ശരീരത്തിൽ ആഴത്തിൽ മുറിവുകൾ; കൂറ്റൻ കരടിയെ കുത്തിവീഴ്ത്തി മലയാട്, ദാരുണാന്ത്യം!
യോഹോ ദേശീയ പാര്‍ക്കിലെ ബെര്‍ഗസ് പാസ്സ് മലയിടുക്കില്‍ നിന്ന് ഒരു കരടിയുടെ ജഡം കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കരടിയുടെ ജഡം കണ്ടെത്തിയ വനപാലകര്‍ ആദ്യം പാറയിടുക്കില്‍ നിന്ന് വീണ് ജീവനറ്റതാകാമെന്നായിരുന്നു കരുതിയത്. എന്നാല്‍ ശരീരത്തിലെ മുറിവുകളില്‍ നിന്ന് ജീവിയുടെ മരണം കുത്തേറ്റാണെന്ന് മനസ്സിലാക്കി. അമ്പെയ്തും കുന്തം കൊണ്ടും കരടിയെ വേട്ടയാടുന്നവര്‍ ഈ മേഖലയിലുണ്ട്. ഇവരെ ആദ്യം സംശയിച്ചുവെങ്കിലും അധികം വൈകാതെ തന്നെ കുറ്റവാളിയെ വനപാലകര്‍ തിരിച്ചറിഞ്ഞു.
കരടിയുടെ മരണം
സെപ്റ്റംബര്‍ 4 നാണ് ഈ കരടിയുടെ ജഡം കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമാണെന്ന ധാരണയില്‍ മൃതദേഹം മറവു ചെയ്യാനായിരുന്നു തീരുമാനം. സന്ദര്‍ശകര്‍ സ്ഥിരമായെത്താറുള്ള മേഖലയിലാണ് കരടിയുടെ ജഡം കണ്ടെത്തിയത്. കരടിയുടെ ജഡം ഭക്ഷിക്കാന്‍ ചെന്നായ്ക്കൾ ഇവിടേക്കെത്തിയാൽ അത് സന്ദര്‍ശകർക്ക് ഭീഷണിയാകും. ഇതൊഴിവാക്കാനാണ് കരടിയുടെ ജഡം വനത്തിൽ മറവുചെയ്യാൻ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കരയടിയുടെ ശരീരത്തിലെ പരുക്കുകളില്‍ അത് ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്നും തുടർന്നാകാം കരടിക്ക് ജീവൻനഷ്ടമായതെന്നുമുള്ള നിഗമനത്തിലെത്തിയത്.
പരിശോധനയില്‍ കഴുത്തിലും വയറിലും കരടിക്ക് മാരകമായ കുത്തേറ്റിട്ടുണ്ടെന്ന് മനസ്സിലായി. ഈ പരുക്കില്‍ നിന്ന് തന്നെയാണ് കൊലപാതകം നടത്തിയ ജീവിയേയും തിരിച്ചറിഞ്ഞത്. ഇതേ മേഖലയില്‍ കാണപ്പെടുന്ന മലയാടിന്‍റെ കൊമ്പായിരുന്നു മുറിവിനര കാരണം. ഇതോടെയാണ് മലയാടുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് കരടി മരണത്തിന് കീഴടങ്ങിയതെന്ന് തിരിച്ചറിഞ്ഞത്.
കരടിയുടെ വലുപ്പവും ഉയരക്കൂടുതലുമാകാം ഈ ജീവിക്ക് ആടുമായുള്ള ഏറ്റുമുട്ടലില്‍ വിനയായതെന്നാണ് നിഗമനം. സാധാരണ ഗതിയില്‍ കാര്യങ്ങള്‍ അനുകൂലമാക്കുന്ന ഈ ഘടകങ്ങള്‍ ചിലപ്പോഴെങ്കിലും വിനയായേക്കാം. ഉയര്‍ന്നുനിന്ന് ഇരകളെ ആക്രമിക്കുന്ന രീതിയാണ് കരടികള്‍ക്ക് പൊതുവെയുള്ളത്. പിൻകാലുകളിൽ ഉയര്‍ന്ന് നിന്ന് കൈകള്‍ കൊണ്ട് ഇരയെ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിലോ തലയിലോ കടിച്ച് ജീവനെടുക്കുന്നതാണ് ഇവയുടെ ശൈലി. ഇതേ രീതി തന്നെയാകും മലയാടിനോടും കരടി സ്വീകരിച്ചതെന്നു കരുതാം.
മലയാടുകളുടെ കരുത്ത്
പക്ഷേ മലയാടുമായുള്ള ഏറ്റുമുട്ടലില്‍ കരടിക്ക് വിനയായത് അവയുടെ കൂര്‍ത്ത് മുകളിലേക്കുയര്‍ന്ന് നില്‍ക്കുന്ന കൊമ്പുകളാണ്. കരടി ആക്രമിക്കാനായി എഴുന്നേറ്റ അവസരത്തില്‍ മലയാട് തലയുയര്‍ത്തി ആഞ്ഞ് കഴുത്തില്‍ കുത്തിയിരിക്കാമെന്നാണ് കരുതുന്നത്. മാനുകളും മറ്റും സാധാരണ പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുമ്പോള്‍ ആടുകള്‍ക്ക് പ്രതിരോധിക്കുകയാണ് പതിവ്. ഈ പ്രതിരോധിക്കാനുള്ള ശേഷി തന്നെയാകും സ്വന്തം ജീവന്‍ രക്ഷിക്കാനും കരടിയുടെ ജീവനെടുക്കാനും ആടിനെ സഹായിച്ചത്.
ഗ്രിസ്ലി കരടികളുടെ അതിര്‍ത്തിയില്‍ മലയാടുകളെ കണ്ട സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും ഈ ഏറ്റ് മുട്ടലുകളില്‍ കരടികള്‍ക്ക് മലയാടുകള്‍ ഇരയായി തീരാറാണ് പതിവ്. എന്നാല്‍ മുകളില്‍ പറഞ്ഞത് പോലെ സ്വയം പ്രതിരോധിക്കാനുള്ള കഴിവും അതിനുള്ള ശക്തിയും മലയാടുകൾക്കുണ്ട്. ഇക്കാരണം കൊണ്ട് തന്നെ അപൂര്‍വമായി ചിലപ്പോള്‍ കരടികള്‍ക്കും തിരിച്ചടി ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കരടികള്‍ കൊല്ലപ്പെടുന്നത് അത്യപൂര്‍വമാണ്.
പ്രകൃതിയിലെ ഡേവിഡ്-ഗോലിയാത്ത് പോരാട്ടങ്ങള്‍
ബൈബിളിലെ ഡോവിഡ്-ഗോലിയാത്ത് പോരാട്ടവും കരുത്തനും ഭീമാകാരനുമായ ഗോലിയാത്തിനെ ശരീരപ്രകൃതിയില്‍ ചെറുതായ ഡേവിഡ് പരാജയപ്പെടുത്തിയ കഥയും പ്രശസ്തമാണ്. സമാനമായ സ്ഥിതി പ്രകൃതിയിലും പലപ്പോഴും കാണാറുണ്ട്. കരടി - ആട് പോരാട്ടവും ആടിന്‍റെ വിജയവും ഇതിന് ഉദാഹരണമാണ്. സമാനമായ സ്ഥിതി ഒരു വര്‍ഷം മുന്‍പ് ഒരു താറാവ് കുഞ്ഞും പരുന്തും തമ്മിലുള്ള ഏറ്റുമുട്ടലിലും സംഭവിച്ചിരുന്നു. തടാകത്തില്‍ നീന്തുകയായിരുന്ന താറാവിനെ പരുന്ത് റാഞ്ചാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്. റാഞ്ചാനുള്ള ശ്രമത്തില്‍ താറാവിന്‍റെ കൊത്തേറ്റ് പരുന്തിന് സാരമായ പരുക്കു പറ്റുകയായിരുന്നു. വൈകാതെ തടാകത്തില്‍ തന്നെ ഈ പരുന്ത് ചത്തുവീഴുകയും ചെയ്തു. വൈകാതെ പരിശോധനയില്‍ താറാവ് കുഞ്ഞിന്‍റെ കൊക്ക് പരുന്തിന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയതാണെന്ന് വ്യക്തമായി.
Comments
Post a Comment