യഥാസമയം വാഴക്കുലയുടെ കൂമ്പൊടിച്ചില്ലെങ്കിൽ.....
വാഴക്കുല യഥാർത്ഥത്തിൽ വാഴയുടെ പൂവ്(inflorescence) ആണ്. വാഴയുടെ പൂവ് പുറത്ത് വരുമ്പോൾ വാഴയ്ക്ക് കുടം വന്നു അല്ലെങ്കിൽ വാഴ കുലച്ചു എന്ന് പറയുന്നു. ഇംഗ്ലീഷിൽ bunched എന്ന് പറയും. കുലയിൽ ആദ്യം വിരിയുന്നത് പെൺപൂക്കൾ ആണ്. അത് കായ് ആകാൻ പരാഗണം നടക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ പൂവിന്റെ അണ്ഡാശയം മാംസളമായ കായ് ആകും. അതിനെ Parthenocarpy എന്ന് പറയും. ഈ പെൺപൂക്കൾ തന്നെ ആണ് കായ്കൾ അഥവാ പടലകൾ. വാഴയുടെ ജനിതക ശക്തിയെയും നമ്മളുടെ പരിപാലനത്തെയും ആശ്രയിച്ചിരിക്കും പടലകളുടെ എണ്ണവും പടലയിലെ കായ്കളുടെ എണ്ണവും. അവസാന പടല ആകുമ്പോഴേക്കും ആണും പെണ്ണും അല്ലാത്ത ചില കായ്കൾ കാണാം. 'മാന്നിക്കായ്' എന്ന് തെക്കൻ കേരളത്തിൽ പറയും.
പാലക്കാട് പടലകൾക്കു ചീർപ്പ് എന്നാണ് പറയുക.
പടലകൾ എല്ലാം വിരിഞ്ഞാൽ പിന്നെ 'കാശിനും കർമത്തിനും കൊള്ളാത്ത' എന്ന് പറയാൻ വരട്ടെ, ആൺപൂക്കൾ വിരിയാൻ തുടങ്ങും. വാഴപ്പഴത്തിന് കുരു (വിത്ത് )ഉണ്ടാകാത്തതിനാൽ ആൺപൂവിനു പ്രസക്തി ഇല്ല.
അയാൾ വിരിയുന്നു, കൊഴിയുന്നു.
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ...
ഇനി പിടിത്തം വിടാതെ ആൺപൂക്കൾ കുലയിൽ തന്നെ നിന്നാൽ അതും പണിയാണ്. കാരണം ആ പൂവിന്റെ ദളങ്ങളിൽ പൂപ്പേൻ വളരും. അത് കായ്കളിൽ കറുത്ത കുത്തുകൾ ഉണ്ടാക്കി അവയുടെ ഗ്ലാമർ കുറയ്ക്കും.
ആയതിനാൽ, അവസാന പടല (ചീർപ്പ് )വിരിഞ്ഞാൽ ഉടൻ തന്നെ ആൺപൂക്കൾ നിറഞ്ഞു നിൽക്കുന്ന കൂമ്പ് (കുടപ്പൻ, മാണി )പൊട്ടിച്ചു കളയണം.
കൂമ്പൊടിക്കാതെ നിർത്തിയാൽ അത് നീണ്ടു പൂക്കൾ വിരിഞ്ഞു തീരുന്നത് വരെ വളരും.നീണ്ടു വളർന്ന തണ്ട് അവസാന പടലയുടെ ഭാഗം വച്ചു പൊട്ടിച്ചു, തൂക്കി നോക്കണം. അത്രയും തൂക്കം ഉണ്ടാക്കാൻ എടുത്ത വളങ്ങൾ മുഴുവൻ കായ്കളിലേക്കു പോകേണ്ടതായിരുന്നു എന്ന് ചുരുക്കം. ചുരുങ്ങിയത് ഒരു കിലോ തൂക്കം വഴക്കുലയ്ക്ക് നഷ്ടമായിട്ടുണ്ടാകും. ഒരു കിലോ നേന്ത്രക്കായുടെ മൂല്യം ഒരു ഡോളർ. അപ്പോൾ ആയിരം വാഴ വച്ച കര്ഷകന് ആ ഒരു കാര്യം കൊണ്ട് നഷ്ടമാകുന്നത് ആയിരം ഡോളർ.. എന്റെ ദൈബമേ...
അപ്പോൾ വാഴ ഏതുമാകട്ടെ അവസാന പടല വിരിഞ്ഞാൽ ഉടൻ തന്നെ കൂമ്പ് ഒടിച്ചു മാറ്റാൻ മറക്കരുത്.
(ചെങ്ങാലിക്കോടനിൽ മാത്രം ആചാരപരമായി അത് മുറിക്കാറില്ല. പക്ഷെ അവിടെ പലപ്പോഴും കുലയുടെ തൂക്കത്തിനല്ല മറിച്ചു, കുലയ്ക്കു മോഹവിലയാണ് എന്നതും മറക്കേണ്ട ).
