അറബിക്കടലിന്റെ റാണിയെത്തേടി ഇന്നു രാവിലെ ഏഴുമണിയോടെയാണ് ഭീമൻ ക്രൂസ് കൊർഡാലിയ എത്തിയത്. മൂന്നു രാത്രി നീളുന്ന കടൽ യാത്രയ്ക്കെത്തിയ 1200 പേരാണ് ആഡംബര നൗകയിലുണ്ടായിരുന്നത്.

ആദ്യത്തെ കപ്പൽ വന്നു!, ടൂറിസം എങ്ങനേലും ഒന്നു പച്ച പിടിക്കട്ടെ’

Cordelia-Cruises-Kochi-1
കൊച്ചിയിലെത്തിയ ആഡംബര കപ്പലിലെ യാത്രക്കാര്‍ക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പും, പോർട്ട് ട്രസ്റ്റും ചേർന്ന് നൽകിയ സ്വീകരണം. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
   

കൊച്ചി∙ ‘‘ആദ്യത്തെ കപ്പൽ വന്നു!, ടൂറിസം എങ്ങനേലും ഒന്നു പച്ച പിടിക്കട്ടെ, രണ്ടു വർഷമായി മനുഷ്യൻ അടച്ചു പൂട്ടി അകത്തിരിക്കുകയാണ്.’’ – വെല്ലിങ്ടൺ ഐലൻഡിലെ ഓട്ടോക്കാരൻ രാജേന്ദ്രന്റെ ഈ വാക്കുകളിലുണ്ട് കടന്നുപോയ ദുരിതകാലത്തിന്റെ സകല സങ്കടങ്ങളും; ഒപ്പം പഴയ ഒരു നല്ലകാലം വീണ്ടും വരുമെന്ന പ്രതീക്ഷകളും. ഇന്നു രാവിലെ കൊച്ചി തീരമണഞ്ഞ കൊർഡാലിയയിൽനിന്ന് ഇറങ്ങുന്ന ആരുടെയങ്കിലും ഒരു ഓട്ടം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തു നിൽക്കുകയാണ് അദ്ദേഹം. ടൂർ ഏജൻസികൾ നേരത്തേ ഏർപ്പാടാക്കി നിർത്തിയ ടൂറിസ്റ്റ് ബസുകളിലും കാറുകളിലും യാത്രക്കാരെ കൊണ്ടുപോയെങ്കിലും വരും ദിവസങ്ങളിലെങ്കിലും ടൂറിസം പച്ചപിടിക്കുമെന്ന പ്രതീക്ഷയുടെ തിളക്കമാണ് അവിടെ കാത്തുനിന്ന നാട്ടുകാരായ ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ കണ്ണുകളിൽ തെളിഞ്ഞത്.

അറബിക്കടലിന്റെ റാണിയെത്തേടി ഇന്നു രാവിലെ ഏഴുമണിയോടെയാണ് ഭീമൻ ക്രൂസ് കൊർഡാലിയ എത്തിയത്. മൂന്നു രാത്രി നീളുന്ന കടൽ യാത്രയ്ക്കെത്തിയ 1200 പേരാണ് ആഡംബര നൗകയിലുണ്ടായിരുന്നത്. ഇതിൽ 800 യാത്രക്കാർ മാത്രമാണ് പുറത്തേക്കിറങ്ങിയത്. ബാക്കിയുള്ളവർ ആഘോഷങ്ങളുമായി കപ്പലിൽ തുടർന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി 20 ന് മുംബൈയിൽനിന്നാണ് കപ്പൽ പുറപ്പെട്ടത്.

Cordelia-Cruises-Kochi-Boby-Chemmanur
കൊച്ചിയിലെത്തിയ ആഡംബര കപ്പലിൽനിന്നും ഇറങ്ങിയ ബോബി ചെമ്മണൂർ നൃത്തം ചെയ്യുന്നു. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

താൽപര്യമുള്ള യാത്രക്കാർക്ക് കൊച്ചി നഗരത്തിലെ സാംസ്കാരിക, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം നൽകിയിട്ടുണ്ട്. മൂന്നു സംഘങ്ങളായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും ഇവരുടെ സന്ദർശനങ്ങൾ. താൽപര്യമുള്ളവർക്കായി കായലിൽ ബോട്ടു യാത്രയും ഒരുക്കിയിട്ടുണ്ട്.

ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കണം

ബാപ്പയ്ക്കും ഉമ്മയ്ക്കും സഹോദരിക്കുമൊപ്പം കടലിന്റെ ആഡംബരങ്ങൾ ആസ്വദിച്ചതിന്റെ ത്രില്ലിലാണ് കോഴിക്കോട് സ്വദേശിനി നസിയ കൊച്ചി തീരത്തിറങ്ങിയത്. ‘ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഇങ്ങനെ ഒരു യാത്ര ചെയ്തിരിക്കണം’ എന്ന് ഒരു ഉപദേശവും. വാക്കുകളിൽ നിറയെ ആവേശം. രണ്ടു വർഷമായി അടച്ചു പൂട്ടിയിരുന്നതിന്റെ സമ്മർദ്ദങ്ങളെല്ലാം കെട്ടഴിച്ചു വിട്ടതായി യാത്രയെന്ന് നസിയയുടെ പിതാവു പറഞ്ഞു. കപ്പൽ യാത്ര വലിയൊരു ആഹ്ലാദ അനുഭവമാണ് സമ്മാനിച്ചതെന്ന അഭിപ്രായക്കാരാണ് യാത്രക്കാരിലേറെയും. ഫൈവ് സ്റ്റാർ സൗകര്യം എന്നൊന്നും പറയാനാവില്ല, ത്രീസ്റ്റാർ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഇവർ പറയുന്നു. 

Cordelia-Cruises-Kochi-2
ആഡംബര കപ്പല്‍ ക്രൂസ് കൊർഡാലിയ

വിദേശ കപ്പലിന്റെ സകല ആഡംബരവുമുള്ള കപ്പലാണ് കൊർഡാലിയ എന്ന അഭിപ്രായമാണ് മലപ്പുറം കോട്ടയ്ക്കലിൽനിന്നു കപ്പലിൽ യാത്ര ചെയ്ത യാസർ അറാഫത്ത് പങ്കുവച്ചത്. ടൂർ ഓപ്പറേറ്റേഴ്സിനു ലഭിച്ച സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരിൽ പകുതിയും ടൂർ ഏജന്റുമാരാണ്. 11 ഡക്കുകളിലായി 796 കാബിനുകളാണ് കപ്പലിനുള്ളത്. 1800 യാത്രക്കാർക്കു പുറമേ 692 കപ്പൽ ജീവനക്കാരുമുണ്ട്.

Cordelia-Cruises-Kochi-3
ആഡംബര കപ്പല്‍ ക്രൂസ് കൊർഡാലിയ

സ്വിമ്മിങ് പൂൾ, മൂന്ന് റസ്റ്ററന്റുകൾ, ഫിറ്റ്നെസ് സെന്ററുകൾ, സ്പാ, തിയറ്റർ, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാർട്ടികൾ, അഞ്ച് ബാറുകൾ, ലൈവ് ബാൻഡുകൾ, ഷോപ്പിങ്  തുടങ്ങി എല്ലാ സൗകരങ്ങളുള്ളതാണ് ഈ ആഡംബര നൗക. നൂറിലധികം വിഭവങ്ങളാണ് മെനുകാർഡിലെ ആകർഷണം. ഒരു ഇന്ത്യക്കാരൻ കഴിക്കാൻ സാധ്യതയുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാം മികച്ച ഗുണമേൻമയിലാണെന്നത് എടുത്തു പറയണമെന്നും യാത്രക്കാർ അനുഭവം പങ്കുവയ്ക്കുന്നു.

ആഡംബരം കേട്ടു ഞെട്ടണ്ട; കുറഞ്ഞ നിരക്കു മാത്രം

കപ്പലിലെ ആഡബരം കേട്ടു ഞെട്ടണ്ടെന്നാണ് യാത്രക്കാരുടെ അനുഭവം. തിരഞ്ഞെടുക്കുന്ന സൗകര്യങ്ങൾക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടെങ്കിലും ഇടത്തരക്കാർക്കു വഹിക്കാവുന്നതാണ് യാത്രച്ചെലവ്. മൂന്നു രാത്രിയും നാലു പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് ടൂർ കമ്പനി ഈടാക്കുന്നത് വെറും 22,000 മുതൽ 30,000 രൂപ വരെ മാത്രം. കുടുംബ യാത്രകളാണെങ്കിൽ ഒരു മുറിയിൽ രണ്ടിലേറെ പേർക്കു യാത്ര ചെയ്യാം എന്നതിനാൽ ചെലവു കുറയും.

ഒരിക്കലെങ്കിലും ആഡംബരക്കപ്പലിൽ കടൽ യാത്ര നടത്തണമെന്ന മോഹം ബാക്കിയുള്ളവർക്ക് വളരെ എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന യാത്രാനുഭവമായിരിക്കും ഇത്. സാധാരണ ആഭ്യന്തര ടൂറുകൾക്കു പോലും ഇതിലും ചെലവു വരുമ്പോഴാണ് കടൽ യാത്രയുടെ ഈ കുറഞ്ഞ നിരക്ക്. ഇന്ന് വൈകുന്നേരത്തോടെ ലക്ഷദ്വീപിലേക്കു പുറപ്പെടുന്ന കൊർഡാലിയ അടുത്ത ദിവസം ഗോവയിലേയ്ക്കു തിരിച്ച് അവിടെ യാത്ര അവസാനിപ്പിക്കും. 

ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി കൊർഡാലിയ ക്രൂസ് ഐആർസിടിസിയുമായി ധാരണയായിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വെബ്സൈറ്റായ ഐർസിടിസി ടൂറിസം ഡോട്ട് കോമിൽ നിന്നു ടിക്കറ്റുകൾ ബുക്കു ചെയ്യാം.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!