ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മേനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മേനിയൻ ഡെവിൾ

ടാസ്മേനിയൻ ഡെവിൾ
ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മേനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മേനിയൻ ഡെവിൾ (ശാസ്ത്രീയനാമം: Sarcophilus harrisii). ഇവ ഡേസിയുറിഡെ എന്ന കുടുംബത്തിൽപ്പെടുന്നു. ഈ കുടുംബത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇനവും ഇതുതന്നെയാണ്. ഏകദേശം ഒരു ചെറിയ നായയുടെ വലുപ്പമാണ് ഇവയ്ക്കുള്ളത്. 1936-ൽ ടാസ്മേനിയൻ ചെന്നായ്ക്ക് വംശനാശം സംഭവിച്ചതിനേത്തുടർന്നാണ് ടാസ്മാനിയൻ ഡെവിൾ മാർസൂപ്പേലിയ കുടുംബത്തിലെ ഏറ്റവും വലിപ്പമുള്ള സസ്തനികളായി മാറിയത്. ക്വോളുകളുമായി ബന്ധമുള്ള ഇവയ്ക്ക് ടാസ്മേനിയൻ ചെന്നായുമായും വിദൂര ബന്ധമുണ്ട്. കരുത്തുറ്റ പേശികളുള്ള ശരീരം, കറുത്ത രോമങ്ങൾ, ദുർഗന്ധം, വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഉഗ്രമായ അലർച്ച എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ടാസ്മാനിയൻ ഡെവിളിന്റെ വലിയ തലയും കഴുത്തും അവയുടെ ഇരയ്ക്ക് ഭൂമിയിൽ നിലവിലുള്ള മറ്റു സസ്തനികളുടേതിനേക്കാൾ ഏറ്റവും ശക്തമായ കടിയേൽക്കാൻ കാരണമാകുന്നു. ഇരയെ വേട്ടയാടുന്നതിനൊപ്പം സമീപത്ത് മനുഷ്യവാസമുണ്ടെങ്കിൽ വീട്ടിലെ ഭക്ഷണങ്ങളും ഇവ ഭക്ഷിക്കുന്നു. സാധാരണയായി ഒറ്റയ്ക്കാണു കഴിയുന്നതെങ്കിലും ചിലപ്പോൾ മറ്റ് ഡെവിളുകളുമായി ചേർന്ന് ഭക്ഷണം കഴിക്കുകയും താമസസ്ഥലം മലീമസമാക്കുകയും ചെയ്യാറുണ്ട്. മറ്റ് ഡാസ്യുറിഡേകളിൽ നിന്ന് വ്യത്യസ്തമായി ഡെവിൾ താപനിയന്ത്രണം നടത്തുകയും പകൽ സമയങ്ങളിൽ അവയുടെ ശരീരം അമിതമായി ചൂടാക്കാതെ സജീവമായി നിലനിറുത്തുകയും ചെയ്യുന്നു. കൊഴുത്തുരുണ്ട രൂപം ഉണ്ടായിരുന്നിട്ടുകൂടിയും അതിശയിപ്പിക്കുന്ന വേഗതയും സ്ഥിരതയും ഡെവിളിനുണ്ട്. കൂടാതെ, മരങ്ങളിൽ കയറാനും നദികളിലൂടെ നീന്താനും ഇവയ്ക്കു കഴിയുന്നു.
.
ടാസ്മാനിയൻ ഡെവിളിന്റെ വിതരണം (ചാരനിറത്തിൽ)
ഗോണ്ട്വാനയുടെ കാലഘട്ടത്തിൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ പുരാതന മാർസൂപ്പേലിയലുകൾ തെക്കേ അമേരിക്കയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ടെന്നും ഓസ്‌ട്രേലിയ കൂടുതൽ വരണ്ടതായപ്പോൾ അവ പരിണാമം പ്രാപിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ആധുനിക ടാസ്മേനിയൻ ഡെവിളുകളോട് സാമ്യമുള്ള ജീവികളുടെ ഫോസിലുകൾ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ സമകാലീന ജീവിവർഗങ്ങളുടെ പൂർവ്വികരാണോ അതോ നിലവിലെ ഡെവിളുകൾ ഈ ജീവിവർഗങ്ങളുമായി സഹവസിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായ അറിവില്ല. ഓസ്ട്രേലിയൻ ഭൂപ്രദേശത്ത് നിന്ന് ടാസ്മാനിയൻ ഡെവിൾ പ്രാദേശികമായി വംശനാശം സംഭവിച്ച തീയതി വ്യക്തമല്ലെങ്കിലും ഏകദേശം 3000 വർഷങ്ങൾക്കുമുമ്പായിരിക്കാം അവർ മൂന്ന് പ്രാകൃത ജീവിതാവശിഷ്‌ടങ്ങളായി ചുരുങ്ങിയതെന്ന് മിക്ക തെളിവുകളും സൂചിപ്പിക്കുന്നു.
 വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ അഗസ്റ്റയിൽ നിന്ന് കണ്ടെത്തിയ ഒരു പല്ല് ഏകദേശം 430 വർഷങ്ങൾക്ക് മുൻപുള്ളതാണ്. എന്നാൽ പുരാവസ്തു ഗവേഷകനായ ഒലിവർ ബ്രൗൺ ഈ വിഷയത്തിൽ തർക്കമുന്നയിക്കുകയും ഡെവിളിന്റെ പ്രധാന ഭൂപ്രദേശത്തെ വംശനാശം 3000 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതായി കണക്കാക്കുകയും ചെയ്യുന്നു.ഈ തിരോധാനത്തിനു സാധാരണയായി ടാസ്മാനിയയിൽ കാണപ്പെടാത്ത ഡിംഗോകളെയാണ് കുറ്റപ്പെടുത്തുന്നത്. ടാസ്മാനിയയിൽ ഡെവിളുകൾ ധാരാളമായി വേട്ടയാടപ്പെട്ടതിനാൽ വംശനാശഭീഷണി നേരിടുന്നു. മനുഷ്യർ രോമങ്ങൾക്കായി ഇവയെ വേട്ടയാടുകയും കന്നുകാലികൾക്കും മൃഗങ്ങൾക്കും ഭീഷണിയാകുകയും ചെയ്തതാണ് ഇവയുടെ വ്യപകമായ വേട്ടയാടലുകൾക്ക് കാരണമായത്. 1941-ൽ ഡെവിളുകൾ ഔദ്യോഗികമായി സംരക്ഷിക്കപ്പെടുകയും അതിനുശേഷം കന്നുകാലികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയാണ് ഡെവിളുകളെന്നത് വെറും തെറ്റിധാരണ മാത്രമാണെന്ന് ശാസ്ത്രജ്ഞർ സ്ഥാപിക്കുകയും ചെയ്തു.

ഡെവിളുകൾ വിവിധ ഇണകളുമായി ബന്ധപ്പെടുന്നുണ്ട്. അവയുടെ പ്രത്യുത്പാദന പ്രക്രിയ വളരെ സുശക്തവും മത്സരപരവുമാണ്. ആൺ ഡെവിളുകൾ പെൺഡെവിളുകൾ‌ക്കായി പരസ്പരം പോരടിക്കുന്നു. തുടർന്ന്‌ പെൺഡെവിളുകളുടെ അവിശ്വസ്‌തത തടയുന്നതിന്‌ പങ്കാളികൾക്ക് കാവൽ നിൽക്കുന്നു. ഇണചേരൽ സമയത്ത് പെൺഡെവിളുകൾക്ക് ആഴ്ചയിൽ മൂന്ന് തവണ അണ്ഡവിസർജ്ജനം നടക്കുന്നു. രണ്ട് വയസ് പ്രായമുള്ള പെൺഡെവിളുകളിൽ 80% വാർഷിക ഇണചേരൽ കാലഘട്ടത്തിൽ ഗർഭിണികളായി കാണപ്പെടുന്നു. പെൺഡെവിളുകൾ അവരുടെ ജീവിതത്തിൽ‌ ശരാശരി നാല് തവണ ഗർഭധാരണം നടത്തുന്നു. കൂടാതെ മൂന്നാഴ്ചത്തെ ഗർ‌ഭകാലത്തിനുശേഷം 20-30 വരെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. നവജാതശിശുക്കൾക്ക് പിങ്ക് നിറവും രോമങ്ങൾ കുറവുമാണ്. മുഖത്തിന്റെ സവിശേഷതകളില്ലാത്ത ഇവയ്ക്ക് ജനിക്കുമ്പോൾത്തന്നെ ഏകദേശം 20 ഗ്രാം ഭാരമുണ്ടാകും. മാതൃജീവിയുടെ സഞ്ചിയിൽ നാല് മുലക്കണ്ണുകൾ മാത്രമുള്ളതിനാൽ കുഞ്ഞുങ്ങൾ തമ്മിൽ ഭക്ഷണത്തിനായി കഠിന മത്സരം നടത്തുന്നു. ഈ മത്സരത്തെ ഏതാനും നവജാത ഡെവിളുകൾ മാത്രമേ അതിജീവിക്കാറുള്ളു. കുഞ്ഞുങ്ങൾ അതിവേഗമാണ് വളർച്ച പ്രാപിക്കുന്നത്. 