മൂന്നാറിലേക്ക് എത്തുന്നു, ഹരിത ഇടനാഴി; സഞ്ചാരികൾക്കായി കാത്തിരിപ്പ്
മൂന്നാറിലേക്ക് എത്തുന്നു, ഹരിത ഇടനാഴി; സഞ്ചാരികൾക്കായി കാത്തിരിപ്പ്

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് ഹരിത ഇടനാഴി യാഥാർഥ്യമാകുന്നു. മൂന്നാറിന്റെ ചുറ്റുപാടുമുള്ള പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഹരിത കേരള മിഷൻ ആണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഗ്രാമപ്പഞ്ചായത്തിനാണ് നടത്തിപ്പുചുമതല. മൂന്നാറിലേക്ക് സഞ്ചാരികൾ കടന്ന് വരുന്ന സമീപ പഞ്ചായത്തുകളായ അടിമാലി, പള്ളിവാസൽ, ദേവികുളം, ചിന്നക്കനാൽ, വെള്ളത്തൂവൽ, ശാന്തമ്പാറ, മറയൂർ എന്നിവയാണ് സർക്യൂട്ടിൽ ഉൾപ്പെടുന്ന മറ്റു പഞ്ചായത്തുകൾ.
വഴിയോര മാലിന്യ നിക്ഷേപം നിയന്ത്രിക്കുക, ടൂറിസം കേന്ദ്രങ്ങളെ പരിസ്ഥിതിസൗഹൃദമാക്കുക, പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലാതിർത്തിയായ നേര്യമംഗലം മുതൽ പഞ്ചായത്ത് അതിർത്തികളിൽ ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് കുടുംബശ്രീയുടെ സഹകരണത്തോടെ ഹരിതകർമസേനയെ വിന്യസിക്കും. മൂന്നാർ പഞ്ചായത്തിൽ പഴയ മൂന്നാർ ഹെഡ്‌വർക്സ് ഡാമിനു സമീപവും ചട്ടമൂന്നാറിലുമാണു ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നത്.
ദേവികുളം പഞ്ചായത്തിന്റെ ചെക്പോസ്റ്റ് ദേശീയപാത 85 ൽ ലോക്‌ഹാർട് ഭാഗത്തായിരിക്കും. വിനോദസഞ്ചാരികൾ എത്തുന്ന വാഹനങ്ങളിൽ നിന്ന് നിശ്ചിത തുക ഈ ചെക്പോസ്റ്റിൽ യൂസർ ഫീസായി ഈടാക്കും. ഈ വാഹനങ്ങളിലുള്ളവർ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നുണ്ടോ എന്നു ഹരിത കർമസേന നിരീക്ഷിക്കും. മാലിന്യം തള്ളൽ ശ്രദ്ധയിൽ പെട്ടാൽ അവരിൽ നിന്ന് പിഴ ഈടാക്കും. യൂസർ ഫീസ് എത്രയെന്ന് തീരുമാനമായിട്ടില്ലെന്നു മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ അറിയിച്ചു.
വിനോദസഞ്ചാരികളുടെ വാഹനങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉണ്ടെങ്കിൽ അവ തരം തിരിച്ച് ഹരിത കർമസേനയ്ക്കു ചെറിയ തുക ഫീസ് നൽകി കൈമാറാം. സംസ്ഥാനത്ത് വാഗമൺ ഉൾപ്പെടുന്ന ഏലപ്പാറ പഞ്ചായത്തിലാണ് പൈലറ്റ് പദ്ധതി എന്ന നിലയിൽ ഹരിത ചെക്പോസ്റ്റ് ആദ്യമായി സ്ഥാപിച്ചത്. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തുകൾ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയും പദ്ധതിയിൽ പങ്കാളികളാണ്.
യുഎൻഡിപിയുടെ പിന്തുണയും ഇതിനുണ്ടാകും. മൂന്നാറിൽ നടന്ന ആലോചനാ യോഗത്തിൽ സബ്കലക്ടർ എസ്.പ്രേംകൃഷ്ണ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കുര്യാക്കോസ്, ശുചിത്വ കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ജി.എസ്.മധു, ക്ലീൻ കേരള പദ്ധതി മാനേജർ ശ്രീജിത്, യുഎൻഡിപി സംസ്ഥാന കോഓർഡിനേറ്റർ അരുൺ രാമചന്ദ്രൻ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴി, വൈസ് പ്രസിഡന്റ് മാർഷ് പീറ്റർ, സെക്രട്ടറി അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment