മനുഷ്യർ മെരുക്കിയതോ നായ്ക്കളെ അതോ അവർ മനുഷ്യരെയോ? നന്ദി വേണം നായയോട്


പൂച്ചയ്ക്കില്ലാത്ത എന്ത് കുറവാണ് ഈ പാവത്തിനുള്ളത് ? നായ നക്കിയ കലം പോലെ, നടുക്കടലിലും നായ നക്കിയേ കുടിക്കൂ, കുരയ്ക്കുന്ന പട്ടി കടിക്കില്ല, നായ ചന്തയ്ക്ക് പോയപോലെ, നായയുടെ വാല് കുഴലിലിട്ടപോലെ, നായയ്ക്കു പൊതിക്കാത്ത തേങ്ങ കിട്ടിയപോലെ , നായയെ കാണുമ്പോൾ കല്ല് കാണില്ല, കല്ല് കാണുമ്പോൾ നായയെ കാണില്ല, - തുടങ്ങി നായകളെ കൊച്ചാക്കുന്ന എത്രയോ പഴംചൊല്ലുകൾ നമുക്കുണ്ട്. അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്നിടത്താണ് ഏറ്റവും വലിയ നന്ദിക്കെട്ടവനായി നാം നായയെ ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും എം.പി. നാരായണപിള്ള ' പരിണാമം' എന്ന നോവൽ എഴുതും വരെയും നായകൾ മലയാളികൾക്ക് വെറും 'നായകൾ' തന്നെയായിരുന്നു.
ചെന്നായ് പറ്റങ്ങൾ ഓടിച്ച് തളർത്തിയ ഇരകളെ എറിഞ്ഞും കുത്തിയും വീഴ്ത്തിക്കൊല്ലാൻ മനുഷ്യർക്ക് എളുപ്പമായി. ഭക്ഷണ ക്ഷാമം കൊണ്ട് പട്ടിണികിടന്ന് ചാവാതെയും, കഠാരപ്പല്ലുകൾ ഉള്ള വലിയ മാർജ്ജാരന്മാരുടെ ഇരയായി കുലം മുടിയാതെയും രക്ഷിച്ച് മനുഷ്യവർഗ്ഗത്തെ ബാക്കിയാക്കിയത് നായയുടെയും മനുഷ്യന്റെയും കൂട്ടുകെട്ടാണ്.

മനുഷ്യരെ ചെന്നായ്ക്കൾ മെരുക്കിയതോ അതോ മനുഷ്യർ ചെന്നായ്ക്കളെയോ?
മനുഷ്യർ നന്ദി കാണിക്കേണ്ടത് നായയോടാണ്. ഇന്ന് നാം ഞെളിഞ്ഞ് നെഞ്ച് വിരിച്ച് മനുഷ്യരായി നടക്കുന്നതിന് കാരണക്കാർ നായകളാണ് എന്ന് പോലും പറയേണ്ടിവരും ചിലപ്പോൾ.
മാനവ പരിണാമ ചരിത്രത്തിൽ ഒരു ദശാസന്ധിയിൽ , ചെന്നായകൾ നമ്മോടൊപ്പം ചേർന്ന് പരിണമിച്ചാണ് ഇണങ്ങിയ നായകളായി മാറിയതും മനുഷ്യ മഹായാത്ര ആരംഭിച്ചത്.
