നദിയുടെ പ്രവാഹം പോലും പിന്നോട്ടാക്കി; അമേരിക്കയില്‍ ഐഡ കൊടുങ്കാറ്റിന്‍റെ സംഹാര താണ്ഡവം!

അമേരിക്കയുടെ തെക്കന്‍ തീരമേഖല മറ്റൊരു ചുഴലിക്കൊടുങ്കാറ്റിന്‍റെ സംഹാരത്തിൽ വിറങ്ങലിച്ചു നില്‍ക്കുകയാണ്. അതീവ അപകട സാധ്യതയുള്ള നാലാം ഗണത്തില്‍ പെട്ട കൊടുങ്കാറ്റായ ഐഡ ആണ് മെക്സിക്കന്‍ ഉള്‍ക്കടലിലൂടെ അമേരിക്കയിൽ ആഞ്ഞടിക്കുന്നത്. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ലൂസിയാനയിലെ ഗ്രാന്‍ഡ് ഐല്‍, മിസിസിപ്പിയിലെ സെന്‍റ് ലൂയിസ് എന്നീ മേഖലകള്‍ക്ക് നടുവിലൂടെയാണ് ഐഡ കൊടുങ്കാറ്റ് കടലില്‍ നിന്ന് കരയിലേക്ക് പ്രവേശിച്ചതെന്ന് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
പുറകോട്ടൊഴുകിയ നദി
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ ചുഴലിക്കൊടുങ്കാറ്റായാണ് ഐഡയെ ഇപ്പോള്‍ വിലയിരുത്തുന്നത്. ഇതിനകം തന്നെ കൊടുങ്കാറ്റിന്‍റെ ആഘാതത്തില്‍ വൈദ്യുത ബന്ധം വ്യാപകമായി വിഛേദിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് പത്ത് ലക്ഷത്തോളം പേരാണ് ഐഡയുടെ ആക്രമണത്തില്‍ ഇരുട്ടിലായിരിക്കുന്നത്. ഐഡയുടെ മുന്നോടിയായി തന്നെ മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണഖനനം ഉള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നേരത്തെ തന്നെ നിര്‍ത്തി വച്ചിരുന്നു ഇത്തരത്തിലുള്ള പര്യവേഷണ കേന്ദ്രങ്ങള്‍ക്കും ഐഡയുടെ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
കോവിഡ് 19 ഉം ഐഡയും
ലൂസിയാനയാണ് ഐഡയുടെ ആക്രമണം ഏറ്റവുമധികം ഏറ്റുവാങ്ങുന്നത്. അതേസമയം തന്നെ കോവിഡ് 19 കേസുകളുടെ കാര്യത്തിലും ലൂസിയാന വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. കേസുകള്‍ കുതിച്ചുയര്‍ന്നതിനാല്‍ മിക്ക ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഐഡയുടെ ആക്രമണത്തില്‍ വൈദ്യുതബന്ധം തടസ്സപ്പെട്ടിരിക്കുന്നത്. വെന്‍റിലേറ്ററുകള്‍ പോലും നിറഞ്ഞിരിക്കുന്ന ആശുപത്രികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ജനറേറ്ററുകളെയാണ്. ഐഡ മൂലം തടസ്സപ്പെട്ടിരിക്കുന്ന റോഡ് ഗതാഗതം ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ഇവിടങ്ങളിലേക്കുള്ള ഇന്ധനം എത്തിക്കലും പ്രതിസന്ധിയിലായേക്കുമെന്ന ആശങ്കയുണ്ട്.
Comments
Post a Comment