പൊളികേന്ദ്രവുമായി ഒരുമുഴം മുന്നെ ടാറ്റ: സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു
പൊളികേന്ദ്രവുമായി ഒരുമുഴം മുന്നെ ടാറ്റ: സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ പൊളിച്ച് നീക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വാഹന പൊളിക്കൽ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള പൊളിക്കൽ കേന്ദ്രങ്ങൾ(സ്ക്രാപ്പിങ്ങ് സെന്റർ) ആരംഭിക്കുന്നതിനായി മുന്നിട്ടിറങ്ങയിരിക്കുകയാണ് ഇന്ത്യയുടെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഗുജറാത്തിലാണ് ടാറ്റയുടെ വാഹന പൊളിക്കൽ കേന്ദ്രം ആരംഭിക്കുകയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് ഫെസിലിറ്റി(ആർ.വി.എസ്.എഫ്) ആരംഭിക്കുന്നതിനായി ഗുജറാത്ത് സർക്കാരിന്റെ തുറമുഖ ഗതാഗത വകുപ്പുമായി ടാറ്റ മോട്ടോഴ്സ് കരാറിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി നടന്ന നിക്ഷേപക സംഗമത്തിലാണ് ടാറ്റ മോട്ടോഴ്സ് ഗുജറാത്ത് സർക്കാരുമായി ധാരണയിലെത്തിയതെന്നാണ് വിവരം. അഹമ്മദാബാദിലായിരിക്കും കേന്ദ്രം ആരംഭിക്കുക.
മറ്റ് കമ്പനികളുടെ സഹകരണത്തോടെ ആയിരിക്കും ടാറ്റ മോട്ടോഴ്സ് സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള സർക്കാർതല നടപടികൾ പൂർത്തിയാക്കാൻ ഗുജറാത്ത് സർക്കാരിന്റെ തുറമുഖ-ഗതാഗത വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിവരം. ഈ നയം നടപ്പാകുന്നതിലൂടെ രാജ്യത്തെ വാഹന മേഖല കൂടുതൽ കരുത്താർജിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊളിക്കൽ നയം അനുസരിച്ച് വാണിജ്യവാഹനങ്ങൾക്ക് 15 വർഷത്തിനും സ്വകാര്യവാഹനങ്ങൾക്ക് 20 വർഷത്തിനും ശേഷം കമ്പ്യൂട്ടർ അധിഷ്ടിത പ്രവർത്തനക്ഷമത പരിശോധന നിർബന്ധമാണ്. രണ്ടുതവണ പരിശോധനയിൽ പരാജയപ്പെടുന്നവ നിർബന്ധമായും പൊളിക്കണം. കാലാവധി കഴിഞ്ഞ വാണിജ്യവാഹനങ്ങൾ 2023 മുതലും സ്വകാര്യവാഹനങ്ങൾ 2024 ജൂൺ മുതലും പൊളിക്കാനാണ് കേന്ദ്രനിർദേശം. ഉടമയ്ക്ക് വേണമെങ്കിൽ വാഹനം നേരിട്ട് പൊളിക്കൽകേന്ദ്രങ്ങൾക്ക് കൈമാറാം.
Comments
Post a Comment