17 മാസം നീണ്ട യാത്രയ്ക്ക് വിരാമം; ലോകം ഉറ്റുനോക്കിയ മഹായാത്ര, ആനക്കൂട്ടം മടങ്ങുന്നത് വനത്തിലേക്ക്!
ലോകം ഉറ്റുനോക്കിയ മഹായാത്ര അവസാനിപ്പിച്ച് ആനക്കൂട്ടത്തിന്റെ മടക്കം.17 മാസത്തോളം നീണ്ടുനിന്ന യാത്രയ്ക്കാണ് ഇവ കാടു കയറുന്നതോടെ വിരാമമാകുന്നത്. വിവിധ പ്രായത്തിലുള്ള 14 അംഗങ്ങളാണ് ഇപ്പോൾ സംഘത്തിലുള്ളത്. കൃഷിയിടങ്ങളും തോട്ടങ്ങളും നശിപ്പിച്ച് ഒന്നര വർഷത്തോളമായി തുടരുന്ന യാത്ര അവസാനിപ്പിച്ച് യാത്ര തുടങ്ങിയ സിഷ്വങ്ബന്ന വന്യജീവിസങ്കേതത്തിലേക്കാണ് ഇവ മടങ്ങുന്നത്. വ്യവസായ, വിനോദ സഞ്ചാര മേഖലയായ കുൻമിങ്ങിനു സമീപം വരെ എത്തിയ ശേഷമായിരുന്നു മടക്കം. ഞായറാഴ്ച രാത്രിയോടെ യുവാൻജാങ് നദി കടന്ന ആനകൾ, യാത്ര തുടങ്ങിയ പ്രദേശത്തു നിന്നു 200 കിലോമീറ്റർ അകലെയാണ്. ഇവയുടെ സഞ്ചാരം നിരീക്ഷിക്കാൻ ഡ്രോണുകൾ ഉൾപ്പെടെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
യാത്രയിൽ ആനക്കൂട്ടത്തിനു തടസ്സം സൃഷ്ടിക്കാതിരിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനുമായി പ്രത്യേക താരയും ആഹാരവും സജ്ജമാക്കിയിട്ടുണ്ട്. നദി കടന്നതോടെ ആനകൾ സ്വാഭാവിക ജീവിതം സാധ്യമാകുന്ന സ്ഥലത്തേക്കാണ് എത്തുന്നത്. ഒരു വർഷം മുൻപാണ് 16 ആനകളുടെ കൂട്ടം യാത്ര തുടങ്ങിയത്. കാരണം വ്യക്തമല്ലാത്ത യാത്ര ലോകശ്രദ്ധയാകർഷിച്ചിരുന്നു. വടക്കോട്ട് 500 കിലോമീറ്ററിലധികമാണ് ഇവ പോയത്. തുടക്കത്തിലേ യാത്ര മതിയാക്കിയ 2 ആനയും കൂട്ടം തെറ്റിപ്പോയ കൊമ്പനും നേരത്തേ തന്നെ വനത്തിലേക്കു മടങ്ങിയിരുന്നു.
ലോകത്തെ മുഴുവൻ പിന്നാലെ നടത്തിച്ച ആനകൾ ഇതിനിടെ ഗുരുതര പരുക്കേറ്റ ഒരു കുട്ടിയാനയെയും ഉപേക്ഷിച്ചിരുന്നു. പരുക്കേറ്റ കുട്ടിയാനെ ഉപേക്ഷിച്ച് മറ്റ് ആനകൾ യാത്ര തുടരുകയായിരുന്നു. കുട്ടിയാനയുടെ കാലിനായിരുന്നു പരുക്ക്. കടുത്ത അണുബാധ കുട്ടിയാനയെ ബാധിച്ചിട്ടുണ്ടെന്നും വേണ്ട ചികിൽസ നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 180 കിലോഗ്രാം ഭാരമാണ് കുട്ടിയാനയക്കുള്ളത്.
ഇതിനോടകം കോടികളുടെ ചെലവാണ് അധികൃതർക്ക് ആനകളുടെ യാത്ര വരുത്തി വച്ചത്. പല പ്രതിസന്ധികൾ വന്നിട്ടും അംഗങ്ങൾ െകാഴിഞ്ഞുപോയിട്ടും പിൻമാറാതെ 15 ആനകൾ അടങ്ങിയ സംഘം യാത്ര തുടരുകയായിരുന്നു. വൻ അകമ്പടിയും സുരക്ഷയുമാണ് ആനകൾക്കു ചൈന നൽകിയത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ ഗ്രൂപ്പിനെയാണു നിയോഗിച്ചിരുന്നു. 76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചു.