യൂറേഷ്യയിൽ നിയാണ്ടർത്താലുകൾ എന്ന മറ്റൊരു വിഭാഗം ജീവിച്ചിരുന്ന കാലത്ത് അവിടത്തേക്ക് ആഫ്രിക്കയിൽ നിന്ന് എത്തിയ ഹോമോ സാപ്പിയൻസ് പിതാമഹർ പതിനായിരക്കണക്കിന് കൊല്ലക്കാലം അതിജീവന മത്സരത്തിൽ ആയിരുന്നു. നിയാണ്ടർത്താലുകൾ ഭൂമുഖത്ത് നിന്ന് എങ്ങിനെ പൂർണ്ണമായും അപ്രത്യക്ഷരായി എന്നതിന് പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും , നിയാണ്ടാർത്താലുകൾക്ക് ലഭ്യമാകാത്ത ചില സവിശേഷ സൗകര്യങ്ങൾ മനുഷ്യർക്ക് ലഭിച്ചതാകാം അവരുടെ അതിജീവനത്തിന് സഹായിച്ചതെന്ന് കരുതപ്പെടുന്നുണ്ട്. കൂടെക്കൂടിയ, ഇണങ്ങിയ ചെന്നായക്കൂട്ട് ആവാം അതിൽ ഒന്ന്. നൊമാഡുകളായി (നാടോടികൾ) പെറുക്കിത്തിന്നും വേട്ടയാടിയും പതുക്കെ സഞ്ചരിച്ച് മുന്നേറിയ മനുഷരുടെ ചെറു സംഘത്തിനൊപ്പം, സമാന ഗോത്ര - സാമൂഹ്യ സ്വഭാവവും പരസ്പര വിനിമയ രീതികളും ഉള്ള യൂറേഷ്യൻ ചാരച്ചെന്നായക്കൂട്ടങ്ങൾ ( grey wolf- Canis lupus )എന്തോ കാരണത്താൽ പിന്തുടർന്നിരിക്കാം. മനുഷ്യരുടെ വേട്ടകളിലെ ബാക്കിവരുന്ന മാംസവശിഷ്ടങ്ങളും മറ്റും അധ്വാനിക്കാതെ തിന്നാൻ കിട്ടും എന്നു മനസിലാക്കി കൂടെ കൂടിയതുമാവാം. ചെന്നയ്ക്കളിലെ മനുഷ്യഭയം ഇല്ലാത്ത, പേടി കുറവുള്ള , ശൗര്യം കുറഞ്ഞ ചെന്നായകളോട് - മനുഷ്യർ ഇഷ്ടം കാണിച്ചിരിക്കാം. ഓമനത്തം ഉള്ള ചെന്നായ് കുഞ്ഞുങ്ങളെ വളർത്താൻ രസത്തിന് കൂടെ എടുത്തിരിക്കാം. മൂർച്ചയുള്ള ആയുധങ്ങൾ ഉള്ള മനുഷ്യർ അന്ന് വേട്ടയാടാൻ കഴിവുള്ളവരാണെങ്കിലും ആൾപ്പൊക്കത്തിലുള്ള പുൽമേടുകളിൽ വലിയ നീണ്ടു വളഞ്ഞ പല്ലുകളുള്ള ഹ്രിംസ ജന്തുക്കളുടെ സാന്നിദ്ധ്യം തൊട്ട് മുന്നിൽ എത്തും വരെ അറിയാൻ കഴിയുകയില്ലായിരുന്നു. അത് ചിലപ്പോൾ ജീവൻ അപായപ്പെടുത്തും. എന്നാൽ ചുറ്റിപറ്റി കൂടെ കൂടിയ ചെന്നായക്കൂട്ടങ്ങൾ ഇത്തരം ജീവികളുടെ സാന്നിദ്ധ്യം മുന്നേതന്നെ മണത്തറിഞ്ഞ് ഉണ്ടാക്കുന്ന ശബ്ദ സൂചനകൾ ഹോമോ സാപ്പിയന്മാരേയ്യും അപകടത്തിൽ ചാടാതെ രക്ഷിച്ചു. ചെന്നയ് പറ്റങ്ങൾ ഓടിച്ച് തളർത്തിയ ഇരകളെ എറിഞ്ഞും കുത്തിയും വീഴ്തിക്കൊല്ലാൻ ഇവർക്ക് എളുപ്പവുമായി. ഭക്ഷണ ക്ഷാമം കൊണ്ട് പട്ടിണികിടന്ന് ചാവാതെയും , കഠാരപ്പല്ലുകൾ ഉള്ള വലിയ മാർജ്ജാരന്മാരുടെ ഇരയായും കുലം മുടിഞ്ഞ് തീരാതെ രക്ഷിച്ച് മനുഷ്യവർഗ്ഗത്തെ ബാക്കിയാക്കിയത് ആ കൂട്ടുകെട്ടാണ്. (പാവം നിയാണ്ടർത്തലുകൾക്ക് ഈ സൗകര്യം ചിലപ്പോൾ കിട്ടിക്കാണില്ല). അന്ന് കൂടെ കൂടി പരിണമിച്ച് ഉണ്ടായ നായകളാണ് മാനവ ചരിത്രത്തിൽ പിന്നീട് വേട്ടസഹായികളായും കാവൽക്കാരായും കൂടെ തന്നെ കഴിഞ്ഞ് നമ്മെ ഇവിടെ വരെ എത്തിച്ചത്. 14000 വർഷം മുമ്പ് രണ്ട് കൂട്ടരും തമ്മിൽ നടന്ന ഈ ഇടപാടിൽ ആരാണ് ആദ്യം മുൻകൈ എടുത്തതെന്നത് ഇപ്പഴും തർക്ക വിഷയം ആണ്. അതല്ല 25000 വർഷം മുമ്പ് തന്നെ ഇത്തരത്തിലൊരു ഇണക്കത്തിന്റെ ആരംഭം സംഭവിച്ചിരിക്കാം എന്ന് കരുതുന്നവരും ഉണ്ട്. യൂറോപ്പിലോ ആർട്ടിക്കിലെ കിഴക്കൻ ഏഷ്യയിലോ ആവാം അത് തുടങ്ങിയതെന്നും വാദം ഉണ്ട്.

