ഭൂമിയിലുള്ളവരെ രക്ഷിക്കാൻ വൻ പരീക്ഷണത്തിനായി നാസ, ഛിന്നഗ്രഹങ്ങളെ ഓടിക്കാൻ 'ഡാര്‍ട്ട്'


asteroid-didymoon
Photo: ESA
   

ചരിത്രത്തില്‍ നേരത്തെ സംഭവിച്ചിട്ടുള്ളതു പോലെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ വീണ്ടും വന്നിടിക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജഞർ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് വൻ ദുരന്തിനു കാരണമാകും. ഭാവിയിൽ അപകടകരമായ ഛിന്നഗ്രഹം ഭൂമിക്കു നേരെ വന്നാല്‍ എന്തു ചെയ്യും? വിവിധ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാമെന്നാണ് ചർച്ചകൾ നടക്കുന്നത്. ആണവവിസ്‌ഫോടനം, വലിയൊരു ബഹിരാകാശപേടകത്തിന്റെ സഹായത്തോടെ ഛിന്നഗ്രഹത്തിന്റെ വഴി തിരിച്ചുവിടുന്നതുമാണ് രണ്ടു പരിഹാരമാര്‍ഗങ്ങള്‍. എന്നാല്‍, ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു സാധ്യത ആരായാനുള്ള ശ്രമത്തിലാണ് നാസ എന്ന് പ്ലാനറ്ററി.ഓര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ പദ്ധതിയുടെ പേരാണ് കൈനക്ടിക് ഇംപാക്ടര്‍ ടെക്‌നിക്.

∙ എന്താണ് കൈനക്ടിക് ഇംപാക്ടര്‍ ടെക്‌നിക്?

ഒന്നോ ഒന്നിലേറെയോ ബഹിരാകാശപേടകങ്ങള്‍ ഛിന്നഗ്രഹത്തിലേക്ക് അമിത വേഗത്തില്‍ ഇടിച്ചുകയറ്റി അതിന്റെ പാതയില്‍ വ്യതിചലനമുണ്ടാക്കി ഭൂമിയ സംരക്ഷിക്കുക എന്നതാണത്. കാലേക്കൂട്ടി നടത്താന്‍ സാധിച്ചാല്‍ ഈ രീതി വളരെ ഫലപ്രദമാണെന്നു കണ്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുളള പരീക്ഷണങ്ങള്‍ നടത്താന്‍ നാസ ഒരുങ്ങുന്നത്. ഇതിനായി നാസ 2021 നവംബറിനും 2022 ഫെബ്രുവരിയ്ക്കുമിടയില്‍ നടത്താനിരിക്കുന്ന പരീക്ഷണത്തിന്റെ പേരാണ് ഡാര്‍ട്ട്, അഥവാ ഡബിള്‍ ആസ്റ്റെറോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ്.

∙ ആദ്യ പരീക്ഷണം ഡിഡിമൂണിനു നേരെ

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡിഡിമൂൺ എന്ന മറ്റൊരു ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ് ഡാർട്ട് യാത്ര തിരിക്കുന്നത്. സെക്കൻഡിൽ 6. 6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ഡിഡിമൂൺ എന്ന ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുക്കും. ആദ്യമായി ഡിഡിമൂണിന്റെ കുറച്ചു ചിത്രങ്ങളെല്ലാമെടുത്ത് ഭൂമിയിലേക്ക് അയയ്ക്കും. പിന്നീട് പാഞ്ഞ് ചെന്ന് ഒരൊറ്റ ഇടിയായിരിക്കും. പിന്നീട് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നും നാസ പറഞ്ഞിട്ടില്ല. ചിലപ്പോൾ ഡാർട്ട് നശിച്ചുപോകും, ഛിന്നഗ്രഹത്തിന് ഒന്നും പറ്റില്ല. ചിലപ്പോൾ ഛിന്നഗ്രഹം ഇടിയുടെ ആഘാതത്തിൽ ഭൂമിക്ക് കൂടുതൽ അകലേക്ക് പോകും. അങ്ങനെ സംഭവിച്ചാൽ അതൊരു പ്രതീക്ഷയാണ്. ഭാവിയിൽ ഏതെങ്കിലും ഭീകരൻ ഛിന്നഗ്രഹം നമ്മെ തേടിയെത്തിയാൽ, ഒന്നു തിരിച്ചു പൊരുതാനായി കൈയിലൊരു ആയുധമുണ്ടെന്ന പ്രതീക്ഷ. ഡാര്‍ട്ട് ലക്ഷ്യത്തിലെത്താൻ ഒരു വര്‍ഷമാണ് പ്രതീക്ഷിക്കുന്നത്.

