അല്പം കൃഷി കാര്യം. ജാതി.. ബഡിങ് / ഗ്രാഫ്റ്റിംഗ് അറിയേണ്ട കാര്യങ്ങൾ
ജാതിയിൽ മുകുളനം
ജാതിയില്‍ പലതരത്തിലുള്ള ഒട്ടിക്കല്‍ രീതിയും ആകാം. എങ്കിലും ഓരോ മുകുളത്തിനും വില പറയുന്നതുകൊണ്ട് ഒട്ടിക്കലിനു പകരം മുകുളന രീതിയാണ് അനുവര്ത്തിച്ചു വരുന്നത്.
ജാതി, കുടമ്പുളി, മാന്ഗോസ്റ്റീന്‍ എന്നിവക്ക് മറ്റു ചെടികളെ താരതമ്യം ചെയ്യുമ്പോള്‍ ചില പ്രത്യേകതകള്‍ ഉണ്ട്.
പശയുണ്ട്. കമ്പില്‍ മുറിച്ച ഉടനെ സ്രവം പുറത്തു വന്നു താമസിയാതെ പശ കൂടി പുറത്തു വരും. അതുകൊണ്ട് വെറും സെക്കണ്ടുകള്ക്കു്ള്ളില്‍ മുകുളം ഒട്ടിക്കല്‍ ചെയ്തു കഴിയണം.
ജാതിയുടെ വളര്ച്ചാ രീതിയില്‍ വ്യത്യാസം ഉണ്ട്. പ്ലാവോ മാവോ വളരുന്ന പോലെ അല്ല ജാതി വളരുന്നത്. നടുവില്‍ ഒരു ഒറ്റത്തടി ആയി വരും. എന്നിട്ട് അതിനു ഓരോ തട്ടിലും ശാഖകള്‍ ഉണ്ടാകും. തൂക്കനെ ഒരു കൊമ്പ് അല്ലെങ്കില്‍ തടി, അതില്‍ നിന്നും പിന്നെയും തൂക്കനെ പോകുന്ന ശാഖകള്‍. പ്രധാന തടിയില്‍ നിന്നും മുകളിലേക്ക് പോകുന്ന ശാഖകള്‍ ഉണ്ട്, വശങ്ങളിലേക്ക് പോകുന്ന ശാഖകളും ഉണ്ട്. അങ്ങനെ മുകളിലോട്ടു പോകുന്ന കൊമ്പില്‍ നിന്ന് തന്നെ മുകുളമുള്ള കമ്പ് എടുക്കണം, ഗ്രാഫ്ടിങ്ങിന് ആണെങ്കിലും ബഡിംങ്ങിനു ആണെങ്കിലും. ഒരു വലിയ മരത്തിന്‍റെ മുകളില്‍ നിന്നാണ് മുകുളം എടുക്കുന്നതെങ്കില്‍ അടുത്ത വര്ഷം കായ ഉണ്ടാകും. അതേ മരത്തിന്‍റെ വശങ്ങളിലേക്ക് പോയ ശാഖകളില്‍ നിന്നാണ് എടുക്കുന്നതെങ്കില്‍ മൂന്നു വര്ഷം എടുക്കും.
ഒന്ന്-ഒന്നര വര്ഷമെങ്കിലും പ്രായമുള്ള തൈകളിൽ മാത്രമേ ബഡ് ചെയ്യാന്‍ പറ്റൂ, ഒരു വിരല്‍ വണ്ണമെങ്കിലും വലുപ്പം വേണം. മുകുളം വെച്ചാല്‍ രണ്ടു മാസത്തിനുള്ളില്‍ മുള വന്നിരിക്കും. വന്നില്ലെങ്കില്‍ മുകുളനം പരാജയം എന്ന് തീരുമാനിക്കാം.
തക്കാളി, വഴുതിന എന്നിവ ഒട്ടിക്കാനുള്ള ചുണ്ട എന്ന കാട്ടുചെടി ഉപയോഗിക്കുന്ന പോലെ, ജാതി തൈകള്‍ ഒട്ടിക്കാന്‍ കാട്ടു വര്ഗത്തില്‍ പെട്ട ഒരു തൈ ഉണ്ട്. അതിന്‍റെ പേര്‍ കാട്ടുജാതി എന്നുതന്നെ. കാട്ടുജാതി വേറൊരു മരമാണ്, ജാതിയെ പോലെ, പക്ഷെ ഒരേ കുടുംബം. വില ചെറുതിനു 150 തൊട്ടു 600 വരെ ഉണ്ട്. കാട്ടുജാതി ഇടുക്കിയിലെ കുമിളിയി ല്‍ നിന്നാണ് നര്സറിക്കാര്‍ സംഘടിപ്പിക്കുന്നത്.