100 ദിവസത്തിനുശേഷം സഞ്ചിയിൽ നിന്നും പുറത്തുവരുന്ന ഇവയ്ക്ക് ഏകദേശം 200 ഗ്രാമോളം ഭാരം ഉണ്ടായിരിക്കും. ഒൻപത് മാസത്തിന് ശേഷം കുഞ്ഞുങ്ങൾ സ്വതന്ത്രരായി ജീവിക്കാൻ പ്രാപ്തരാകുന്നു. പെൺഡെവിളുകൾ വർഷത്തിന്റെ ഭൂരിഭാഗവും ജനനവും വളർത്തലും സംബന്ധിച്ച പ്രവർത്തനങ്ങളിൽ ചെലവഴിക്കുന്നു.1990-കളുടെ അവസാനം മുതൽ ഡെവിൾ ഫേഷ്യൽ ട്യൂമർ രോഗം (ഡിഎഫ്ടിഡി) ഡെവിൾസിന്റെ അംഗസംഖ്യയെ ഗണ്യമായി കുറയ്ക്കുകയും ഇപ്പോൾ ഈ ജീവിവർഗങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുകയും ചെയ്യുന്നു. 2008-ൽ ടാസ്മേനിയൻ ഡെവിൾ വംശനാശ ഭീഷണിയിലാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. രോഗത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ടാസ്മേനിയ സർക്കാർ നിലവിൽ വിവിധ പരിപാടികൾ ഏറ്റെടുത്തിട്ടുണ്ട്. രോഗത്തിൽ നിന്ന് രക്ഷപെട്ട ഒരു കൂട്ടം ആരോഗ്യമുള്ള ഡെവിളുകളെ സംരക്ഷിക്കുന്നതിനുള്ള ഒരു സംരംഭം ഉൾപ്പെടെയുള്ള ചില പരിപാടികൾ ഇതിന്റെ ഭാഗമാണ്. ടാസ്മേനിയൻ ചെന്നായ്ക്കൾ നിലവിലുണ്ടായിരുന്നപ്പോൾ അത് ഡെവിളിനെ ഇരയാക്കിയിരുന്നു. മോട്ടോർ വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഡെവിളുകളുടെ പ്രാദേശിക ജനസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും ഡെവിളുകൾ വാഹനമിടിച്ചു ചത്ത മറ്റു ജീവികളെ ഭക്ഷിക്കുമ്പോഴാണ് അപകടത്തിൽ അകപ്പെടുന്നത്.

ടാസ്മാനിയയുടെയും അവിടുത്തെ നിരവധി സംഘടനകളുടേയും പ്രതീകമായ ഡെവിളിനെ, പല ഗ്രൂപ്പുകളും അവരുടെ ഉൽപ്പന്നങ്ങളിലും ഭരണകൂടവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിലും ലോഗോകളിലും ഉപയോഗിക്കുന്നുണ്ട്. ടാസ്മാനിയയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഇനമായാണ് ഇത് കാണപ്പെടുന്നത്. ലൂണി ട്യൂൺസിന്റെ ടാസ്മേനിയൻ ഡെവിൾ എന്ന കഥാപാത്രത്തിലൂടെ വിനോദസഞ്ചാരികളിലെക്ക് ടാസ്മാനിയായുടെ ലോകശ്രദ്ധ ആകർഷിക്കപ്പെട്ടു. ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ സേവ് ദ ടാസ്മാനിയൻ ഡെവിൾ എന്ന പ്രോഗ്രാമിന്റെ ഭാഗമായി 2013 മുതൽ ടാസ്മാനിയൻ ഡെവിളുകളെ ലോകമെമ്പാടുമുള്ള മൃഗശാലകളിലേക്ക് അയയ്ക്കുന്നു.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!