകതരം ചില പക്ഷികളുടെ സാന്നിധ്യം കാലാവസ്ഥാ മാറ്റത്തിന്റെ കൃത്യമായ സൂചന ഗവേഷകർക്കു നൽകാറുണ്ട്. അവ കാലാവസ്ഥാമാറ്റത്തിനോട് അത്രയേറെ ‘സെൻസിറ്റിവ്’ ആയി പ്രതികരിക്കുന്നതുകൊണ്ടാണത്. എന്നാൽ കേരളത്തിലെ പക്ഷികളുടെ സാന്നിധ്യവും കാലാവസ്ഥാ മാറ്റവും തമ്മില്‍ ബന്ധം കണ്ടെത്തുന്ന അധികം പഠനങ്ങളൊന്നും നടന്നിട്ടില്ല. 

കേരളത്തിൽ 19.15% പ്രദേശത്ത് നിലവിൽ മയിലുകൾക്കു ജീവിക്കാൻ അനുയോജ്യമാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഈ മേഖലകളിലേറെയും. എന്നാൽ 2050 ആകുമ്പോഴേക്കും മയിലുകളുടെ എണ്ണം വ്യാപകമാകുന്ന പ്രദേശത്തിന്റെ വ്യാപ്തി 41.44% മുതൽ 55.33% വരെയായി ഉയരാമെന്നും പഠനത്തിൽ പറയുന്നു.

PTI8_25_2013_000092B

കേരളത്തിലെ തെക്കുകിഴക്കന്‍, വടക്കു പടിഞ്ഞാറൻ മേഖലകളിലായിരിക്കും ഭാവിയിൽ മയിലുകളുടെ എണ്ണം കൂടുക. കേരളത്തിന്റെ മാറുന്ന കാലാവസ്ഥയിലേക്കു കൃത്യമായി വിരൽ ചൂണ്ടുന്ന ബയോ ഇൻഡിക്കേറ്ററായിരിക്കും മയിലുകളുടെ സാന്നിധ്യമെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം 2070 ആകുമ്പോഴേക്കും മയിലുകളുടെ സാന്നിധ്യമുള്ള മേഖല 22 മുതൽ 32% വരെയായി കുറയും. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ‘പാറ്റേണ്‍’ രൂപപ്പെടുന്നതെന്നു മനസ്സിലാക്കുന്നതിനു കൂടുതൽ പഠനം വേണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

1963 മുതൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയില്‍. വംശനാശത്തിന്റെ കാര്യത്തിൽ ‘കുറഞ്ഞ ആശങ്ക’യുള്ള വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ മയിലുകളുടെ എണ്ണം സ്ഥിരതയാർന്നതാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

വിളകൾ തിന്നുന്നതിൽനിന്നു മയിലുകളെ തടയാൻ ധാന്യങ്ങളിൽ വിഷംവയ്ക്കുന്ന രീതിയും തമിഴ്‍‌നാട്ടിൽ പലയിടത്തുമുണ്ട്. എന്നാൽ 1972ലെ ഇന്ത്യൻ വൈൽഡ്‌ലൈഫ് (പ്രൊട്ടക്‌ഷൻ) ആക്ട് പ്രകാരം മയിൽ സംരക്ഷിത പക്ഷിയാണ്. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്‌ഷൻ 51 (1–എ) പ്രകാരം ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. 50,000 രൂപ വരെ പിഴ ശിക്ഷയും മയിൽവേട്ടക്കാരെ കാത്തിരിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ തെക്കൻ മേഖലയിൽ തുറസ്സായ പ്രദേശങ്ങൾ ധാരാളമായി രൂപപ്പെടുന്നതായിരിക്കും മയിലുകളുടെ എണ്ണം കൂടാൻ കാരണമെന്നും പറയപ്പെടുന്നു. താരതമ്യേന വരണ്ട മേഖലയുമാണവ. പശ്ചിമഘട്ടത്തിൽ ഇത്തരത്തിൽ തുറസ്സായ പ്രദേശങ്ങളുടെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞിട്ടുമില്ല. കേരളത്തിലെ വയലുകളിൽ ഉൾപ്പെടെ എത്തി തീറ്റ തേടുന്ന രീതിയും മയിലുകൾക്കുണ്ട്. അതും അവയുടെ പ്രിയപ്പെട്ട ഇടമായി കേരളത്തെ മാറ്റുന്നു. തൃശൂരിലെ വാഹനാപകടമുണ്ടായതും വയലിൽനിന്നു പറന്നെത്തിയ മയിൽ കാരണമാണ്.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!