കൂമ്പ് യഥാസമയം മുറിച്ചും മുറിക്കാതെയും നടത്തിയ പരീക്ഷണങ്ങളിൽ നിന്നും, യഥാസമയം കൂമ്പ് മുറിച്ച കുലകളിൽ പ്രകടമായ തൂക്കവ്യത്യാസം കാണുകയുണ്ടായി. മാത്രമല്ല കൂമ്പ് മുറിച്ച കുലകളിൽ നൈട്രജൻ, പൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, മാങ്കനീസ് എന്നിവ കൂടിയതായി കണ്ടു. അതായത് കായ്കൾ കൂടുതൽ പോഷകപ്രദമായി.
തേൻ കുടിക്കാൻ വരുന്ന പ്രാണികളുടെയും പക്ഷികളുടെയുംമാന്തലുകളിൽ നിന്നും വരയലുകളിൽ നിന്നും കായ്കൾക്ക് രക്ഷയും കിട്ടി.
പൂപ്പേനുകളുടെ ശല്യവും കുറഞ്ഞു.
ഇനി കൂമ്പൊടിക്കുമ്പോൾ ആ മുറിപ്പാടിൽ പച്ച ചാണക കുഴമ്പ്, ജീവാമൃതം, പഞ്ചഗവ്യം എന്നിവയിൽ ഏതെങ്കിലും ഒന്ന് കെട്ടി വച്ചാൽ അതും ഗുണകരമായി കണ്ടെത്തി.
കൂമ്പൊടിക്കുമ്പോഴും, അതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞും സൾഫേറ്റ് ഓഫ് പൊട്ടാഷ് (Pottassium Sulphate 50%)30ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കായ്കളുടെ മുഴുപ്പും തൂക്കവും രുചിയും വർധിപ്പിക്കുന്നതായും കാണുകയുണ്ടായി. നമ്മുടെ രക്ത സമ്മർദ്ദം ക്രമീകരിക്കുന്നതിൽ പൊട്ടാസ്യത്തിനു വലിയ പങ്കാണുള്ളത്. അതിൽ അനാരോഗ്യകരമായി ഒന്നുമില്ല. ജൈവ കൃഷിയിലും സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ പ്രയോഗം അനുവദനീയമാണ്.
വാൽകഷ്ണം:ആൺ പൂക്കൾ മാത്രമുള്ള വാഴക്കൂമ്പ് ഒടിച്ചു കളയുന്നത് അത് നിഷ്ഗുണൻ ആയത് കൊണ്ടല്ല. അത് വിപണി മൂല്യം ഉള്ള ഒരു സുപ്പർഫുഡ് ആണ്.
എന്തുകൊണ്ട്?
1.വാഴക്കൂമ്പിന്റെ സത്തിൽ എത്തനോൾ ഉള്ളതിനാൽ അണുനാശക ശക്തി ഉണ്ട്. അണുബാധ ഉണ്ടാകാതെ തടയും.
2.അത് സ്ത്രീ ശരീരത്തിൽ പ്രൊജസ്റ്റീറോൺ ഉൽപ്പാദനത്തിനു സഹായകമാകയാൽ ആർത്തവ രക്തസ്രാവം,തൻമൂലമുള്ള അടിവയറുവേദന എന്നിവ കുറയ്ക്കുന്നു.
3.രക്തത്തിലെ പഞ്ചസാരയുടെ ഊറൽ കുറയ്ക്കുന്നു. പ്രമേഹികൾ അർമാദിപ്പിൻ
4.വിഷാദ മാനസികാവസ്ഥയെ (Depression) തടയുന്നു.
5.ഫെനോളിക് ആസിഡ്, ടാനിൻ, ഫ്ളാവാനോയിഡ് എന്നിവയുടെ കലവറയായതിനാൽ ഫ്രീ റാഡിക്കലുകളെ മെരുക്കുന്നു.
6.മുലപ്പാൽ വർധകമാണ്
7.വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
8.ഇരുമ്പിന്റെ നിറകുടമാകയാൽ ചുവന്ന രക്താണുക്കളെ വർധിപ്പിക്കുന്നു.
9.വാഴക്കൂമ്പ് ക്ഷാര ഭക്ഷണമാകയാൽ വയറ്റിലെ അമിതമായ ആസിഡുകളെ നിർവ്വീര്യമാക്കുന്നു.
10.നാരുകളുടെ നിറസമൃദ്ധിയാൽ ശോധന സുഗമമാക്കുന്നു.
ഇത്രയും സൗഖ്യം കിട്ടാൻ എത്ര രൂപയുടെ മരുന്ന് കഴിക്കേണ്ടി വരും?
അങ്ങനെ ആണ് കടലൂരിലെ തമിഴ് പെൺകൊടി ജി. വരത്തമ്മാൾ, ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച സാങ്കേതിക വിദ്യ പ്രകാരം GVR Pickles എന്ന ഉൽപ്പന്നം വാഴക്കൂമ്പിൽ നിന്നും ഉണ്ടാക്കി വിറ്റു മാസം രണ്ടര മൂന്ന് ലക്ഷം രൂപയുടെ വിറ്റുവരവ് നേടുന്നത്. വാഴക്കൂമ്പ് ചില്ലറക്കാരനല്ല.
ആയതിനാൽ വാഴക്കൂമ്പ് കഴിക്കുന്നത് ഒരു ശീലമാക്കൂ...
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ.
Comments
Post a Comment