ലോകമൊന്നാകെ ഉറ്റുനോക്കുകയായിരുന്നു ചൈനയിലെ അലഞ്ഞുതിരിയുന്ന ആനക്കൂട്ടത്തിന്റെ യാത്ര. ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും വാർത്തകളുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ലോകജനത കാത്തിരുന്നത്. ചൈന–മ്യാൻമർ അതിർത്തിയിലുള്ള, സിഷ്വങ്ബന്ന വന്യമൃഗസങ്കേതത്തിൽ നിന്നു 2020 മാർച്ചിലാണ് ആനക്കൂട്ടം യാത്ര തുടങ്ങിയത്.16 ആനകളാണ് തുടക്കത്തിൽ സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. 100 കിലോമീറ്റർ പിന്നിട്ടതോടെ രണ്ടുപേർ തിരിച്ചു പോയി. ബാക്കി 14 പേർ യാത്ര തുടർന്നു. ഇതിനിടയിൽ ഒരു പിടിയാന പ്രസവിച്ചതോടെ അംഗസംഖ്യ 15 ആയി മാറി.
3 കൊമ്പനാന, 6 പിടിയാന, 6 കുട്ടിയാന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 85 ലക്ഷം പേർ താമസിക്കുന്ന വൻനഗരമായ കുൻമിങ്ങിനു സമീപമെത്തിയശേഷം വന്നവഴിയിൽ തിരിച്ചു നടക്കുയായിരുന്നു ആനക്കൂട്ടം. കുൻമിങ്ങിൽ നിന്നു തെക്കുഭാഗത്തുള്ള യൂക്സി പട്ടണത്തിനു സമീപം ഷിജി ടൗൺഷിപ്പിലൂടെയായിരുന്നു ആനകളുടെ യാത്ര. ഇതുവരെ ഒരു മനുഷ്യനെ പോലും ഇവർ ആക്രമിച്ചിട്ടില്ല. ജനവാസമേഖലയിൽ പോലും വളരെ സമാധാനത്തോടെയാണ് ഇവയുടെ നടത്തം. സർക്കാർ തന്നെ ഇവർക്ക് വേണ്ട ഭക്ഷണവും വഴിയുെമാരുക്കി യാത്രയ്ക്ക് പിന്തുണയും നൽകി.
Image Credit: AP
ഇതുവരെ 500 കിലോമീറ്ററിലധികം ആനകൾ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ 100 കിലോമീറ്റർ പിന്നിട്ടതോടെയാണ് ഇവരുടെ യാത്ര സമൂഹമാധ്യമങ്ങളിൽ വലിയ സംഭവമായത്. കഴിഞ്ഞ ബുധനാഴ്ച യുനാന്റെ തലസ്ഥാന നഗരമായ കുൻമിങ്ങിലേക്ക് ഇവരെത്തിയതോടെ അധികാരികൾ ഉണർന്നു പ്രവർത്തിച്ചു. അധികം നാശനഷ്ടമുണ്ടാക്കാത്ത രീതിയിൽ ബ്ലോക്കുകളും മറ്റുമൊഴിവാക്കി ഇവർ യാത്ര ക്രമീകരിച്ചു. ചോളം, കടച്ചക്ക, വാഴപ്പഴം തുടങ്ങി 1200 കിലോ ഭക്ഷണം സർക്കാർ ദിനംപ്രതി ഇവർക്കായെത്തിക്കുന്നു. യുനാൻ മാത്രമല്ല, ബെയ്ജിങ് നേരിട്ടാണ് ഇവരുടെ സംരക്ഷണത്തിനുള്ള നിർദേശങ്ങൾ നൽകിയിരുന്നത്. എന്തു കൊണ്ടാകാം ആനകൾ കടിറങ്ങിയത് എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റമാകാം ആനകൾ കാടിറങ്ങിയതിനു പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം.
കടപ്പാട് : ഓൺലൈൻ മനോരമ.
Comments
Post a Comment