2021 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നതിങ്ങനെയാണ്- കൊടും ശൈത്യം മനുഷ്യരേയും ചെന്നായ്ക്കളേയും ഒറ്റപ്പെടുത്തുകയും ഭക്ഷണത്തിനും അതിജീവനത്തിനുമായി പടപൊരുതുകയും ചെയ്ത ലാസ്റ്റ് ഗ്ലേഷ്യൽ മാക്സിമ കാലത്ത് (23000 കൊല്ലം മുമ്പ്) സൈബീരിയയിൽ ആവാം ഈ കൂട്ടുകെട്ട് ആരംഭിച്ചത്. അവിടെ നിന്ന് പടിഞ്ഞാറോട്ട് യൂറേഷ്യയിലേക്കും കിഴക്കോട്ട് അമേരിക്കയിലേക്കും ഇത് വ്യാപിച്ചിട്ടുണ്ടാകാം.
മനുഷ്യരല്ല നായയെ മെരുക്കിയുണ്ടാക്കിയതെന്നും ചെന്നായകൾ സ്വശീലങ്ങളിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൂട്ട്കൂടി മനുഷ്യരെ മെരുക്കുകയായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. ഇരുവർക്കും ഗുണഫലങ്ങൾ ലഭിച്ചെങ്കിലും ഇരു സ്പീഷിസുകളുടെയും ഭാവി ചരിത്രം അത് മറ്റിമറിച്ചു. പരസ്പരം മത്സരിച്ച് കൊണ്ട് സ്വതന്ത്രമായി വെവ്വേറെ വേട്ടയാടി ജീവിച്ചിരുന്നവർ പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ഇരകളെ കണ്ടെത്തി കൊന്ന് പങ്കുവെച്ച് നൂറ്റാണ്ടുകൾ സഹവർത്തിച്ച് ജീവിച്ചു.

എമൊറി സർവകലാശാലയിലെ (Emory University) ന്യൂറോ സയന്റിസ്റ്റായ ഗ്രിഗറി ബേൺസ് എം.ആർ.ഐ കൾ ഉപയോഗിച്ചും വ്യത്യസ്ത ആവേഗങ്ങൾ തലച്ചോറിൽ നൽകി ഉണ്ടായ ഉദ്ദീപനങ്ങൾ പഠിച്ചും നടത്തിയ ചില പഠനങ്ങൾ തെളിയിച്ചത് മനുഷ്യരെപ്പോലെ സമാന വികാരങ്ങൾ ഉള്ളവരാണ് നായകൾ എന്നാണ്.
സന്തോഷം മാത്രമല്ല , ദുഃഖം, ഭയം, ദേഷ്യം, ഇഷ്ടം, തുടങ്ങിയ വികാരങ്ങൾ മനുഷ്യരെപ്പോലെ നായ്ക്കളും അനുഭവിക്കുന്നുണ്ട്. മറ്റുള്ളവരുടെ കണ്ണിൽ നോക്കി ആശയ വിനിമയം ചെയ്യാനും ദേഷ്യം, സന്തോഷം, അസ്വസ്ഥത, വെറുപ്പ് , സ്നേഹം തുടങ്ങിയവ യജമാനന്റെ മുഖഭാവത്തിൽ നിന്ന് തിരിച്ചറിയാനും അതിനനുസരിച്ച് പെരുമാറാനും അവർക്ക് കഴിയും.
