ഇറ്റലിയിൽ ലൂസിഫർ എതിർച്ചുഴലി; കടുത്ത താപതരംഗം, താപനില 48.8 ഡിഗ്രി
ഇറ്റലിയിൽ ലൂസിഫർ എതിർച്ചുഴലി; കടുത്ത താപതരംഗം, താപനില 48.8 ഡിഗ്രി

മെഡിറ്ററേനിയൻ മേഖലയിൽ ഉടലെടുത്ത ശക്തമായ താപതരംഗം തുർക്കിക്കും ഗ്രീസിലും ഉണ്ടാക്കിയ കാട്ടുതീ പ്രതിസന്ധിക്കു പുറമേ ഇറ്റലിയും കൊടുംചൂടിന്റെ പിടിയിൽ. ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ താപനില 48.8 ഡിഗ്രി കടന്നു. യൂറോപ്പിൽ ഉണ്ടായിട്ടുള്ളവയിൽ വച്ച് ഏറ്റവും ഉയർന്ന രേഖപ്പെടുത്തപ്പെട്ട താപനിലയാണ് ഇത്. സിസിലിയൻ നഗരമായ സിറാക്കൂസിലാണ് ഈ താപനില രേഖപ്പെടുത്തിയത്.
സാധാരണ ചുഴലിക്കാറ്റുകളുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ തണുപ്പും മഴയും ഈർപ്പവും ഉടലെടുക്കുമ്പോൾ എതിർച്ചുഴലികൾ കാരണം ചൂടേറിയ വായുവാണ് സംഭവിക്കുന്നത്. ഈ എതിർച്ചുഴലി വടക്കോട്ടു നീങ്ങുമെന്നും തലസ്ഥാന നഗരമായ റോം വരെയെത്തുമെന്നുമാണ് ഇപ്പോൾ കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരിക്കുന്നത്. യൂറോപ്പിന്റെ മെഡിറ്ററേനിയൻ മേഖലയിലുള്ള മറ്റു രാജ്യങ്ങളായ തുർക്കിയിലും ഗ്രീസിലും താപതരംഗം മൂലം കാടുകൾക്കു തീപിടിച്ചതിനാൽ ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
സ്പെയിനിലും പോർച്ചുഗലിലും താപനില 40 ഡിഗ്രിയിൽ കൂടിയതോടെ കാട്ടുതീയുടെ മുന്നറിയിപ്പുണ്ട്. മെഡിറ്ററേനിയൻ കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും സ്ഥിതി രൂക്ഷമാണ്.വടക്കൻ ആഫ്രിക്കൻ രാജ്യമായ അൽജീറിയയിൽ ബെർബർ വംശജരുടെ താമസിക്കുന്ന കബൈലിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ പെട്ട് 65 പേർ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇവരിൽ 28 പേർ സൈനികരാണ്. ഇതെത്തുടർന്ന് മേഖലയിൽ അക്രമസംഭവങ്ങൾ ഉടലെടുത്തിരുന്നു.
രാജ്യത്തിന്റെ വടക്കുഭാഗത്തായാണു പർവതമേഖലയായ കബൈലിയ. ഇവിടത്തെ കാടുകളിൽ തുടങ്ങിയ തീ ഒട്ടേറെ വീടുകളും കൃഷിയിടങ്ങളും ഫാമുകളും നശിപ്പിച്ചു. നിലവിൽ 18 ഇടങ്ങളിൽ തീ കത്തുന്നു. ആരെങ്കിലും തീ വച്ചതാണോയെന്ന സംശയവുമുണ്ട്. എന്നാൽ അൽജീറിയ ഉൾപ്പെട്ട വടക്കൻ ആഫ്രിക്കൻ മേഖലയിൽ ശക്തമായ താപതരംഗം നിലനിൽക്കുന്നതിനാൽ കാരണം അതാകാനാണു സാധ്യത.
അൽജീറിയയുടെ അയൽരാജ്യമായ തുനീസിയയിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ യുഎൻ പുറത്തിറക്കിയ ഐപിസിസി റിപ്പോർട്ടിൽ ഭൂമി അതിന്റെ ഏറ്റവും പരമാവധി താപനില തോതിലേക്ക് അടുത്ത 20 വർഷത്തിനുള്ളിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു. മനുഷ്യരാശിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇതെന്ന് യുഎൻ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പും നൽകിയിരുന്നു.
കടപ്പാട്
മനോരമ ഓൺലൈൻ
Comments
Post a Comment