അഫ്ഗാനോ‍ഡോൺ’ ഹിന്ദുക്കുഷിലെ നീർപല്ലികൾ;

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം ഉറപ്പിച്ചതോടെ പലവിധ പ്രതിസന്ധികളാണു രാജ്യത്തിനു മുന്നിലുള്ളത്. രാജ്യത്തിന്റെ പരിസ്ഥിതി–ജൈവ വൈവിധ്യരംഗവും ഇക്കൂട്ടത്തിൽ പെട്ടതാണ്. നീണ്ട നാളായി തുടരുന്ന വിവിധ സംഘർഷങ്ങൾ മൂലം മതിയായ ഗവേഷണമില്ലാത്തതിനാൽ അഫ്ഗാനിസ്ഥാന്റെ ജൈവവൈവിധ്യം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. എന്നാൽ വളരെ വ്യത്യസ്തമായ ജീവിവർഗങ്ങളും മറ്റും അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്നുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇവയിൽ പലതും വളരെ ദുർലഭമാണ്. അതീവ സംരക്ഷണം വേണ്ടവ. ഇക്കൂട്ടത്തിൽ ഏറ്റവും അപൂർവമാണ് അഫ്ഗാനോ‍ഡോൺ. ഹിന്ദുക്കുഷ് മലനിരകളുടെ താഴെ വസിക്കുന്ന നീ‍ർപല്ലികൾ. ഇവയിൽ ഇനി 2000 എണ്ണം മാത്രമാണു ശേഷിക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു.

അഫ്ഗാനോഡോൺ മുസ്റ്റെർസി എന്ന സ്പീഷീസിൽ പെട്ടതാണ് അഫ്ഗാനോഡോൺ നീർപല്ലി. ഈ സ്പീഷീസിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരേയൊരു ജന്തുവർഗമാണ് ഈ പല്ലികൾ. അഫ്ഗാനിസ്ഥാൻ മൗണ്ടൻ സലമാൻഡർ, പാഗ്മാൻ മൗണ്ടൻ സലമാൻഡർ തുടങ്ങിയ പേരുകളിലും അഫ്ഗാനോഡോൺ അറിയപ്പെടുന്നു. ഹിന്ദുക്കുഷിന്റെ ഭാഗമായുള്ള പാഗ്മാൻ മലനിരകളുടെ അടിവാരത്തായാണ് ഈ നീർപല്ലികൾ ജീവിക്കുന്നത്.കാബൂൾ നദിയിലാണ് ഇവയുടെ വാസം. ഹിമമുരുകി വരുന്ന കാബൂൾ നദിയിലെ വെള്ളം ഇവയ്ക്ക് ജീവജലമാകുന്നു. പൂജ്യം മുതൽ 14 ഡിഗ്രി വരെയുള്ള താപനിലയിൽ മാത്രമേ ഇവയ്ക്കു ജീവിക്കാനാകൂ. കൂടിയ താപനില ഉടലെടുത്താൽ ഇവ ചത്തുപോകും.

അഫ്ഗാനോഡോണുകൾക്ക് 18 സെന്റിമീറ്റർ വരെ നീളം വയ്ക്കും. ആൺപല്ലികൾക്ക് പെൺപല്ലികളേക്കാൾ നീളവും വലുപ്പവും കൂടുതലാണ്.വെള്ളത്തിൽ ഇര പിടിക്കുന്ന ഇവ പാറക്കൂട്ടത്തിൽ നിന്നും ചിലപ്പോൾ നദീതീരത്തു നിന്നും ഇരപിടിക്കാറുണ്ട്. തങ്ങളുടെ ശരീരത്തേക്കാൾ വലുപ്പമേറിയ ശരീരമുള്ള ഇരകളെയും ഇവ അകത്താക്കാറുണ്ട്. നീളമുള്ള നാവ് ഉപയോഗിച്ചാണ് ഇവയുടെ ഇരപിടിത്തം. ഹിന്ദുക്കുഷിന്റെ ദക്ഷിണമേഖലയിൽ വാസമുറപ്പിച്ചിരിക്കുന്ന ഇവയുടെ എണ്ണം ദിനംപ്രതി കുറയുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. 

മനുഷ്യപ്രവർത്തനങ്ങൾ മേഖലയിൽ കൂടിയതോടെയാണിത്. ഒട്ടേറെ ജലസേചന പദ്ധതികൾ ഈ ഭാഗത്ത് കാബൂൾ നദിയിൽ നടപ്പിലാക്കുന്നുണ്ട്. ഇത് ഇവയുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ഇവയ്ക്കു മികച്ച സംരക്ഷണം ഒരുക്കി അഫ്ഗാനോഡോണുകളെ സംരക്ഷിക്കണമെന്ന ആവശ്യം ശാസ്ത്രജ്ഞർ ഉയർത്തുന്നതിനിടെയാണു താലിബാൻ രംഗത്തെത്തിയത്. ഇനി ഈ പല്ലികളുടെ സംരക്ഷണം എന്താകുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!