നമ്മുടെ നായയുടെ ശാസ്ത്രനാമം Canis familiaris എന്നാണ്. മൃഗങ്ങളോട് അളവറ്റ അലിവും സ്നേഹവും ഉണ്ടായിരുന്ന ജർമ്മൻ എഴുത്തുകാരനും പത്രാധിപരും ആയ ഹെൻട്രി സിമ്മെർമാൻ 'മനുഷ്യനും പട്ടിയും' എന്ന ആഴ്ചപ്പതിപ്പ് മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു. മൃഗങ്ങളോട് നമ്മൾ എന്തുകൊണ്ടാണ് കൂടുതൽ അനുകമ്പ കാണിക്കേണ്ടത് എന്നും പീഡനങ്ങൾ എത്രമാത്രം ക്രൂരവും മനുഷ്യത്വരഹിതവുമാണ് എന്നും പ്രഖ്യാപിക്കുന്ന നിരവധി ലേഖനങ്ങൾ അതിൽ അദ്ദേഹം എഴുതി. 'മൃഗസഹോദരൻ' എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. സമാനമനസ്കരുടെ കൂടെയുള്ള ചർച്ചകളെത്തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആദ്യമായി 1925 മാർച്ച് 24 ൻ മൃഗദിനാഘോഷം സംഘടിപ്പിക്കപ്പെട്ടു. പിന്നീട് 1931 ൽ ഫ്ലോറൻസിൽ ചേർന്ന ഇന്റെർനാഷണൽ ആനിമൽ പ്രൊട്ടക്ഷൻ കോൺഗ്രസ്സിൽ ഒക്ടോബർ 4 അന്താരാഷ്ട്ര മൃഗ ദിനമായി തീരുമാനിക്കപ്പെട്ടു.
മനുഷ്യർ കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി പലതരം ആവശ്യങ്ങൾക്ക് ഉതകും വിധം സെലക്റ്റീവ് ക്രോസ് ബ്രീഡിങ്ങ് വഴി പല രൂപത്തിലും സ്വഭാവത്തിലും ഉള്ള പലയിനം പട്ടികളെ വളർത്തിയെടുത്തു. ഇന്ന് 450 ഓളം ഇനം വളർത്ത് പട്ടി ബ്രീഡുകൾ ഉണ്ട്.
1758 സ്വീഡിഷ് സസ്യ - ജന്തു വിദഗ്ദൻ ആയ കാൾ ലിനസ് ആണ് നായ എന്ന അർത്ഥം വരുന്ന കനിസ് ജനുസിൽ ഉൾപ്പെടുത്തി നായകളെ വർഗീകരിച്ചത്. വളർത്ത് നായ , ചാരച്ചെന്നായ, സുവർണ്ണ കുറുനരി എന്നിവരെ ആണ് അദ്ദേഹം ഈ ജനുസിൽ ഉൾപ്പെടുത്തിയത്. വീട്ട് നായയെ Canis familiaris എന്നും ചാരച്ചെന്നായയെ Canis lupus എന്നും അദ്ദേഹം പേരിട്ടു. നായയുടെ വാൽ മുകളിലോട്ട് വളഞ്ഞ് ഉള്ളതിനാലാണ് അദ്ദേഹം ഇവ രണ്ടും രണ്ട് സ്പീഷിസുകൾ ആണെന്ന് കരുതിയത്. ജർമ്മനിയിലെ ബൊൺ-ഒബെർകാസ്സെൽ ( Bonn-Oberkassel) എന്ന സ്ഥലത്ത് പര്യവേഷണങ്ങൾക്കിടയിൽ ശവക്കുഴിയിൽ പതിനാലായിരത്തിൽപ്പരം വർഷം മുമ്പുള്ള ഒരു നായയുടെ അസ്ഥിഅവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു പുരുഷനും സ്ത്രീയ്ക്കും ഒപ്പം ആയിരുന്നു അത് കിടന്നിരുന്നത്. അവർ മരിച്ച കാലത്ത് അവിടെ ഉണ്ടായിരുന്ന സാധാരണ ചെന്നായുടെ അസ്ഥികളല്ല അവ എന്ന് തിരിച്ചറിഞ്ഞിരുന്നു. അതായത് അത്രയും വർഷം മുമ്പ് തന്നെ മനുഷ്യരുടെ ഒപ്പം നായയും ഇണങ്ങി ജീവിച്ചിരുന്നു. നാം കൃഷി ആരംഭിക്കുന്നതിന് മുമ്പേ തന്നെ ആദ്യമായി ഇണക്കിയ ജീവി നായയാണെന്നാണ് ഇത് തെളിയിക്കുന്നത്.