ജാതി തൈകളുടെ മുകുളം നാട്ടുജാതിയിലും കാട്ടുജാതിയിലും ഒട്ടിക്കാം. ശ്രദ്ധിക്കേണ്ടത് കാട്ടുജാതി ആണെങ്കില്‍ വെയിലത്ത് വെക്കാം. അതെ സമയം നാട്ടു ജാതിക്കു 30% തണല്‍ വേണം. പച്ച നെറ്റ് കെട്ടിയാല്‍ മതി.
ഒട്ടിക്കാനായി എടുക്കുന്ന തുണ്ടില്‍ കാണുന്ന കണ്ണിനെ അരി എന്നാണു നാട്ടുഭാഷ. മുകുളം എടുക്കുമ്പോള്‍ അതില്‍ ചന്ദ്രക്കല പോലെ ഒരു അടയാളം ഉണ്ടാകും. പകുതി ചന്ദ്രക്കല ഉണ്ടെങ്കില്‍ അതില്‍ നല്ല അരി ഉണ്ടാകും. അത്തരം മുകുളം വെച്ചാല്‍ നല്ല കരുത്തുള്ള തൈ കിട്ടും. ചിലത് പകുതി മുറിഞ്ഞു നില്ക്കുന്നുണ്ടാവും (quarter point നാലിലൊന്ന് ചന്ദ്രക്കല). അതെടുത്ത് മുകുളനം ചെയ്‌താ ല്‍ ഒരു പുഷ്ടി ഉണ്ടാകില്ല, പിന്നീട് കാതല്‍ ശേഷിയും കുറവാവും.
വെള്ളത്തിനു ക്ഷാമം ഉള്ള കരഭൂമിയില്‍, പറമ്പില്‍, കാട്ടുജാതി ആണ് നല്ലത്. പാടത്ത് ചെയ്യാന്‍ നാട്ടുജാതി ആണ് നല്ലത്. കാട്ടുജാതിയുടെ വേര് 15 അടി വരെ താഴോട്ടു പോകും. വേര് പടലം വളരെ കൂടുതലാണ്. നാട്ടു ജാതിയുടെത് അത്രയ്ക്ക് താഴോട്ടു പോകില്ല. അതുകൊണ്ട് വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കാട്ടുജാതി വേണ്ട, നാട്ടുജാതി മതി. വെള്ളം കെട്ടിനിന്നാല്‍ വേര് ചീഞ്ഞു പോകും. അതുകൊണ്ട് വെള്ളക്കെട്ടുള്ള സ്ഥലങ്ങളി ല്‍ വാരം കോരി നാട്ടുജാതി നടാം.
നാട്ടു ജാതിക്കു താഴെനിന്നും രണ്ടു ഞെട്ട് മേലെ ബഡ് ചെയ്യണം. കാട്ടുജാതിക്ക് ഏറ്റവും താഴെ ചെയ്യാം.
കോഴിക്കോട്ടെ IISR പുറത്തിറക്കിയ വിശ്വശ്രീ ആണ് ഏറ്റവും കൂടുതല്‍ ഉത്പ്പാദനം നടക്കുന്ന ഇനം.
പപ്പായയില്‍ ഉണ്ടാകുന്നപോലെ ജാതിയിലും ആണ്‍-പെണ്‍ ഇനങ്ങള്‍ ഉണ്ട്. അത് നേരത്തെ കണ്ടുപിടിക്കാന്‍ ഒരു വഴിയുമില്ല. ആണ്‍ ചെടിയാണെന്നു പിന്നീട് തിരിച്ചറിഞ്ഞാല്‍ അതിനെ പിന്നീട് പെണ്‍ ചെടിയാക്കി മാറ്റാം. പക്ഷെ പരാഗണത്തിനായി ആണ്ചെടിയും തോട്ടത്തില്‍ വേണം.
ഈ പ്രശ്നം പരിഹരിക്കാനായി കല്ലിങ്കല്‍-9 എന്നൊരു ഇനം ഉണ്ട്. അതില്‍ ആണ്‍-പെണ്‍ പൂക്കള്‍ ഒരേ ചെടിയില്‍ തന്നെ ഉണ്ടാകും.
രണ്ടോ മൂന്നോ കാട്ടുജാതി തൈകള്‍ വശം ചേര്ത്തോട്ടിക്കല്‍ (approach grafting) ചെയ്ത ശേഷം അതില്‍ നാട്ടുജാതി മുകുളനം ചെയ്യുന്ന രീതി ചിലര്‍ ചെയ്യുന്നുണ്ട്. താഴെ നിന്നും കൂടുതല്‍ സപ്ലൈ കിട്ടുന്നതുകൊണ്ട് നല്ല രീതിയില്‍ കായപിടുത്തം ഉണ്ടാകും.
മഴക്കാലത്താണ് പൂവിടുന്നതെങ്കിലും കായ മൂപ്പെത്താന്‍ 8 മാസം വരെ സമയം എടുക്കും.
Very helpful
ReplyDelete