367 അടി താഴ്ച, ഇത് ജിന്നുകളുടെ തടവറ; നരകക്കിണറിന്റെ അടിത്തട്ടിൽ കണ്ടത്?

യമനിൽ ഒമാൻ അതിർത്തിക്കു സമീപമുള്ള അൽ മഹാറയിൽ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്ത അഗാധ ഗർത്തമായ ബാർഹൗട്ട് ഗർത്തത്തിന്റെ അടിത്തട്ടിൽ ആദ്യമായി മനുഷ്യർ ഇറങ്ങി. നരകക്കിണർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഗർത്തത്തിന്റെ വായയ്ക്ക് 100 അടി വിസ്തീർണമാണ്. 367 അടി(ഏകദേശം 123 നിലക്കെട്ടിടത്തിന്റെ പൊക്കം) താഴ്ചയുള്ളതാണ് ഈ അഗാധ ഗർത്തം. യമനിലെ തദ്ദേശീയമായ വിശ്വാസങ്ങൾ അനുസരിച്ച് ജിന്നുകളുടെ തടവറയാണു ബാർഹൗട്ട്. ചുറ്റുപാടുമുള്ള വസ്തുക്കളെ ഉള്ളിലേക്കു വലിച്ചാകർഷിക്കാൻ ഈ ഗർത്തത്തിനു കഴിയുമെന്നും നാട്ടുകാർ വിശ്വസിക്കുന്നു. ഇതിനെപ്പറ്റി സംസാരിക്കുന്നതു പോലും ദൗർഭാഗ്യം കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം.

ഒമാനിൽ നിന്നുള്ള 10 പര്യവേക്ഷകരാണു ഗർത്തത്തിൽ ഇറങ്ങിയത്. ഒമാനിലെ ജർമൻ സർവകലാശാലയിൽ ജിയോളജി പ്രഫസറായ മുഹമ്മദ് അൽ കിന്ദിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒമാനി കേവ്‌സ് എക്‌സ്‌പ്ലൊറേഷൻ ടീം എന്ന പര്യവേക്ഷകസംഘത്തിലെ അംഗങ്ങളായ ഇവരിൽ എട്ടുപേർ ആധുനിക രീതിയിലുള്ള കപ്പി, കയർ സംവിധാനം ഉപയോഗിച്ചാണു കുഴിക്കുള്ളിലേക്കു കടന്നത്. ഇതിന്റെ വിഡിയോയും പിന്നീട് പുറത്തുവിട്ടു.
ഗർത്തത്തിനുള്ളിൽ വെള്ളച്ചാട്ടങ്ങൾ, പാമ്പുകൾ, തവളകൾ, പ്രാണികൾ, ചത്ത മൃഗങ്ങളുടെ അവശേഷിപ്പുകൾ, ഗുഹയ്ക്കുള്ളിൽ കാണപ്പെടുന്ന കേവ് പേളുകൾ എന്നറിയപ്പെടുന്ന ഉരുണ്ട കല്ലുകൾ, കൽപുറ്റുകൾ എന്നിവ കണ്ടെന്ന് പര്യവേക്ഷകർ അറിയിച്ചു. വളരെ അപൂർവമായി കണ്ടുവരുന്നവയാണ് കേവ്‌പേളുകൾ. ഗുഹകളിലും ഗർത്തങ്ങളിലും നിരപ്പായ സ്ഥലങ്ങളിൽ മാത്രമേ ഇവ ഉണ്ടാകൂ. ബാർഹൗട്ട് ദ്വാരത്തിന്റെഅടിത്തട്ടിൽ നിന്നു നൂറടിപ്പൊക്കത്തിലുള്ള സുഷിരങ്ങളിൽ നിന്നു വെള്ളം താഴേക്കു പതിക്കുന്നതു മൂലമാണ് ഇവയുണ്ടാകുന്നതെന്നു പര്യവേക്ഷകർ പറയുന്നു.

ദശലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതാണ് ബാർഹൗട്ട് ഗർത്തം. താഴ്ഭാഗത്തു നിന്നു പാറ നശിക്കുന്നതു കാരണം രൂപപ്പെടുന്ന സിങ്ക്‌ഹോൾ വിഭാഗത്തിലുള്ളതാണ് ഈ ഗർത്തവും. സിങ്ക്‌ഹോളുകൾ തന്നെ പലതരമുണ്ട്. എന്നാൽ ഏതു തരത്തിൽ പെട്ടതാണ് ബാർഹൗട്ടെന്നു മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പര്യവേക്ഷകർ ഗർത്തത്തിനുള്ളിൽ നിന്നു നിരവധി സാംപിളുകൾ എടുത്തിട്ടുണ്ട്. ഇതു വിലയിരുത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
യമനിലെ കിഴക്കൻ പ്രവിശ്യ മഹ്‌റാ ഗവർണറേറ്റിനു കീഴിലാണ് ഗർത്തം സ്ഥിതി ചെയ്യുന്ന അൽ മഹാറ പ്രദേശമുള്ളത്. നാലായിരത്തിലധികം അടി പൊക്കമുള്ള മലനിരകളും മരുഭൂമിയും കാടുകളുമൊക്കെയുള്ള ജൈവവൈവിധ്യമേഖലയാണ് ഇത്. ഹൗഫ് ദേശീയോദ്യാനം നിലനിൽക്കുന്നതും 10 ജില്ലകളടങ്ങിയ ഈ പ്രവിശ്യയിലാണ്.
Comments
Post a Comment