നമുക്ക് ഇന്ന് ഭയപ്പെടാതെ ജീവിക്കാനുള്ള വീടുകൾ ഉണ്ട്. കാമറയും അലാറവും ഉണ്ട്. വേട്ടയും കാവലും മുന്നറിയിപ്പ് തരലും ഒന്നും പഴയതുപോലെ മനുഷ്യരുടെ അതിജീവനത്തിന് ആവശ്യമുള്ള ഘടകങ്ങളല്ലാത്ത ആധുനിക കാലത്ത് നമ്മൾ ഇവരെ അനാവശ്യക്കാരായി കണക്കാക്കിക്കഴിഞ്ഞു. നിർഭാഗ്യത്തിന് ഇവരിലൂടെ റാബിസ് രോഗാണു കൈമാറി മാരകമായ പേപ്പട്ടിവിഷബാധ ഏൽക്കാം എന്നതിനാൽ നായകൾ നമ്മുടെ ശത്രു ആയി. എല്ലാ പട്ടികളേയും പേപ്പട്ടി എന്ന് വിളിച്ച് തല്ലിക്കൊല്ലാൻ എളുപ്പമാണല്ലോ. പോലീസ് കേസന്വേഷണം , ബോംബ് - മയക്ക് മരുന്ന് മണത്തുകണ്ടുപിടിക്കൽ , കാവൽ , മഞ്ഞിലും മറ്റും അപകടത്തിൽപെട്ടവരെ കണ്ടെത്താൻ സഹായിക്കൽ, കാഴ്ചശക്തി കുറഞ്ഞവരെ സഹായിക്കൽ , തുടങ്ങിയ ചുരുങ്ങിയ മേഖലകളിൽ മാത്രമായി ഇവയുടെ സേവനം പരിമിതപ്പെട്ട് കഴിഞ്ഞു. ആ ആവശ്യം പോലും പതുക്കെ റോബോട്ടുകളും AR ഉം കൈയേറിക്കൂടെന്നില്ല. പെറ്റുകളായി വളർത്തുന്നതിലെ ചില സന്തോഷങ്ങൾക്കപ്പുറം ഇവയുടെ പ്രസക്തിയെക്കുറിച്ച് നമ്മൾ സംശയിച്ചും വിസ്മരിച്ചും തുടങ്ങി. അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ തെരുവു നായ - തെമ്മാടി സംഘം എന്ന് ചാപ്പകുത്തിക്കഴിഞ്ഞു. അറവ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് തിന്ന് തിമിർത്തും നൂറായിരം തവണ മനുഷ്യജാതിയുടെ അവഗണനകൾ അനുഭവിച്ച് നഗരത്തെരുവുകളിൽ വളർന്ന ബുദ്ധികൂർമ്മതയുള്ള ഇവർ അധോലോക തെമ്മാടിസംഘങ്ങളെപ്പോലെ പാതിരാത്രികളിൽ തെരുവുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരേയും കുട്ടികളെയും ആക്രമിക്കുന്നത് വാർത്തകളാകാറുണ്ട്. അവരുടെ വളർന്നു വന്ന സാഹചര്യങ്ങൾ അവരെ അങ്ങനെ ആക്കിത്തീർത്തതാണ്. കുറ്റക്കാർ നമ്മളും കൂടിയാണ്.
നൂറ്റാണ്ടുകൾ നമുക്കൊപ്പം കഴിഞ്ഞ് പരിണമിച്ച് എത്തിയ അവരെ , എങ്ങുമല്ലാതെ നടുക്കടലിൽ കൈയൊഴിഞ്ഞ് മാറിനിൽക്കുന്ന മനുഷ്യർ അല്ലെ നന്ദികെട്ടവർ?
അവർ ഇനി ഏത് കാട്ടിലെക്കാണ് തിരിച്ച് പോകേണ്ടത്? അത് അസാദ്ധ്യവും ആണ്. ഭാരത കഥയിൽ മഹാപ്രസ്ഥാന യാത്രക്കൊടുവിൽ സ്വർഗ്ഗവാതിൽക്കലോളം കൂടെക്കൂടിയ നായയോട് യുധിഷ്ടരൻ കാണിച്ച നന്ദി പക്ഷെ മനുഷ്യർ കാണിച്ചിട്ടില്ല.



Comments
Post a Comment