∙ ഡാര്‍ട്ടിന്റെ വലുപ്പം, വേഗം, ഭാരം

ഒരു കാറിന്റെ വലുപ്പമുള്ള ഡാര്‍ട്ടാണ് ഡിഡിമൂണിനു നേരെ തൊടുക്കുക. ഇതാകട്ടെ സെക്കന്‍ഡില്‍ 6.5 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചരിക്കുക. ഒരു ടണ്ണിന്റെ മൂന്നിലൊന്നായിരിക്കും ഡാര്‍ട്ടിന്റെ ഭാരം. ഇതു ഫലംകണ്ടോ എന്നറിയാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഹെരാ (Hera) എന്ന പേരില്‍ അഞ്ചു വര്‍ഷത്തിനു ശേഷം എത്തുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ദൗത്യമായിരിക്കും ഡാര്‍ട്ടിന്റെ ദൗത്യം വിജയിച്ചോ എന്നു വിലയിരുത്തുക. ഡാര്‍ട്ട് ഡിമോര്‍ഫസില്‍ ചെറിയൊരു ആഘാതം മാത്രമായിരിക്കും ഉണ്ടാക്കുക. ഭൂമിക്കു നേരെ വരുന്ന ഒരു ഛിന്നഗ്രഹത്തില്‍, ഭൂമിയില്‍ നിന്ന് വളരെ അകലെ വച്ച് അത്തരത്തിലൊരു ആഘാതം ഉണ്ടാക്കിയാല്‍ പോലും അത് ഭൂമിക്ക് അടുത്തെത്തുമ്പോള്‍ ഗുണംചെയ്യുമെന്നാണ് നിഗമനം. ഇങ്ങനെ ഛിന്നഗ്രഹങ്ങളെ അവയുടെ പാതയില്‍ നിന്ന് വ്യതിചലിപ്പിക്കാനാണ് ശ്രമം. ഭൂമിയില്‍ ഇടിച്ചാല്‍ വന്‍ ആഘാതം സൃഷ്ടിച്ചേക്കാവുന്ന ഛിന്നഗ്രഹത്തെ വരെ ഇങ്ങനെ വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെയാണ് നാസ ഡാര്‍ട്ട് പരീക്ഷണത്തിനു മുതിരുന്നത്. ഒരു വന്‍ ദുരന്തം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന് ഡാര്‍ട്ടിന്റെ പ്രോഗ്രാം ശാസ്ത്രജ്ഞനായ ടോം സ്റ്റാട്‌ളര്‍ (Tom Statler) പറഞ്ഞു.

asteroid-skimmed-by-earth-and-scientists-didnt-see-it-coming

∙ ഡിഡിമൂണിന് എന്തു സംഭവിക്കും?

ആഘാതത്തിനു ശേഷം ഡിഡിമൂണിന്റെ പാതയില്‍ വരാവുന്ന വ്യതിയാനത്തെക്കുറിച്ച് ധാരളം പഠനങ്ങള്‍ ഇപ്പോള്‍ത്തന്നെ നടത്തിയിട്ടുണ്ട്. എന്നാല്‍, ആഘാതത്തിനു ശേഷം ഡിഡിമൂണിന് എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡിലെ ഹാരിസണ്‍ അഗ്രുസയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇതേക്കുറിച്ചു പഠിക്കുന്നത്. അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഡിഡിമൂണിനു സംഭവിച്ചേക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അത് അപ്രതീക്ഷിത രീതിയില്‍ കറങ്ങിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഹെരാ ദൗത്യത്തില്‍ ഇഎസ്എ അയയ്ക്കാന്‍ പോകുന്ന രണ്ടു ചെറിയ ബഹിരാകാശ പേടകങ്ങള്‍ക്കും ഡിഡിമൂണില്‍ ഇറങ്ങാന്‍ സാധിക്കുക എളുപ്പമായിരിക്കില്ല.

∙ മൂന്നു ടണ്‍ ടിഎന്‍ടി സ്‌ഫോടനത്തിന്റെ കരുത്ത്

ഡിഡിമൂണിലേക്ക് ഡാര്‍ട്ട് ഇടിച്ചു കയറുമ്പോള്‍ മൂന്നു ടണ്‍ ടിഎന്‍ടി സ്‌ഫോടനം ഉണ്ടാക്കുന്നത്ര ആഘാതം സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആയിരക്കണക്കിന് ചെറു ചീളുകള്‍ ബഹിരാകാശത്തേക്ക് തെറിക്കും. സ്റ്റാട്‌ളര്‍ ഇതിനെ ഉപമിച്ചത് 15,000 മൈല്‍ വേഗത്തിൽ എത്തുന്ന ഗോള്‍ഫ് വാഹനം ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ സൈഡില്‍ ഇടിച്ചു കയറുന്നതുമായാണ്. ഇടിയുടെ ആഘാതം ഉടനടി ഡിഡിമൂണിന്റെ തിരിയലില്‍ മാറ്റമൊന്നും വരുത്തില്ല. പക്ഷേ, ഏതാനും ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ മാറുമെന്നാണ് അഗ്രൂസയും ടീം അംഗങ്ങളും പറയുന്നത്.

∙ ഫലമറിയാന്‍ കാത്തിരിക്കണം, ഇടിക്കു സാക്ഷിയാകാന്‍ ലിസിയ ക്യൂബ് 

ഹെര എത്തിയാല്‍ മാത്രമേ ഡിഡിമൂണിന് എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയാന്‍ സാധിക്കൂ. ഇടിയുടെ ആഘാതത്തില്‍ ഡാര്‍ട്ട് തകര്‍ന്നുതരിപ്പണമാകും. ഭൂമിയില്‍ നിന്നു നിരീക്ഷിക്കാന്‍ ആകാത്തത്ര ചെറുതാണ് ഡിഡിമൂൺ. ഡാര്‍ട്ട് എത്തി ഇടിക്കുന്നതിനു മുൻപ് ലിസിയക്യൂബ് (LICIACube) എന്നു പേരിട്ടിരിക്കുന്ന ചെറിയൊരു ഇറ്റാലിയന്‍ നിര്‍മിത സാറ്റലൈറ്റ് ഇതിനു സാക്ഷിയാകാന്‍ സജ്ജമാക്കി നിർത്തിയിരിക്കും. ഇടിയുടെയും മറ്റും ചിത്രങ്ങള്‍ ലിസിയക്യൂബ് പകര്‍ത്തുമെന്നു കരുതുന്നു. പക്ഷേ ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും അതിന്റെ സാന്നിധ്യമുണ്ടാകുക. ഡിഡിമൂണിന്റെ സഞ്ചാരത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ചാഞ്ചാട്ടവും ഉലച്ചിലും ഒന്നും നിരീക്ഷിക്കാന്‍ അതുണ്ടാവില്ല.

∙ ഭൂമി സുരക്ഷിതം

ഈ പരീക്ഷണം ഭൂമിക്ക് ഒരു രീതിയിലുമുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അതേസമയം, ഈ പരീക്ഷണം വഴി ഭാവിയില്‍ പ്രശ്‌നകാരിയായേക്കാവുന്ന ഛിന്നഗ്രഹത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് കുറെ ഉപകാരപ്രദമായ വിവരങ്ങള്‍ ശേഖരിക്കാമെന്നാണ് നാസയും മറ്റും കരുതുന്നത്. എന്നാല്‍ ഈ പരീക്ഷണത്തില്‍ വെറുതെ ഒരു ബഹിരാകാശവാഹനം ഛിന്നഗ്രഹത്തില്‍ ഇടിച്ചു കയറ്റുകയാണ് എന്നു കരുതരുത്. ഇതില്‍ ധാരാളം ഫിസിക്‌സ് അറിയാനുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഒണ്‍ടാറിയോയിലെ ജ്യോതിശാസ്ത്രജ്ഞനായ പോള്‍ വെയ്‌ഗെരെറ്റ് പറയുന്നത്. 

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!